ആണിന്റെ സൗന്ദര്യം പെണ്ണ് കണ്ടാലോ? അമീറ വീണ്ടും..!!

Print Friendly, PDF & Email

കൊച്ചി: മുസ്ലിം പെണ്‍കുട്ടികളുടെ ജിമിക്കി കമ്മൽ ഫ്ലാഷ് മോബിന്റെ പേരില്‍ രംഗത്തുവന്നവരെ രൂക്ഷമായി വിമര്‍ശിച്ച് അധ്യാപിക രംഗത്ത്. പൊന്നാനി എംഇഎസ് കോളേജിലെ അധ്യാപികയായ അമീറ അയിഷ ബീഗത്തിന്റെ കുറിപ്പ് സോഷ്യല്‍മീഡിയയില്‍ വൈറല്‍ ആയി തീർന്നിരിക്കുകയാണ്. സദാചാരവാദങ്ങള്‍ സ്ത്രീയ്ക്ക് മാത്രമായി ഒതുങ്ങുന്നതല്ല എന്ന് അമീറ പറയുന്നു.

മോഹിപ്പിക്കുന്ന രീതിയില്‍ വസ്ത്രം ധരിച്ചു വന്ന സുന്ദരിയെ ശാസിക്കുന്നതിനു പകരം ആ സുന്ദരിയായ അന്യസ്ത്രീയെ നോക്കി നിന്ന അനുചരനെ ശാസിച്ച ഉദാഹരണവും പ്രവാചകചര്യയില്‍ ഉണ്ട്. ഹിജാബ് പെണ്ണിന് മേല്‍ ഇടാന്‍ മാത്രമല്ല ഇസ്ലാം അനുശാസിക്കുന്നത്. പുരുഷന്റെ മനസിനും ചിന്തകള്‍ക്കും പ്രവര്‍ത്തിക്കും മേല്‍ ഇസ്ലാം ഒരു ഹിജാബ് നിഷ്‌കര്‍ഷിക്കുന്നുണ്ടെന്നും അമീറ കുറിച്ചുവയ്ക്കുന്നു.

പെണ്ണിന്റെ സൗന്ദര്യം ആണ് കണ്ടാലേ പ്രശ്‌നമുള്ളൂ? ആണിന്റെ സൗന്ദര്യം പെണ്ണ് കണ്ടാലോ? അടിപൊളിയായി ഡ്രസ്സ് ചെയ്തു വരുന്ന സുന്ദരന്മാരായ ആണുങ്ങളെ

പെണ്ണുങ്ങളും ആഗ്രഹിക്കുന്നുണ്ടെന്നും വിമര്‍ശകരോട് അമീറ പറയുന്നു.

അമീറയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;മുസ്ലിം പെണ്‍കുട്ടികളെ മര്യാദ പഠിപ്പിക്കാന്‍ നരകത്തിലെ വിറക് സിദ്ധാന്തവുമായി ഇറങ്ങുന്ന സാന്മാര്ഗികളായ, സ്വര്‍ഗത്തിലെ ഹൂറിമാരെ പുല്‍കാന്‍ തയ്യാറായിരിക്കുന്ന സഹോദരന്മാര്‍ കരുതുന്നത് പെണ്ണുങ്ങള്‍ ഒതുങ്ങിയിരുന്നോളണം, അവര്‍ അന്യ പുരുഷനെ ആകര്‍ഷിക്കുന്ന രീതിയില്‍ വസ്ത്രം ധരിക്കരുത്, അവളുടെ സൗന്ദര്യം അവളുടെ ഭര്‍ത്താവിന് മാത്രം ആസ്വദിക്കാനുള്ളതാണ് എന്നൊക്കെയാണല്ലോ. ആയിക്കോട്ടെ സഹോദരന്മാരെ. പക്ഷെ ഒരു സംശയം ബാക്കി നില്‍ക്കുന്നു. പെണ്ണിന്റെ സൗന്ദര്യം ആണ് കണ്ടാലേ പ്രശ്‌നമുള്ളൂ? ആണിന്റെ സൗന്ദര്യം പെണ്ണ് കണ്ടാലോ? അവള്‍ എന്താ സുന്ദരന്മാരായ ആണുങ്ങളെ മോഹിക്കൂല്ല? നിങ്ങളൊക്കെ നല്ല അടിപൊളിയായി ഡ്രസ്സ് ചെയ്തു വരുമ്പോള്‍ പെണ്ണുങ്ങളും നിങ്ങളെ ആഗ്രഹിക്കുന്നുണ്ട്. അപ്പോള്‍ ഞങ്ങള്‍ പെണ്ണുങ്ങളെ മോഹിപ്പിച്ച കുറ്റത്തിന് നിങ്ങള്‍ ഞങ്ങള്‍ ഉള്ള നരകത്തില്‍ തന്നെ വരുമല്ലോ അല്ലെ?

