‘കൊവിഷീൽഡ്’ വാക്സിന് അനുമതി നൽകാൻ വിദഗ്ദ്ധ സമിതി ശുപാർശ. വാക്‌സിനേഷൻ ഈ മാസം തുടങ്ങും

Print Friendly, PDF & Email

ബ്രിട്ടനിലെ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ ജെന്നർ ഇൻസ്റ്റിട്യൂട്ടും ആസ്ട്രസെനക്ക മരുന്ന് കമ്പനിയും ചേർന്ന് വികസിപ്പിച്ച കൊവിഷീൽഡ് എന്നറിയപ്പെടുന്ന AZD1222 വാക്സിന് അനുമതി നൽകാൻ കേന്ദ്രസർക്കാരിന്റെ വിദഗ്ദ്ധ സമിതി ശുപാർശ ചെയ്‌തു. ഇതോടെ ഇന്ത്യയിൽ കൊവിഡ് പ്രതിരോധ കുത്തിവയ്‌പ് ഉടൻ തുടങ്ങാൻ കളമൊരുങ്ങി. ഡ്രഗ്സ് കൺട്രോളർ ജനറൽ അന്തിമ അനുമതി നൽകുന്നതോടെ ഈ മാസം തന്നെ കുത്തിവയ്പ്പ് ആരംഭിക്കും. കൊവിഷീൽഡ് ഇന്ത്യയിൽ ക്ലിനിക്കൽ പരീക്ഷണം നടത്തിയതും നിർമ്മിക്കുന്നതും പൂനെയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ടാണ്. കൊവിഷീൽഡ് സുരക്ഷിതമാണെന്നും മികച്ച പ്രതിരോധ ശേഷിയുണ്ടാക്കുമെന്നും സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ വിദഗ്ദ്ധ സമിതി യോഗം വിലയിരുത്തി. രണ്ട് ഡോസ് കുത്തിവച്ചാൽ 70 ശതമാനമാണ് ഫലപ്രാപ്തി. രണ്ട് ഡോസുകൾ തമ്മിൽ രണ്ട് മൂന്നോ മാസത്തെ ഇടവേള നൽകിയാൽ 90 – 95 ശതമാനം ഫലപ്രാപ്തി ഉണ്ടെന്നാണ് സീറം ഇൻസ്റ്റിറ്റ്യൂട്ട് പറയുന്നത്.

നേരത്തേ പല രാജ്യങ്ങളും വിതരണം ചെയ്ത ഫൈസര്‍, മോഡേണ വാക്സിനുകൾ ‘RNA വാക്സി’നായിരുന്നു. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി കൊവിഷീൽഡ് ഒരുതരം ‘വൈറൽ വെക്റ്റർ’ വാക്സിനാണ്. താരതമ്യേന നിരുപദ്രവകാരിയായ ഒരു വൈറസിൻ്റെ ജനിതക പദാർത്ഥത്തിലേക്ക് വാക്സിൻ ഉണ്ടാക്കേണ്ട വൈറസിൻ്റെ (ഇവിടെ കോവിഡ് വൈറസ്) ജനിതക പദാർത്ഥം ജനറ്റിക് എഞ്ചിനീയറിംഗ് വഴി കൂട്ടിച്ചേർത്തു, ആ വൈറസിനെ ജീവനോടെ വാക്സിനിൽ ഉപയോഗിക്കുന്നതാണ് ‘വൈറസ് വെക്റ്റർ വാക്സിൻ’. ജീവനുള്ള വൈറസിനെ തന്നെ വാക്സിനിൽ ഉപയോഗിക്കുന്നതിനാൽ ആൻറിബോഡി നിർമ്മാണത്തിൻ്റെ കാര്യക്ഷമതയിൽ കിൽഡ് വാക്സിനെക്കാളും സബ് യൂണിറ്റ് വാക്സിനെക്കാളും വളരെ ഗുണപ്രദമാണ് ഇത്തരം വാക്സിനുകൾ. പക്ഷേ നിരുപദ്രവകാരിയായ ഒരു വൈറസിനെ കണ്ടുപിടിക്കുക എന്നതാണ് ഇത്തരം വാക്സിൻ നിർമ്മാണത്തിലെ ഏറ്റവും വലിയ വെല്ലുവിളി. മുമ്പ് എബോളക്കെതിരെ ഇത്തരമൊരു വാക്സിൻ ശാസ്ത്രലോകം കണ്ടെത്തിയിട്ടുണ്ട്. ചിമ്പാൻസികളിൽ ജലദോഷം പോലൊരു നിസാരരോഗമുണ്ടാക്കുന്ന ഒരു വൈറസിനെയാണ് കൊവി ഷീൽഡ് വാക്സിനിൽ വെക്റ്ററായി ഉപയോഗിച്ചിരിക്കുന്നത്.

