സിസ്റ്റര്‍ ലൂസി മൂലം പുലിവാല് പിടിച്ചത് സഭാ നേതൃത്വം

Print Friendly, PDF & Email

എഫ്സിസി(FCC) മഠത്തിലെ സുപ്പീരിയറും സഭാ നേതൃത്വവും പുലിവാലു പിടിച്ചിരിക്കുകയാണ്. സി. ലൂസി മറ്റു പലരെയും പോലെ ഒരു സ്ഥിരം തലവേദനയായപ്പോഴാവണം നടപടികൾ എടുക്കാൻ അധികൃതർ തീരുമാനിച്ചത്. കവിതയെഴുതിയതും, ഡ്രൈവിങ് പഠിച്ചതുമൊന്നും സാങ്കേതികമായി തെറ്റല്ലെങ്കിലും അങ്ങനെയൊരു സ്വാതന്ത്ര്യം അംഗങ്ങൾക്ക് കൊടുത്തൊരു പാരമ്പര്യം ഒരു സഭാ സംവിധാനത്തിനുമില്ല. ഈ കേസിൽ, ഫ്രാങ്കോ മെത്രാനെതിരെ സി. ലൂസി ശബ്ദമുയർത്തിയത് പ്രധാനകാരണമായി മഠം കാണിച്ചിടത്താണ് ഒന്നാമത്തെ പ്രശ്നം. കോടതി വിധികളുടെ അടിസ്ഥാനത്തിൽ പോലീസ് പ്രൊട്ടക്ഷനിൽ കഴിയുന്ന സി. ലൂസിക്ക് ഒഴിയൽ നോട്ടീസ് കൊടുത്ത സുപ്പീരിയർ ഇനി കോടതിയിലേക്കു പോകേണ്ടിവരും – അത് രണ്ടാമത്തെ പ്രശ്‍നം. മുൻ ഹൈക്കോടതി ജഡ്ജിയുടേതുൾപ്പടെ കിട്ടിക്കൊണ്ടിരിക്കുന്ന എല്ലാ നിയമ നോട്ടീസുകൾക്കും മറുപടി പറയുകയെന്നതും പ്രശ്നമായിരിക്കുന്നു.

ഒരിടത്തും കാനോൻ സഹായിക്കാൻ പോവുന്നില്ലെന്നത് സഭ മനസ്സിലാക്കുന്ന ഒരു ഞെട്ടിപ്പിക്കുന്ന സത്യം! കാനോൻ നിയമങ്ങൾ വിശ്വാസികൾക്കുള്ളതല്ലെന്ന ഒരു യാഥാർത്ഥ്യബോധം ജനങ്ങൾക്കുണ്ടായി എന്നതാണ് ഒരു വലിയ വഴിത്തിരിവ്. ഈ നിയമത്തിന്റെ മറവിൽ നടക്കുന്നത് ശുദ്ധ തട്ടിപ്പാണെന്ന് വിശ്വാസികള്‍ ഇപ്പോൾ മനസ്സിലാക്കുന്നു. ബഹുഭൂരിപക്ഷം വിശ്വാസിളും ഒരിക്കലല്ലങ്കില്‍ മറ്റൊരിക്കല്‍ ഈ കാനോൻ ഒളിയമ്പിന്റെ തിക്തഫലങ്ങൾ അനുഭവിച്ചിട്ടുണ്ടെങ്കിലും ശക്തമായി പ്രതികരിക്കുകയും വിജയിക്കുകയും ചെയ്തത് ഇപ്പോള്‍ മാത്രമാണ്. ദൈവത്തിന്റെ സ്വരമായി ഒരുകാലത്ത് കരുതപ്പെട്ടിരുന്ന കാനോനാണ് ഈ ഗതികേടുണ്ടായത്.

FCC മഠത്തിലെ സുപ്പീരിയര്‍ കന്യാസ്ത്രിക്ക് സാരോപദേശം നൽകിയവർ ഇപ്പോൾ മുങ്ങിയെന്നത് രസകരമായ വഴിത്തിരിവ്. ഏറ്റവും വലിയ അടിയായത് സോഷ്യൽ മീഡിയയും ലോക മാധ്യമങ്ങളുമെല്ലാം FCC ക്ക് എതിരായതാണ്. ഇവർക്കാർക്കും ഈ പ്രശ്‍നം ഏതെങ്കിലും രീതിയിൽ പരിഹരിക്കപ്പെടണമെന്നില്ല. ഒരു സന്ധി സംഭാഷണം സഭയെ സംബന്ധിച്ചിടത്തോളം പതിവുള്ളതുമല്ലല്ലോ. ഇവിടം കൊണ്ടോന്നും ഈ പ്രശ്‍നം തീരുന്നില്ല. ഇന്ത്യൻ കോടതികളിലെ വിധികൾ സഭക്ക് എതിരായിരിക്കുമെന്നത് ഏതാണ്ട് ഉറപ്പ്. ഇതിനു പിന്നാലെ ഇതേ പ്രശ്‍നം മറ്റു മഠങ്ങളിലും ആവർത്തിക്കപ്പെടുമെന്നത് സഭയെ ഭയപ്പെടുത്തുന്നു. മഠങ്ങളിലേക്കുള്ള ഒഴുക്കും നിൽക്കും, ഉള്ളിലുള്ളവരുടെ മനോഗതിയും മാറും.

കേരള കത്തോലിക്കാ സഭയുടെ തകർച്ചക്ക് ആക്കം കൂട്ടാൻ ദൈവം തന്നെ നേരിട്ടൊരുക്കിയതാണ് ഈ പ്രശ്നo. FCCക്കാർ ഇപ്പോൾ ആലോചിക്കുന്നതുപോലെ (അങ്ങനെയും കേൾക്കുന്നു) കാരയ്ക്കാമല ബ്രാഞ്ച് താത്ക്കാലത്തേക്ക് ഉപേക്ഷിച്ചാലും ഈ പ്രശ്‍നം തീരില്ല. സിസ്റ്റർ ലൂസി അത് പേരിൽക്കൂട്ടി നഷ്ടപരിഹാരമായി എടുത്തെന്നിരിക്കും!!

  •  
  •  
  •  
  •  
  •  
  •  
  •