വ്യക്തി സ്വാതന്ത്ര്യത്തില്‍ നല്ല വിശ്വാസം ഉണ്ട് …എന്നെക്കാളും വിശ്വാസം നിങ്ങള്‍ക്കുണ്ടെന്നു ഹാദിയയുടെ കാര്യത്തില്‍ കണ്ടതുമാണ്.എന്നാല്‍ വ്യക്തി സ്വാതന്ത്ര്യത്തിന്റെ നിര്‍വചനം സാന്ദര്‍ഭികമായി മാറുന്നതാണല്ലോ നിങ്ങള്‍ പൊന്നാങ്ങളമാര്‍ക്ക്. എന്നാല്‍ ഞാന്‍ നല്‍കുന്ന അര്‍ഥം എല്ലാവരുടെ കാര്യത്തിലും ഒരുപോലെ ആയതുകൊണ്ട് തത്കാലം നിങ്ങളൂടെ വ്യക്തി സ്വാതന്ത്ര്യത്തില്‍ ഇടപെടുന്നതില്‍ വിഷമമുണ്ടെന്നു പറഞ്ഞു കൊണ്ട് തന്നെ ചോദിക്കട്ടെ …

അന്യ സ്ത്രീകളെ നിങ്ങള്‍ കാണാമോ? അവര്‍ കാണിച്ചാലും

എന്തിനാ അന്യസ്ത്രീകള്‍ ഉള്ള ഇടങ്ങളില്‍ നിങ്ങള്‍ വരുന്നത്?

എന്തിനാ അവര്‍ക്കു ഫ്രണ്ട് റിക്വസ്റ്റ് അയക്കുന്നത്?

എന്തിനാ അവരുടെ പ്രൊഫൈല്‍ സന്ദര്‍ശിക്കുന്നത്?

എന്തിനാ അവരുടെ പ്രൈവറ്റ് മെസ്സേജ് ബോക്‌സിലേക്ക് നിങ്ങള്‍ ക്ഷണിക്കപ്പെടാത്ത അതിഥിയായി വരുന്നത്?എന്തിനാ അവര്‍ പാടുന്ന പാട്ടു നിങ്ങള്‍ കേള്‍ക്കാന്‍ പോകുന്നത്?

എന്തിനാ അവര്‍ ഡാന്‍സ് വീഡിയോ പോസ്റ്റിയാലും നിങ്ങള്‍ കാണാന്‍ പോകുന്നത്?

എന്തിനാ അവരുടെ ശ്രദ്ധയാകര്‍ഷിക്കുന്ന വിധത്തില്‍ കമന്റ് ഇടുന്നത്?

