ചൈനയിലെ 15 ആനകളുടെ ‘ലോങ് മാർച്ചി’നു പിറകെ ലോകം.
ചൈനയിലെ 15 ആനകളുടെ ‘ലോങ് മാർച്ചി’നു പിറകെയാണു ലോകം. 2020 മാർച്ചിൽ തുടങ്ങിയ ‘ലോങ് മാർച്ച്’ ഇതിനകം പിന്നിട്ടത് 500 കിലോമീറ്റർ. എങ്ങോട്ടാണവരുടെ യാത്രയെന്നോ എന്താണു ദീർഘയാത്രയ്ക്കിടയാക്കിയതെന്നോ ഇതുവരെ ശാസ്ത്രലോകത്തിനു കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.ലോകത്തു തങ്ങളെ പറ്റി നടക്കുന്ന ചൂടേറിയ ചർച്ചകളറിയാതെ, പരക്കുന്ന അഭ്യൂഹങ്ങളറിയാതെ ആനക്കൂട്ടം നടക്കുകയാണ്. കാടും , മേടും , ഗ്രാമവും , നഗരവും കടന്ന്.ലോകം ഉറ്റുനോക്കുന്നതു ഗൗനിക്കാതെ തലയുയർത്തിപ്പിടിച്ച്, ആനച്ചന്തത്തോടെ അവർ നടന്നു കയറിയതാകട്ടെ ലോകത്തിന്റെ ഹൃദയത്തിലേക്കും.

ചൈന–മ്യാൻമർ അതിർത്തിയിലുള്ള, ഷിസുവാൻബന്നയിലെ സംരക്ഷിത വനമേഖലയിൽനിന്ന് 2020 മാർച്ചിലാണു 15 ആനകൾ വടക്കു ഭാഗത്തേക്കു യാത്ര തുടങ്ങിയത്. ഇവിടം വിട്ടുപോകാൻ കാരണമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. യാത്ര 100 കിലോമീറ്റർ പിന്നിട്ട ശേഷം, ഏപ്രിലിലാണു ചൈനതന്നെ ‘ലോങ് മാർച്ച്’ ശ്രദ്ധിച്ചു തുടങ്ങിയത്. ‘ആന മാർച്ചിന്റെ’ ആകാശദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വന്നതോടെയാണു കൗതുകവും , ആശങ്കയുമുയർത്തിയ സവാരിയുടെ കഥ പുറംലോകമറിഞ്ഞത്. മുതിർന്ന 6 പെണ്ണും , 3 ആണും , 6 കുട്ടികളുമടങ്ങിയതായിരുന്നു ആനക്കൂട്ടം.കാടും നാടും റോഡും എന്തിന് വീട് പോലും ആനക്കൂട്ടത്തിനൊരു പ്രശ്നമായില്ല. ചൈനയിലെ തിരക്കുള്ള നഗരങ്ങളിൽ പോലും ആരെയും കൂസാതെ ആനക്കൂട്ടം ട്രെക്കിങ് തുടർന്നു.ജനവാസകേന്ദ്രങ്ങളിലെത്തി സ്വന്തം വീടുപോലെ കിട്ടുന്നതെല്ലാം എടുത്ത് തിന്നും കുടിച്ചുമാണ് നടത്തം. ആനക്കൂട്ടം സഞ്ചരിച്ച വഴികളെല്ലാം ഏതാണ്ട് ‘കാട്ടാന കരിമ്പിൻ തോട്ടത്തിൽ കയറി’ എന്ന പോലെ ആയിട്ടുണ്ട്.

