ഡിആര്‍ഡിഒ വികസിപ്പിച്ച കൊവിഡ് മരുന്ന് 2 ഡി.ജി മേയ് 11 മുതല്‍ വിതരണം തുടങ്ങും…?

Print Friendly, PDF & Email

കൊവിഡ് ചികിത്സയിൽ വിപ്ലവം സൃഷ്ടിച്ച്, ഡിആര്‍ഡിഒ (ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ) വികസിപ്പിച്ച കൊവിഡ് പ്രതിരോധ മരുന്ന് 2 ഡി ഓക്‌സി ഡി ഗ്ലൂക്കോസ് ( 2 ഡി ജി ) മേയ് 11 മുതൽ അടിയന്തര ഉപയോഗത്തിന് വിതരണം തുടങ്ങും. ഡിആര്‍ഡിഒ മേധാവി ജി. സതീഷ് ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ഹൈദരാബാദിലെ സെന്റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്കുലാർ ബയോളജിയുടെ സഹായത്തോടെ, പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയുടെ ഡൽഹിയിലെ ലബോറട്ടറിയായ ന്യൂക്ലിയർ മെഡിസിൻ ആൻഡ് അലൈഡ് സയൻസസ് ഇൻസ്റ്റിറ്റ്യൂട്ടും (ഇൻമാസ്) ഹൈദരാബാദിലെ ഡോ.റെഡ്ഢീസ് ലബോറട്ടറിയും സംയുക്തമായാണ് മരുന്ന് വികസിപ്പിച്ചത്. കോവിഡ് വൈറസിനെ ചെറുക്കുന്നതിനു ഫലപ്രദമാണ് വെള്ളത്തിൽ അലിയിച്ചു കഴിക്കുന്ന പൗഡർ രൂപത്തിലുള്ള മരുന്ന് എന്ന് രാജ്യത്തുടനീളമുള്ള ആറ് ആശുപത്രികളിലായി നടന്ന മൂന്നാംഘട്ട പരീക്ഷണത്തില്‍ തെളിഞ്ഞതിനേ തുടര്‍ന്ന് ഡ്രഗ്‌സ് കൺട്രോളർ ജനറൽ (ഡിസിജിഐ) മരുന്നിന് അംഗീകാരം നൽകിയിരുന്നു.

പരീക്ഷണാടിസ്ഥാനത്തില്‍ മരുന്ന് ഉപയോഗിച്ച രോഗികളില്‍ മൂന്നു ദിവസത്തിനുള്ളിൽ ഫലം കണ്ടിരുന്നു. ശരീരത്തിൽ ഓക്‌സിജന്റെ അളവ് വർധിപ്പിക്കുന്നതിനും മരുന്ന് ഫലപ്രദമാണെന്ന് തെളിഞ്ഞിരുന്നു. മരുന്ന് ഉപയോഗിച്ച രോഗികൾക്കു പെട്ടെന്നു രോഗമുക്തി നൽകുകയും കൃത്രിമ ഓക്‌സിജനെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്തു. ഈ മരുന്നു നൽകിയ കൂടുതൽ രോഗികൾക്കും പെട്ടെന്നുതന്നെ ആർടിപിസിആര്‍ ടെസ്റ്റിൽ കൊവിഡ് നെഗറ്റീവ് ആകുകയും ചെയ്തു. 110 രോഗികളിലാണ് രണ്ടാംഘട്ട പരീക്ഷണം നടത്തിയത്. 65 വയസു കഴിഞ്ഞവർക്കും മരുന്ന് ഏറെ ഫലപ്രദമാണെന്നു തെളിയിക്കപ്പെട്ടു.

  •  
  •  
  •  
  •  
  •  
  •  
  •