അവസാന മണിക്കൂറില്‍ മന്ത്രി കെ.ടി ജലീൽ രാജിവച്ചു.
അവസാന മണിക്കൂറില്‍ മന്ത്രി കെ.ടി ജലീൽ രാജിവച്ചു. ബന്ധുനിയമന വിവാദത്തിൽ ലോകായുക്താ വിധിക്കെതിരായ ഹർജി പരിഗണിക്കവെയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിന്റെ രാജി. കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയന് പ്രത്യേക ദൂതൻ വഴി ജലീൽ രാജി കത്ത് കൈമാറിയത്. സ്വീകരിച്ചു. തുടര്‍ന്ന് രാജി മുഖ്യമന്ത്രി ഗവര്‍ണ്ണര്‍ക്കയച്ച മന്ത്രി കെ ടി ജലീലിന്റെ രാജി ഗവർണർ അംഗീകരിച്ചു. എകെജി സെന്‍ററിലെത്തി കോടിയേരിയുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ജലീൽ രാജി തീരുമാനിച്ചത്. രാജിവക്കണം എന്നാണ് പാർട്ടി തീരുമാനമെന്ന് കോടിയേരി തുറന്നു പറഞ്ഞതോടെ പാര്‍ട്ടിയും തന്നെ കൈവിട്ടു എന്ന തിരച്ചറിവില്‍ രാജിവക്കുവാന്‍ ജലീല്‍ നിര്‍ബ്ബന്ധിതനാവുകയായിരുന്നു.
ബന്ധുവായ കെ.ടി. അദീപിനെ സംസ്ഥാന ന്യുനപക്ഷ ധനകാര്യ വികസന കോർപ്പറേഷനിൽ ജനറൽ മാനേജരായി നിയമിച്ചതിൽ മന്ത്രി കെ.ടി. ജലീൽ അധികാര ദുർവിനിയോഗവും സത്യപ്രതിജ്ഞാലംഘനവും നടത്തിയെന്നായിരുന്നു ലോകായുക്തയുടെ കണ്ടെത്തൽ. ജലീലിന് മന്ത്രിയായി തുടരാൻ യോഗ്യതയില്ലെന്നും ലോകായുക്ത വിധിയിൽ പറഞ്ഞിരുന്നു.
ഇതോടെ പിണറായി വിജയൻ മന്ത്രിസഭയിൽ നിന്ന് രാജിവയ്ക്കുന്ന അഞ്ചാമത്തെ മന്ത്രിയായി കെ.ടി ജലീൽ. നേരത്തെ മന്ത്രിമാരായ ഇ.പി ജയരാജൻ, മാത്യു ടി തോമസ്, എ.കെ ശശീന്ദ്രൻ എന്നിവർ രാജിവച്ചിരുന്നു. പിണറായി സര്‍ക്കാരില്‍ നിന്ന് ബന്ധു നിയമന വിവാദത്തില്‍ പെട്ട് രാജിവെക്കേണ്ടി വരുന്ന രണ്ടാമത്തെ മന്ത്രിയാണ് ജലീല്‍. നേരത്തെ ഇപി ജയരാജന്‍ രാജിവച്ചിരുന്നു.
ബന്ധുനിയമന വിവാദത്തില്‍ ലോകായുക്ത വിധി വന്നതിന് പിന്നാലെ ഇതിനെതിരേ ഹര്‍ജി നല്‍കാന്‍ സമയം വേണമെന്ന് ജലീല്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്ന് ജലീലിന് പാര്‍ട്ടി സാവകാശം അനുവദിച്ചു. എന്നാല്‍ ഇ.പി. ജയരാജന്‍ ബന്ധുനിയമന വിവാദത്തില്‍ ഉള്‍പ്പെട്ടപ്പോള്‍ പാര്‍ട്ടി ഇത്തരം സാവകാശം അനുവദിച്ചില്ലെന്നത് വലിയ ചര്‍ച്ചയായി. ഇത് പാര്‍ട്ടിക്ക് തിരിച്ചടി ആകുമെന്ന് ഭയന്നാണ് ജലീലിനെകൊണ്ട് രാജിവപ്പിക്കുവാന്‍ പാര്‍ട്ടി നിര്‍ബ്ബന്ധിതമായത്.