ജൂൺ ആദ്യവാരം ലഭിച്ച റിപ്പോർട്ട് പ്രകാരം യുന്നാൻ പ്രവിശ്യയുടെ തലസ്ഥാനമായ കുൻമിങ്ങിന്റെ പരിസരത്താണ് ആനക്കൂട്ടമിപ്പോൾ . 70 ലക്ഷം പേർ പാർക്കുന്ന നഗരമാണു കുൻമിങ്. ജനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാക്കാതെ ആനക്കൂട്ടത്തെ വഴിതിരിച്ചു വിടാനുള്ള ശ്രമം നടക്കുന്നുണ്ട്. കുൻമിങ്ങിലും സമീപത്തെ യുക്സിയിലുമായി 700 പൊലീസുകാരെ പ്രത്യേകമായി വിന്യസിച്ചു.പൈനാപ്പിൾ, ചോളം തുടങ്ങി 10 ടൺ തീറ്റ നഗരപ്രാന്തത്തിലിട്ട് ആനക്കൂട്ടത്തെ വഴിതിരിച്ചു വിടാനാണു കുൻമിങ്ങിൽ ശ്രമം നടക്കുന്നത്. ഇത്തരത്തിൽ, ഇക്കഴിഞ്ഞ 15 മാസത്തിനിടെ 2 ലക്ഷം ടൺ തീറ്റ സാധനങ്ങളാണ് ആനക്കൂട്ടത്തെ വഴിതിരിച്ചു വിടാൻ വിവിധ സ്ഥലങ്ങളിലിട്ടു കൊടുത്തത്. അടുത്ത രാജ്യാന്തര ജൈവവൈവിധ്യ കൺവൻഷനു വേദിയാകാനിരിക്കുന്നതും കുൻമിങ്ങാണ്. മനുഷ്യരും, മൃഗങ്ങളും തമ്മിലുള്ള സംഘർഷം സംബന്ധിച്ച ചർച്ചകൾ ഉൾപ്പെടെയാണ് ഈ സമ്മേളനത്തിൽ നടക്കുക.

വൻ അകമ്പടിയും , സുരക്ഷയുമാണ് ആനകൾക്കു ചൈന നൽകുന്നത്. അടിയന്തര സാഹചര്യങ്ങൾ നേരിടാനായി 410 അംഗ സുരക്ഷാ ഗ്രൂപ്പിനെയാണു നിയോഗിച്ചിരിക്കുന്നത്. 76 കാറുകളും , 9 ഡ്രോണുകളും ആനകളുടെ നീക്കം സദാസമയവും നിരീക്ഷിക്കുന്നു. ഒരു നേരം 8 പേരെയെങ്കിലും ഉറപ്പാക്കി, 24 മണിക്കൂറും നിരീക്ഷണത്തിനായി നിയോഗിച്ചിട്ടുണ്ട്.ചൈനയിലെ ഒട്ടേറെ സിസിടിവി ക്യാമറകളിലും ആനകളുടെ നീക്കം സംബന്ധിച്ച കൗതുകം നിറഞ്ഞ ചിത്രങ്ങൾ പതിഞ്ഞിട്ടുണ്ട്. ഇവയും ചൈനീസ് സമൂഹമാധ്യമമായ വെയ്ബോയിൽ സൂപ്പർ ഹിറ്റാണ്. യുട്യൂബിലും ആന വിഡിയോകൾ ഒട്ടേറെ.

വംശനാശഭീഷണി നേരിടുന്നതിനാൽ ഏഷ്യൻ ആനകൾക്ക് എ ലെവൽ സംരക്ഷണമാണു ചൈനയിലുള്ളത്. ആനകളുടെ യാത്ര പൂർണമായി തടയാതെ, ജനവാസ കേന്ദ്രങ്ങളിൽ കടക്കാതെ നോക്കുകയാണ് ചൈനീസ് അധികൃതർ. ഇതിനായി, വലിയ ലോറികളും , മണ്ണുമാന്തികളുമൊക്കെ വഴിയിൽ തടസ്സങ്ങളായി വയ്ക്കുന്നുണ്ട്. ആനയെ ആകർഷിക്കുന്ന ചോളമോ , ഉപ്പോ വീടിനു പുറത്തു വയ്ക്കരുതെന്ന് അധികൃതർ ജനങ്ങൾക്കു നിർദേശം നൽകി.പടക്കം പൊട്ടിച്ചോ , വലിയ ശബ്ദമുണ്ടാക്കിയോ ഇവയെ പരിഭ്രാന്തരാക്കി ഓടിക്കരുതെന്നും നിർദേശമുണ്ട്. ഭക്ഷണത്തിനായി വീടുകളിലും കൃഷിയിടങ്ങളിലും മാത്രമല്ല, കാർ ഡീലർ ഷോറൂമിലും , വയോജന കേന്ദ്രത്തിലും വരെ ആനക്കൂട്ടം എത്തിയിരുന്നു. ഇതുവരെ ആരെയും ഉപദ്രവിച്ചതായി റിപ്പോർട്ടില്ലെങ്കിലും ആനസവാരി ഇതിനകം 8 കോടിയോളം രൂപയുടെ നഷ്ടമുണ്ടാക്കിയതായാണു ചൈന ഔദ്യോഗികമായി നൽകുന്ന വിവരം.