ഈ വാക്സിന് സൂക്ഷിക്കാൻ അധികം തണുത്ത താപനില ആവശ്യമില്ലാത്തതിനാൽ എളുപ്പത്തിൽ പലസ്ഥലങ്ങളിലേക്ക് കൊണ്ടു പോകുന്നതിനും സൂക്ഷിക്കുന്നതിനും വിതരണം ചെയ്യുന്നതിനും സാധിക്കും എന്നതാണ്. ഫൈസര്‍ വാക്സിൻ മൈനസ് 70 ഡിഗ്രിയിലും മോഡേണ വാക്സിൻ മൈനസ് 20 ഡിഗ്രിയിലും സൂക്ഷിക്കണം. പക്ഷെ ഇതിന് 2 മുതൽ 8 ഡിഗ്രി വരെ ചൂടു താങ്ങാൻ പറ്റും. സാധാ റെഫ്രിജറേറ്റർ തന്നെ മതിയാവും. അതിനാല്‍ ഇന്ത്യൻ സാഹചര്യങ്ങൾക്ക് യോജിച്ചതാണ് കൊവിഷീൽഡ് വാക്സിൻ എന്ന് വിലയിരുത്തപ്പെടുന്നു. മാത്രമല്ല, പ്രായമായവരിൽ ശക്തമായ ഇമ്മ്യൂൺ റെസ്പോൺസ് ഈ വാക്സിൻ കാണിക്കുന്നുണ്ടെന്നാണ് പഠനങ്ങളിൽ പറയുന്നത്. ഹൈദരാബാദിലെ ഭാരത് ബയോടെക് ഐസിഎംആറുമായി സഹകരിച്ച് തദ്ദേശീയമായി നിർമ്മിച്ച കൊവാക്‌സിനും ഉടൻ അനുമതി ലഭിച്ചേക്കും.

ഇതിനിടയില്‍ ലോകത്തെ ഏറ്റവും ബൃഹത്തായ വാക്‌സിനേഷൻ പ്രക്രിയയ്ക്കായിയുള്ള തയ്യാറെടുപ്പുകള്‍ രാജ്യത്ത് ആരംഭിച്ചു. വാക്‌സിനേഷന്റെ തയാറെടുപ്പുകൾ പരിശോധിക്കാനുള്ള ഡ്രൈ റൺ ഇന്ന് കേരളം ഉൾപ്പെടെ എല്ലാ സംസ്ഥാനങ്ങളിലും നടക്കും. ആദ്യഘട്ടം ഡ്രൈ റൺ നടത്തിയ ആന്ധ്ര, ഗുജറാത്ത്,അസം, പഞ്ചാബ് സംസ്ഥാനങ്ങളില്‍ ഡ്രൈ റൺ വിജയമായിരുന്നു. കേരളത്തിൽ തിരുവനന്തപുരം,​ ഇടുക്കി,​ പാലക്കാട്,​ വയനാട് ജില്ലകളിലെ ആറ് ആശുപത്രികളിലാണ് ഡ്രൈ റൺ നടത്തുന്നത്. തിരഞ്ഞെടുപ്പു മാതൃകയില്‍ ബൂത്തു തലം മുതല്‍ വാക്സിനേഷന്‍ നല്‍കുവാനുളള തയ്യാറെടുപ്പുകളാണ് രാജ്യത്ത് നടത്തിവരുന്നത്.

  •  
  •  
  •  
  •  
  •  
  •  
  •