നിയമസഭ കയ്യാങ്കളി കേസിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. കേസ് സ്റ്റേ ചെയ്യാതെ സുപ്രീം കോടതി

Print Friendly, PDF & Email

കെഎം മാണി ധനമന്ത്രിയായിരിക്കെ സംസ്ഥാന ബഡ്‌ജറ്റ് തടസപ്പെടുത്താനുള‌ള പ്രതിപക്ഷ ശ്രമത്തെ തുടർന്നുണ്ടായ നിയമസഭാ കൈയാങ്കളി കേസ് പിൻവലിക്കാൻ സംസ്ഥാന സർക്കാരിനാകില്ലെന്ന് സുപ്രീംകോടതി. കേസിന്‍റെ വിചാരണ അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന കേരള സര്‍ക്കാരിന്റെ ആവശ്യം നിക്ഷേധിച്ച ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് എം.ആര്‍. ഷാ എന്നിവരടങ്ങിയ ബഞ്ച് കൂടുതല്‍ വാദം കേള്‍ക്കുവാനായി അടുത്ത 15-ാം തീയതിയിലേക്ക് മാറ്റിവച്ചു. സുപ്രിം കോടതിയുടെ ഈ തീരുമാനം സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്.

മാപ്പർഹിക്കാത്ത പെരുമാറ്റമാണ് സഭയിൽ എം‌എൽഎമാരിൽ നിന്നും ഉണ്ടായതെന്ന് നിരീക്ഷിച്ച കോടതി മൈക്ക് ഊരിയെറിഞ്ഞ എംഎൽ‌എമാര്‍ വിചാരണ വിചാരണ നേരിടുക തന്നെ വേണമെന്നു പറഞ്ഞു. കേസ് പിൻവലിക്കാൻ സംസ്ഥാന സർക്കാരിന് കഴിയില്ലെന്ന് അറിയിച്ച കോടതി എല്ലാ രേഖകളും പരിശോധിക്കണമെന്നും കേരളാ നിയമസഭയിൽ നടന്നത് പോലെ പാർലമെന്റിലും നടക്കുന്നുണ്ടെന്നും ഇതിലൊരു തീരുമാനമെടുക്കേണ്ടതുണ്ടെന്നും കോടതി അറിയിച്ചു.

എന്നാൽ അഴിമതി നടത്തിയ മന്ത്രിക്കെതിരെയുള്ള പ്രതിഷേധമാണ് നിയമസഭയിൽ നടന്നതെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. അന്നത്തെ ധനകാര്യമന്ത്രിക്കെതിരെയുള്ള പ്രതിഷേധമായിരുന്നു സഭയിൽ ഉണ്ടായത്. പ്രതിഷേധിക്കാൻ അംഗങ്ങൾക്ക് അവകാശമുണ്ടെന്നും സർക്കാർ കോടതിയിൽ വാദിച്ചു. എല്‍ഡിഎഫില്‍ തന്നെ കോളിളക്കം ഉണ്ടാക്കുവാന്‍ പോന്ന ഈ വാദമുഖത്തിനെതിരെ ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തില്‍ പ്രതിക്ഷേധം ഉയര്‍ന്നിരിക്കുകയാണ്.

നിയമസഭ കയ്യാങ്കളി കേസ് തീർപ്പാക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. പ്രതികൾ വിചാരണ നേരിടണമെന്ന കേരള ഹൈക്കോടതി വിധിക്കെതിരെയാണ് സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാർ എത്തിയത്. സ്പീക്കറുടെ അനുമതിയില്ലാതെ കേസെടുക്കാനാകില്ലെന്നും നയപരമായ തീരുമാനത്തിൽ കോടതി ഇടപെടരുത് എന്നുയിരുന്നു സംസ്ഥാന സർക്കാരിന്റെ പ്രധാന വാദം. കേസിലെ പ്രതികളായ വി ശിവൻകുട്ടി, ഇ പി ജയരാജൻ, കെടി ജലീൽ എന്നിവരും ഇതേ ആവശ്യവുമായി കോടതിയെ സമീപിച്ചിട്ടുണ്ട്.

  •  
  •  
  •  
  •  
  •  
  •  
  •