ആനകളുടെ സഞ്ചാരത്തെ പറ്റിശാസ്ത്രജ്ഞർ പലതട്ടിലാണ്. ആർക്കും വ്യക്തമായ നിഗമനത്തിലെത്താൻ കഴിഞ്ഞിട്ടില്ല. ഷിസുവാൻബന്നയിലെ സംരക്ഷിത വനമേഖലയിൽ, തീറ്റ കുറഞ്ഞതോടെ കാടു വിട്ടു പുതിയ മേച്ചിൽപുറങ്ങൾ തേടിയതാകാമെന്നാണ് ഒരു നിഗമനം. പുറത്തേക്കിറങ്ങിയ ആനക്കൂട്ടത്തിനു വഴി തെറ്റിയതോടെ യാത്ര തുടരുന്നതാകാമെന്നും അവർ പറയുന്നു. കുടുംബ ജീവിതവും കൂട്ടംകൂടിയുള്ള ജീവിതവും ഇഷ്ടപ്പെടുന്ന ആനകൾ, നേതാവിനെ നഷ്ടപ്പെട്ടാലും ഇതുപോലെ അലയാറുണ്ടെന്നു ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു. എന്തായാലും യാത്രയ്ക്കിടയാക്കിയ കാരണം അവ്യക്തമാണ്. സംരക്ഷിത വനപ്രദേശത്തു ജീവിച്ചിരുന്ന ആനകളാണ് ഇപ്പോൾ ‘നാടു ചുറ്റാൻ’ ഇറങ്ങിയിരിക്കുന്നത്. ഒരുപക്ഷേ ചൈനയിൽ സംരക്ഷിത മേഖലയിൽ പോലും അനധികൃത കടന്നുകയറ്റം ഉണ്ടായിട്ടുണ്ടാകാമെന്നും ഈ ലോങ് മാർച്ചിനു കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.ആനകളുടെ ദേശാടനമല്ല ഇതെന്ന് ഐയുസിഎൻ (ഇന്റർനാഷനൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ) എന്ന സംഘടന പറയുന്നു.

ശാസ്ത്രജ്ഞരുടെ ഇടയിൽ വ്യാപകമായ ചർച്ച നടക്കുന്നുണ്ടെങ്കിലും കൃത്യമായ കാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മുൻപ് ഇന്ത്യയിൽ കർണാടകയിൽനിന്നു , മഹാരാഷ്ട്രയിലേക്കും തമിഴ്നാട്ടിൽനിന്ന് ആന്ധ്രയിലേക്കും വർഷങ്ങൾക്കു മുൻപ് ആനക്കൂട്ടം യാത്ര ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്.ആനക്കൂട്ടത്തിനു ലക്ഷ്യമുണ്ടോയെന്നു പോലും വ്യക്തമാകാത്ത സ്ഥിതിക്ക്, മടക്കയാത്രയെ പറ്റി ഇപ്പോൾ ഒന്നും പറയാനാവില്ലെന്നാണു ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നത്. ദീർഘയാത്ര നടത്തിയ ആനക്കൂട്ടങ്ങളൊന്നും മടക്കയാത്ര നടത്തിയിട്ടില്ലെന്നും എത്തിയ സ്ഥലത്തു കഴിയുകയോ നശിക്കുകയോ ചെയ്തതായാണു ചരിത്രമെന്നും അവർ പറയുന്നു. അതേസമയം, ആനക്കൂട്ടം കഴിഞ്ഞദിവസം യാത്ര ചെയ്തതു തെക്കോട്ടാണെന്നും മടക്കവഴിയിലാകാനിടയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. 15 ആനകളുള്ളതിനാൽ, പൂർണമായി തടഞ്ഞു നിർത്തി, മയക്കുവെടി വച്ച ശേഷം വാഹനത്തിൽ കയറ്റി തിരിച്ചെത്തിക്കുക എന്നതും പ്രയാസമാണ് . ഇത്തരം നടപടി ആനക്കൂട്ടത്തെ പരിഭ്രാന്തിയിലാക്കാനും നാശനഷ്ടങ്ങൾക്കിടയാക്കാനും സാധ്യതയുണ്ട്.

