കോവിഡ് പോസിറ്റീവ് ആകുമ്പോള്‍ അറിഞ്ഞിരിക്കാൻ…
കേരളത്തില്‍ കോവിഡ് പോസിറ്റീവ് ആകുമ്പോള്‍ ചികിത്സ ലഭ്യമാകുന്നതിനെ പറ്റി അടിസ്ഥാനപരമായ കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. ഒരു വ്യക്തിക്കു കോവിഡ് രോഗബാധയുണ്ടാവുമ്പോള്‍ ഏതു രീതിയിലാണു രോഗിയും ആരോഗ്യസംവിധാനങ്ങളും പ്രവർത്തിക്കേണ്ടത് എന്നതിന് കൃത്യമായ രീതി രൂപപ്പെടുത്തിയിട്ടുണ്ട്.
പരിശോധനാഫലം ടെസ്റ്റ് ചെയ്യുന്നത് സ്വകാര്യ ലാബിലായാലും സർക്കാർ ലാബിലായാലും പരിശോധനാഫലം അതാതു ജില്ലകളിലെ ഡിപിഎംഎസ്യുകളിലേക്ക് അയയ്ക്കും. അവിടെ ഫലം എത്തിയാൽ ഉടനെ റാപ്പിഡ് റെസ്പോണ്‍സ് ടീമിനു (ആർആർടി) കൈമാറും. അതിനിടയിൽ എസ്എംഎസ് ആയി ഫലം ടെസ്റ്റ് ചെയ്ത വ്യക്തിക്കും അയയ്ക്കും. അത് ഫലം അറിയാനുള്ള മൊബൈൽ ആപ്പിൽ നിന്നും ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കും.
പോസിറ്റീവ് ആയാൽ
രോഗം പോസിറ്റീവ് ആയ വ്യക്തിയെ ആർആർടി നേരിട്ട് ബന്ധപ്പെടും. വിവരം രോഗബാധിതനെ അറിയിക്കുന്ന ആളായിരിക്കും ആരോഗ്യസംവിധാനവുമായി അദ്ദേഹത്തെ ബന്ധിപ്പിക്കുന്ന കോണ്ടാക്റ്റ് പോയിന്റ്. ഈ ഉദ്യോഗസ്ഥൻ രോഗിയുടെ മറ്റു രോഗാവസ്ഥകളെക്കുറിച്ചും വീട്ടിലെ സൗകര്യങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾ അന്വേഷിക്കും. രോഗലക്ഷണങ്ങൾ തീരെയില്ലാത്തവരെയും നേരിയ രോഗലക്ഷണങ്ങൾ മാത്രമുള്ളവരെയും വീടുകളിൽ തന്നെ ക്വാറന്റൈൻ ചെയ്യുന്നതിനാവശ്യമായ നിർദേശങ്ങൾ നൽകും.
വീട്ടിൽ ക്വാറന്റൈൻ ഇരിക്കാൻ പ്രയാസമുള്ളവർ അവരുടെ പ്രദേശത്തെ വാർഡ് തല സമിതിയുമായി ബന്ധപ്പെടണം. തദ്ദേശ ഭരണ സ്ഥാപനങ്ങൾ സജ്ജീകരിച്ച ഡൊമിസിലിയറി കെയർ സെന്ററുകൾ അവർക്കു വേണ്ടി ലഭ്യമാക്കും. രോഗബാധിതനാകുന്ന വ്യക്തിയുടെ വീടുകളിലെ മറ്റംഗങ്ങളും സാധാരണ ഗതിയിൽ പ്രൈമറി കോണ്ടാക്റ്റിൽ വരുന്നവർ ആയിരിക്കും. ഈ ഘട്ടത്തിൽ അവർക്കാവശ്യമായ ഭക്ഷണം, മരുന്നുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉറപ്പു വരുത്തേണ്ടത് വാർഡ് ഹെൽത്ത് സമിതികളുടെ ഉത്തരവാദിത്വമാണ്. അതുകൊണ്ട് രോഗികളാകുന്ന എല്ലാവരും തന്നെ അവരുടെ വാർഡ് ഹെൽത്ത് സമിതികളുടെ ചെയർപേഴ്സണ്‍ ആയ വാർഡ് മെന്പറുടെ നന്പർ കൈയിൽ കരുതണം.