ദീന്‍ പഠിപ്പിക്കുന്ന നിങ്ങളുടെ പോസ്റ്റുകള്‍,ഫോട്ടോകള്‍ അത് ഇസ്‌ലാമിക വഴിയില്‍ തന്നെ ആണോ? നീന്തല്‍കുളത്തില്‍ നിന്ന് വരെയുള്ള ഫോട്ടോ നിങ്ങള്‍ ഇടാറില്ല? സ്ത്രീയെ മോഹിപ്പിക്കുന്ന ഒന്നും അതില്‍ ഇല്ലെന്ന് പറയാമോ? ഓ മറന്നു പോയി…മോഹിപ്പിക്കുന്നവളും വഴിപിഴപ്പിക്കുന്നവളും സ്ത്രീ ആണല്ലോ… അവള്‍മോഹം ഇല്ലാത്തവളും.

മതത്തിന്റെ പേറ്റന്റ് എടുത്തവര്‍ ആണല്ലോ നിങ്ങള്‍. അന്യ സ്ത്രീകളെ കാണുമ്പോള്‍ നിങ്ങള്‍ നിങ്ങളുടെ ദൃഷ്ടികള്‍ താഴ്ത്തണമെന്നു പഠിച്ചിട്ടില്ലേ? സ്വകാര്യ ഭാഗങ്ങള്‍ സംരക്ഷിക്കണമെന്ന് പഠിച്ചിട്ടില്ലേ?

അപ്പോള്‍ ഫേസ്ബുക്കില്‍ വന്നു സ്ത്രീകളുടെ ഡ്രെസ്സിന്റെ ഇറക്കവും ശരീരത്തിന്റെ വടിവും നൃത്തചുവടുകളുടെ ഭംഗിയും നിങ്ങള്‍ നോക്കാമോ? സണ്ണി ലിയോണിന്റെയും മിയ ഖലീഫയുടേയുമൊക്കെ ഫോട്ടോക്കു അശ്‌ളീല കമെന്റും ലൈകും ഇടാമോ? മോഹിപ്പിക്കുന്ന രീതിയില്‍ വസ്ത്രം ധരിച്ചു വന്ന സുന്ദരിയെ ശാസിക്കുന്നതിനു പകരം ആ സുന്ദരിയായ അന്യസ്ത്രീയെ നോക്കി നിന്ന അനുചരനെ ശാസിച്ച ഉദാഹരണവും പ്രവാചക ചര്യയില്‍ കാണാമല്ലോ. അതൊക്കെ നിങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നുണ്ടോ?

സദാചാര പോലീസ് ചമഞ്ഞു, സ്വര്‍ഗം പാട്ടത്തിനെടുത്തവര്‍ എന്നു മേനി നടിച്ചു പെണ്‍പിള്ളേരെ ദീന്‍ പഠിപ്പിക്കാനുള്ള അവകാശമുണ്ടെന്ന് വിശ്വസിച്ചു നടക്കുന്നവര്‍ ആദ്യം സ്വന്തം സ്വകാര്യജീവിതം എത്രത്തോളം സംശുദ്ധമാണെന്നു ആലോചിക്കൂ…ഹിജാബ് പെണ്ണിന് മേല്‍ ഇടാന്‍ മാത്രമല്ല ഇസ്ലാം അനുശാസിക്കുന്നത്. പുരുഷന്റെ മനസിനും ചിന്തകള്‍ക്കും പ്രവര്‍ത്തിക്കും മേല്‍ ഇസ്ലാം ഒരു ഹിജാബ് നിഷ്‌കര്ഷിക്കുന്നുണ്ട്. വഴിയിലൂടെ പോകുന്ന ഒരു പെണ്ണിനെ കണ്ണ് കൊണ്ട് പോലും വ്യഭിചാരിക്കാത്തവന്‍ ആണ് എന്ന് ഉറപ്പു വരുത്തൂ.എന്നിട്ട് പോരെ ദീനിന്റെ പേരില്‍ ഈ പരാക്രമങ്ങളും പോര്‍വിളികളും പെരുമാറ്റച്ചട്ടം പഠിപ്പിക്കലും.

 

Leave a Reply