ലോകശ്രദ്ധതന്നെ പതിഞ്ഞ വിഷയമായതിനാൽ, ഭരണകൂടത്തിനു നാണക്കേടുണ്ടാക്കുന്ന നടപടികൾ തീരെ പാടില്ലെന്നായിരിക്കാം നിർദേശം. അതുകൊണ്ടുതന്നെ, നാശനഷ്ടങ്ങൾ പരമാവധി ഒഴിവാക്കാനുള്ള നടപടികളുമായി ആനക്കൂട്ടത്തിനൊപ്പം നടക്കുകയാണു ചൈനീസ് ഉദ്യോഗസ്ഥർ. ഏഷ്യൻ ആനകൾ നേരിടുന്ന വംശനാശ ഭീഷണിയും ഇതോടൊപ്പം ചർച്ചയായിട്ടുണ്ട്. 1986 മുതൽ, അതീവ വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളെ ഉൾപ്പെടുത്തിയിട്ടുള്ള ‘റെഡ് ലിസ്റ്റി’ലാണ് ഏഷ്യൻ ആനകളുടെ സ്ഥാനം.ചൈനയിലാകട്ടെ കാട്ടാനകളുടെ ആകെ എണ്ണം 200–250 എന്ന തോതിലുമാണ്. ഏഷ്യൻ വൻകരയിൽ നിലവിൽ അരലക്ഷത്തോളം ആനകളുണ്ടെന്നാണു കരുതുന്നത്. അതിലേറെയും ഇന്ത്യയിലും.15 ആനകളാണിപ്പോൾ സംഘത്തിലുള്ളത്. 2020 മാർച്ചിൽ 16 ആനകൾ യാത്ര പുറപ്പെട്ടതായും നവംബറിൽ യുനാനിലെ വനത്തിൽ വച്ച് ഇതിൽ ഒരു ആന പ്രസവിച്ചതായും 5 മാസം ഇവിടെ കഴിഞ്ഞ ശേഷം ഏപ്രിൽ 16നു യാത്ര തുടരുകയായിരുന്നുവെന്നും ചൈനയിലെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യാത്ര പുനഃരാരംഭിച്ച് ഒരാഴ്ച പിന്നിട്ടപ്പോൾ, 2 ആനകൾ കൂട്ടം വിട്ടുപോയതായും പറയുന്നു. മറ്റൊരു കൊമ്പനാന 4 കിലോമീറ്റർ പിറകിലായാണിപ്പോഴുള്ളതെന്നും റിപ്പോർട്ടുണ്ട്. തിരക്കേറിയ റോഡുകൾ വരെ മുറിച്ചു കടക്കുന്ന ആനകളുടെ വിഡിയോകളും ഇതിനോടകം വൈറലാണ്.
ആനക്കൂട്ടം യാത്രയ്ക്കിടെ കഴിഞ്ഞ തിങ്കളാഴ്ച ഷിയാങ് വനമേഖലയിൽ വിശ്രമിക്കുന്ന ചിത്രം ലോകശ്രദ്ധ ആകർഷിച്ചിരുന്നു. ആനക്കൂട്ടം കിടന്നുറങ്ങുന്നൊരു ചിത്രം സോഷ്യൽ മീഡിയയുടെ ഹൃദയം കീഴടക്കിക്കഴിഞ്ഞു.ചൈനയിലെ കുമിങ്ങ് കാടിനുള്ളിൽ നടന്നു തളർന്ന് ആനക്കൂട്ടം നീണ്ടുനിവർന്ന് ബോധം കെട്ടുറങ്ങുന്നതിന്റെ ഡ്രോൺ ദൃശ്യങ്ങളാണ് പുറത്തുവന്നത്. കൂട്ടത്തിലെ കുട്ടികൾ ചാടി പോകാതിരിക്കാനായി അവരെ നടുക്കുകിടത്തി ചുറ്റിനും കിടന്നുറങ്ങുകയാണ് മറ്റ് ആനകൾകനത്ത മഴയെത്തുടർന്നു യാത്രയ്ക്കു വേഗം കുറഞ്ഞതോടെയാണ് ആനക്കൂട്ടം വിശ്രമിച്ചതെന്നാണു നിഗമനം. 15 മാസത്തെ യാത്രയ്ക്കിടെ ആനക്കൂട്ടം വിശ്രമിക്കുന്നതിന്റെ ചിത്രം ആദ്യമായാണു പ്രസിദ്ധീകരിക്കുന്നത്. ആനക്കൂട്ടത്തിന്റെ യാത്ര, ചൈനീസ് ദൃശ്യമാധ്യമങ്ങൾ മുഴുവൻ സമയവും സംപ്രേഷണം ചെയ്യുന്നുണ്ട്. ആന ഉറങ്ങുന്നതു കാണണോയെന്ന ചോദ്യത്തോടെയാണു ചിത്രങ്ങൾ ലോകമെമ്പാടും പടർന്നത്. ചൈനമാത്രമല്ല ലോകം മുഴുവനും ഈ പുറപ്പെട്ട് പോക്ക് എങ്ങോട്ടാണെന്നറിയാനുള്ള ആകാംഷയിലാണ്..