KERALANEWS MAIN

ബന്ധുനിയമനത്തില്‍ ജലീലിനെ കുടുക്കിയ ഉത്തരവ് പുറത്ത്. നിയമനം മുഖ്യമന്ത്രിയുടെ അറിവോടെ.

ബന്ധുനിയമനത്തില്‍ മന്ത്രി കെ.ടി ജലീലിനെതിരെ നടപടി ആവശ്യപ്പെടുന്ന ലോകായുക്ത ഉത്തരവ് സര്‍ക്കാരിന് കൈമാറി. 85 പേജുള്ള ഉത്തരവ് തിങ്കളാഴ്ച വൈകീട്ടോടെ പ്രത്യേക ദൂതന്‍ വഴിയാണ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്കെത്തിച്ചത്. ജലീലിനെതിരേ രൂക്ഷമായ വിമര്‍ശനങ്ങളും കണ്ടെത്തലുകളുമാണ് റിപ്പോര്‍ട്ടിലുള്ളത്. ജലീല്‍ അധികാര ദുര്‍വിനിയോഗവും സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനവും നടത്തിഎന്നാണ് ലോകായുക്തയുടെ കണ്ടെത്തല്‍. തനിക്കെതിരായ പരാതികള്‍ ഹൈക്കോടതി പരിശോധിച്ച് നിരാകരിച്ചതാണെന്ന് കെടി ജലീലിന്റെ വാദം തള്ളുന്നതാണ് ലോകായുക്തയുടെ കണ്ടെത്തല്‍. ഈ ഉത്തരവിന്‍റെ പൂര്‍ണ്ണരൂപം അതോടെ പുറത്തായിരിക്കുകയാണ്.

2016ല്‍ മന്ത്രിയായി ജലീല്‍ അധികാരമേറ്റ് രണ്ടുമാസത്തിനകം തന്നെ കെ.ടി അദീബിനെ നിയമിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചിരുന്നുവെന്നാണ് ഉത്തരവിലൂടെ വ്യക്തമാകുന്നത്. നിയമന അധികാരിയായ ന്യൂനപക്ഷ ധനകാര്യ വികസന കേര്‍പ്പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് അറിയാതെയാണ് അദീബിന്റെ അപേക്ഷ പോലും വരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്. സര്‍ക്കാര്‍ നേരിട്ട് നിയമന ഉത്തരവിറക്കുകയായിരുന്നു. ഇത് നിലവിലുള്ള ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥനെ ഡെപ്യൂട്ടേഷനില്‍ നിയമിക്കാന്‍ കഴിയില്ലെന്ന വകുപ്പ് സെക്രട്ടറിയുടെ നിര്‍ദേശം ജലീല്‍ തള്ളിയെന്നും ഉത്തരവില്‍ പറയുന്നു.

ന്യൂനപക്ഷ വികസന കോർപ്പറേഷൻ ജനറൽ മാനേജർ നിയമനത്തിനുള്ള യോഗ്യത നിശ്ചയിച്ചത് മന്ത്രിസഭ ആണെന്നും അതിനാല്‍ അദീബിൻ്റെ യോഗ്യതക്ക് അനുസരിച്ച് മാനദണ്ഡം മാറ്റുന്നതിന് മന്ത്രിസഭയുടെ അനുമതി ആവശ്യമാണെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. എന്നാൽ ഇത് ആവശ്യമില്ലെന്ന് ഫയലിൽ എഴുതിയ ജലീൽ ഫയൽ മുഖ്യമന്ത്രിക്ക് വിട്ടു, 9-8-2016ൽ മുഖ്യമന്ത്രി ഫയലിൽ ഒപ്പിട്ടു. മുഖ്യമന്ത്രിയുടെ അറിവോടെയാണ് ജലീല്‍ വിവാദമായ ബന്ധുനിയമനം നടത്തിയതെന്ന ഞട്ടിക്കുന്ന വിവരവും ഇതോടെ പുറത്തു വരുകയാണ്.

ആർബിഐ ഷെഡ്യൂൾ പ്രകാരം സൗത്ത് ഇന്ത്യൻ ബാങ്ക് സ്വകാര്യബാങ്കായതിനാൽ മുമ്പ് നിലവിലെ വ്യവസ്ഥ അനുസരിച്ച് നിയമിക്കാനാകില്ലെന്ന് ന്യൂനപക്ഷവകുപ്പിലെ അഡീഷനൽ സെക്രട്ടറി 28–9- 2018നെഴുതി. പിന്നാലെ വീണ്ടും ജലീൽ ഇടപെടൽ ഉണ്ടായി. സംസ്ഥാന ധനകാര്യവികസന കോർപ്പറേഷൻ എംഡിയായി സഹകരണ ബാങ്കിലെ ഉദ്യോഗസ്ഥനെ മുമ്പ് നിയമിച്ചിട്ടുണ്ട്. അദീബിൻ്റെ മാതൃസ്ഥാപനമായ സൗത്ത് ഇന്ത്യൻ ബാങ്ക് അനുമതി നൽകിയതിനാല്‍ അദീബിനെ നിയമിച്ച് ഉത്തരവിറക്കാന്‍ 28-9-18ന് ജലീല്‍ നിര്‍ദ്ദേശിച്ചു. മന്ത്രി നിലപാട് കടുപ്പിച്ചതോടെ എതിർപ്പ് ഉയർത്തിയ ഉദ്യോഗസ്ഥർ പിൻവാങ്ങി. പിന്നാലെ അദീബിനറെ നിയമിച്ച് ഉത്തരവിറക്കി. ഇക്കാര്യങ്ങളെല്ലാം വിശദീകരിച്ചുള്ള റിപ്പോര്‍ട്ടാണ് ലോകായുക്ത മുഖ്യമന്ത്രിക്ക് നല്‍കിയിരിക്കുന്നത്.