വനം കൊള്ളക്ക് ഉത്തരവിട്ടത് റവന്യൂ മന്ത്രിയായിരുന്ന ഇ ചന്ദ്രശേഖരൻ. രേഖകള്‍ പുറത്ത്.

Print Friendly, PDF & Email

വ്യാപകമായ മരം മുറിക്കലിനു അനുവാദം നല്‍കിയും തടയുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെക്കണമെന്നും ആവശ്യപ്പെട്ട് ഉത്തരവിറക്കിയത് അന്നത്തെ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ. മരംമുറി ഉത്തരവുമായി ബന്ധപ്പെട്ടുള്ള ഫയലുകളുടെ പകർപ്പ് പുറത്തുവന്നു. ഉത്തരവിറക്കാന്‍ റവന്യൂ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയത് മന്ത്രിയാണെന്ന് വ്യക്തമാകുന്ന തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. രാജകീയ മരങ്ങള്‍ മുറിക്കാന്‍ പാടില്ലെന്ന ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പു അവഗണിച്ചാണ് മന്ത്രി ഉത്തരവിറക്കിയതെന്ന് ഇതോടെ വ്യക്തമാവുകയാണ്.

2020 ഒക്ടോബര്‍ അഞ്ചിന് ചന്ദ്രശേഖരന്‍ നല്‍കിയ കുറിപ്പാണ് പുറത്തുവന്നിരിക്കുന്നത്. രാജകീയ മരങ്ങള്‍ മുറിക്കാനാവില്ലെന്ന നിയമവ്യവസ്ഥ മറികടക്കാനാണ് ഉത്തരവിറക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഉത്തരവില്‍ മരങ്ങള്‍ മുറിക്കുന്നതിന് ആരുടെയും അനുവാദം വാങ്ങേണ്ട ആവശ്യമില്ലെന്നും മരംമുറി തടയുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണമെന്നും നിര്‍ദേശമുണ്ട്.

റവന്യൂ പട്ടയഭൂമിയിലെ മരംമുറിക്കുന്നതിന് നിയമവകുപ്പിന്റെയും അഡീഷണല്‍ എജിയുടെയും ഉപദേശം വാങ്ങിവേണം ഉത്തരവിറക്കാന്‍ എന്ന് വ്യക്തമാക്കിയിട്ടുളള മന്ത്രിതന്നെയാണ് ഉത്തരവിന് സമ്മര്‍ദം ചെലുത്തിയിരിക്കുന്നത്. ഇക്കാര്യത്തില്‍ മന്ത്രി നിയമോപദേശം പോലും തേടിയിട്ടില്ല ഇക്കാര്യത്തില്‍ മന്ത്രി നിയമോപദേശം പോലും തേടിയിട്ടില്ല എന്നതാണ് വിരോധാഭാസം.

2019 സെപ്റ്റംബറില്‍ റവന്യൂമന്ത്രിയുടെ നേതൃത്വത്തില്‍ ഒരു യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലും വനംവകുപ്പ് രാജകീയ മരങ്ങള്‍ മുറിക്കാന്‍ സാധിക്കില്ലെന്ന നിലപാട് ആവര്‍ത്തിക്കുകയാണ് ചെയ്തത്. തുടര്‍ന്ന് പ്രസ്തുതയോഗത്തില്‍ തന്നെയാണ് പട്ടയം ലഭിച്ച കര്‍ഷകര്‍ നട്ടുവളര്‍ത്തിയ മരങ്ങള്‍ മുറിക്കുന്നതിനുളള ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യാനുളള തീരുമാനം എടുക്കുന്നത്.

മരംമുറിയുമായി ബന്ധപ്പെട്ട ഉത്തരവുകളെല്ലാം ഇറക്കിയത് ഉദ്യോഗസ്ഥരായിരുന്നു എന്നതായിരുന്നു ഇതുവരെ പുറത്ത് വന്ന വിവരം. എന്നാൽ വിവരാവകാശ പ്രകാരം പുറത്ത് വന്ന രേഖയിൽ മന്ത്രിയുടെ നിർദേശം ഉൾപ്പെടുത്തിയ ഉത്തരവാണ് ഉദ്യോഗസ്ഥർ പുറത്തിറക്കിയതെന്ന് വ്യക്തമാകുന്നു.

മരംമുറിയുമായി ബന്ധപ്പെട്ട് കർഷകർ സമർപ്പിച്ച അപേക്ഷകൾ പരിഗണിച്ച് തീരുമാനമെടുക്കുന്നതിന് വിവിധ തലങ്ങളിൽ യോഗങ്ങൾ ചേർന്നിരുന്നു. ഈ യോഗങ്ങളിലെല്ലാം ഈട്ടി, തേക്ക്, കരിമരം എന്നിവ മുറിക്കാൻ പാടില്ലെന്ന് ഉദ്യോഗസ്ഥർ നിലപാടെടുത്തിരുന്നു. എന്നാൽ ചന്ദനമൊഴികെയുള്ള എല്ലാ മരങ്ങളും മുറിക്കാമെന്ന നിലപാടെടുത്തത് ഇ.ചന്ദ്രശേഖരനാണ്. ഇത്തരത്തിൽ മരംമുറിക്കുമ്പോൾ അതിനെതിരെ അനാവശ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി കർഷകരുടേയും സാധരണക്കാർക്കും തടസം നിൽക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്നും, അതുമായി ബന്ധപ്പെട്ട ദുർവ്യാഖ്യാനങ്ങളോ വിവാദ ഉത്തരവുകളോ പാടില്ലെന്നും മന്ത്രി നിർദേശിച്ചിരുന്നു. ഈ നിർദേശമടങ്ങിയ കുറിപ്പാണ് റവന്യൂ ഉദ്യോഗസ്ഥർ ഉത്തരവായി ഇറക്കിയത്.

കര്‍ഷകരെ സഹയിക്കുവാനായി എല്ലാ വശങ്ങളും പരിശോധിച്ചാണ് മരം മുറി ഉത്തരവ് ഇറക്കിയതെന്ന് മുൻ റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ പറയുന്നു. താന്‍ ഉത്തരവിന്റെ ഉത്തരവാദിത്വത്തിൽ ഉറച്ചു നിൽക്കുന്നു. എന്നാല്‍, രാജകീയ മരങ്ങൾ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കൃഷിക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തിൽ ഉദ്യോഗസ്ഥർ ഇടപെടരുതെന്നാണ് റവന്യു സെക്രട്ടറി ഉത്തരവ്. ഒരു സമ്മർദ്ദത്തിൻ്റെയും അടിസ്ഥാനത്തിലല്ല ഉത്തരവിറക്കിയത്. ഉത്തരവിറങ്ങിയ ശേഷം റവന്യൂ ഉദ്യേഗസ്ഥർ തടസമുണ്ടാക്കരുതെന്ന നിർദേശമാണ് നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.