വീടുകളിൽ കഴിയുന്നവരുടെ സ്ഥിതി മോശമായാൽ
വീടുകളിൽ കഴിയുന്നവർക്ക് ശ്വാസ തടസം അനുഭവപ്പെടുന്ന സാഹചര്യത്തിലോ, പൾസ് ഓക്സി മീറ്ററിൽ ഓക്സിജൻ നില കുറയുന്ന സാഹചര്യത്തിലോ അവരെ എത്രയും പെട്ടെന്ന് ആശുപത്രിയിലേക്കു മാറ്റേണ്ടതാണ്. അത്തരമൊരു ഘട്ടത്തിൽ ഉടനടി ചെയ്യേണ്ടത് റാപ്പിഡ് റെസ്പോണ്‍സ് ടീമിലെ കോണ്ടാക്ട് ചെയ്യേണ്ട വ്യക്തിയെ ആ വിവരം അറിയിക്കുക എന്നതാണ്. ആർആർടി ആ വിവരം ജില്ലാ കണ്ട്രോൾ യൂണിറ്റിലേക്കു കൈമാറുകയും ജില്ലാ കണ്ട്രോൾ യൂണിറ്റ് ഷിഫ്റ്റിംഗ് ടീമിനു നിർദേശം നൽകുകയും ചെയ്യും.
രോഗാവസ്ഥയുടെ സ്വഭാവമനുസരിച്ച് ഈ ഷിഫ്റ്റിംഗ് ടീം രോഗിയെ സിഎഫ്എൽടിസിയിലേക്കോ സിഎസ്എൽടിസിയിലേക്കോ കോവിഡ് കെയർ ഹോസ്പിറ്റലുകളിലേക്കോ ആവശ്യമെങ്കിൽ മെഡിക്കൽ കോളജിലേക്കോ മാറ്റുന്നതായിരിക്കും.
ഇതിനായി ആംബുലൻസുകൾ എല്ലായിടത്തും വിന്യസിച്ചിട്ടുണ്ട്. ഇതോടൊപ്പം പഞ്ചായത്തുകളുടെ കീഴിലുള്ള ആംബുലൻസുകളും മറ്റു വാഹനങ്ങളും ഈ കേന്ദ്രീകൃത പൂളിൽ ഉൾപ്പെടുത്തി മെഡിക്കൽ ഷിഫ്റ്റിംഗ് സംവിധാനത്തെ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.
കോവിഡ് രോഗികളെ ആശുപത്രികളിലേക്കു മാറ്റുന്പോൾ, ഏത് ആശുപത്രിയിലേക്കു മാറ്റണമെന്ന നിർദേശം ജില്ലാ കണ്ട്രോൾ സെന്ററുകൾ നൽകും. എല്ലാ സർക്കാർ, സ്വകാര്യ ആശുപത്രികളിലെയും ഐസിയു, വെന്റിലേറ്റർ, ബെഡുകൾ, ഓക്സിജൻ തുടങ്ങിയവയുടെ ലഭ്യത, രോഗികളുടെ എണ്ണം തുടങ്ങിയ കാര്യങ്ങളെല്ലാം നിർബന്ധമായും ജില്ലാ കണ്ട്രോൾ സെന്ററുകളിൽ നിരന്തരമായി അപ്ഡേറ്റ് ചെയ്യേണ്ടതാണ്. ഈ കാര്യങ്ങൾ പരിഗണിച്ചു കൊണ്ടായിരിക്കും രോഗിയെ ഏത് ആശുപത്രിയിലേക്കു മാറ്റണമെന്നു തീരുമാനിക്കുന്നത്.