കര്‍ണ്ണാടകത്തിലെ കോണ്‍ഗ്രസ്സ് മുങ്ങുന്ന കപ്പലോ

Print Friendly, PDF & Email
ഒരു കാലത്ത് കോണ്‍ഗ്രസ്സിന്റെ ഉരുക്കു കോട്ടയായിരുന്ന കര്‍ണ്ണാടകത്തിലെ കോണ്‍ഗ്രസ്സ് മുങ്ങുന്ന കപ്പലായി പരിണമിക്കുകയാണോ?
അധികാരമുണ്ടായിട്ടും നേതാക്കള്‍ ഒന്നിനുപുറകെ മറ്റൊന്നായി പാര്‍ട്ടി വിട്ടു പോകുന്നത് മുമ്പു കാണാത്ത സ്ഥിതിവിശേഷമാണ്. വിട്ട് പോകുന്നത് അതികായകരാകുമ്പോള്‍ അണികളില്‍ ആശങ്കകള്‍ പടരുന്നത് സ്വാഭാവികം. പാര്‍ട്ടിക്ക് ആഭിജാത്യത്തിന്റെ മുഖം നല്‍കിയ മുന്‍ മുഖ്യ മന്ത്രി എസ്.എം കൃഷ്ണയുടെ രാജിയുടെ പ്രകമ്പനം സംസ്ഥാനത്തു മാത്രം ഒതുങ്ങുന്നതല്ല. ദേശീയ തലത്തില്‍ തന്നെ അത് കോണ്‍ഗ്രസ്സിനെ പിടിച്ചു കുലുക്കിക്കൊണ്ടിരിക്കുന്നു. തീരുമാനം പുനഃപരിശോദിക്കണമെന്ന പ്രമുഖനേതാക്കളുടെ അഭ്യര്‍ത്ഥന നിരസിച്ചിരിക്കുകയാണ് അദ്ദേഹം.
 ആത്മാഭിമാനമുള്ളവര്‍ക്ക് കോണ്‍ഗ്രസ്സില്‍ തുടരുവാന്‍ ആവാത്ത അവസ്ഥയാണ് ഇന്നുള്ളത്. അവഗണനയും അപമാനവും സഹിച്ചു മടുത്തപ്പോള്‍ വളരെ ആലോചിച്ച് എടുത്ത തീരുമാനമാണിത്. നാല്‍പ്പത്തിയഞ്ച് വര്‍ഷങ്ങള്‍ താമസിച്ച വീടു വിട്ടിറങ്ങുന്നത് വളരെ വിഷമത്തോടെയാണ്. ഇനി ഒരു തിരിച്ചുപോക്കില്ല. എണ്‍പത്തിയഞ്ചിലും യുവത്വത്തിന്റെ പ്രസരിപ്പും പ്രവര്‍ത്തനോര്‍ജ്ജവും കാത്തുസൂക്ഷി ക്കുന്ന കൃഷ്ണ പറയുന്നു.
 2012ല്‍ പ്രത്യേക കാരണമൊന്നും കൂടാതെ കേന്ദ്ര മന്ത്രിസഭയില്‍ നിന്നും പുറത്താക്കപ്പെട്ടതോടെയാണ് കൃഷ്ണ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് അഭിമതനല്ല എന്ന സൂചന പൊതു സമൂഹത്തന് ആദ്യം ലഭിക്കുന്നത്. എന്നാല്‍ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങുകയാണെന്നാണ് അദ്ദേഹം അന്നു പറഞ്ഞത് എന്നാല്‍ 2013ലെ തിരഞ്ഞെടുപ്പില്‍ എസ്.എം കൃഷ്ണക്ക് നേതൃത്വപരമായ ചുമതലകളൊന്നും കൊടുത്തില്ല. അതിനാല്‍ തിരരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ നിന്ന് അദ്ദേഹം വിട്ടുനില്‍ക്കുന്ന കാഴ്ചായിരുന്നു അന്ന് കണ്ടത്.സ്ഥാനാര്‍ത്ഥികളുടെ നിര്‍ബ്ബന്ധത്തിനു വഴങ്ങി ചിലയിടങ്ങളിലൊക്കെ പേരിന് തലകാണിച്ചു എന്നു മാത്രം. 2014ല്‍ നടന്ന ലോകസഭാ തിരഞ്ഞെടുപ്പിലും കൃഷ്ണ അവഗണിക്കപ്പെട്ടു.
 ഹൈക്കമാന്‍ഡ് പ്രത്യേകിച്ച് രാഹുല്‍ ഗാന്ധി കൃഷ്ണയെ അവഗണിക്കുന്നതിനു പിന്നില്‍ രാഷ്ട്രീയേതര വിഷയങ്ങളുണ്ടെന്നാണ് പിന്നാമ്പുറ സംസാരം. ഉപാധ്യക്ഷനെ പറ്റി എന്നോടൊന്നും ചോദിക്കരുത്. പാര്‍ട്ടി ഇപ്പോള്‍ മാനേജര്‍മാരുടെ പിടിയിലാണ്. പ്രവര്‍ത്തന പരിചയമുള്ളവരേയും മുതിര്‍ന്നവരേയും ഒന്നും പാര്‍ട്ടിക്ക് ഇപ്പോള്‍ വേണ്ടാതായി. ഇന്ദിരാഗാന്ധിയോടും രാജീവ് ഗാന്ധിയോടുമൊപ്പം  പ്രവര്‍ത്തിച്ചു പരിചയമുള്ള കൃഷ്ണയുടെ വാക്കുകളില്‍ രാഹുലിനോടുള്ള നീരസം പ്രകടം. സോണിയ ഗാന്ധിയും കൃഷ്ണയോടുള്ള അവഗണന കണ്ടില്ലന്നു നടിക്കുകയാണ്.
 എസ്എം കൃഷ്ണക്ക് പ്രായമേറെയായി എന്നതു കൊണ്ടു മാത്രമല്ല സോണിയ ഗാന്ധിയുടെ ഈ മൗനം. ജെഡിഎസ് സംസ്‌കാരം കൊണ്ടുനടക്കുന്ന സിദ്ധാരാമയ്യയെ മാറ്റി പകരം മുഖ്യമന്ത്രിയാകുവാന്‍ കൃഷ്ണ ശ്രമിച്ചിരുന്നു എന്നതുമല്ല കാരണം. ഹൈക്കമാന്‍ഡിനും കൃഷ്ണക്കുമിടയില്‍ കനപ്പെട്ട മറ്റെന്തോ ഒളിഞ്ഞു കിടപ്പുണ്ട്. അതെന്തായാലും കൃഷ്ണയെ പോലെ ജനപിന്തുണയുള്ള നേതാക്കള്‍ അവഗണിക്കപ്പെടുമ്പോള്‍ ഇവിടെ കോണ്‍ഗ്രസ്സ് ദുര്‍ബ്ബലമാകും എന്നുതന്നെയാണ് അര്‍ത്ഥം. കൃഷ്ണ എതിര്‍പക്ഷത്ത് കടന്നുകൂടിയാല്‍ അപകടം ഇരട്ടിയാകുമെന്ന് അറിയാമായിരുന്നിട്ടും കോണ്‍ഗ്രസ് നേതൃത്വം തുടരുന്ന ഈ മൗനമാണ് രാഷ്ട്രീയ നിരീക്ഷകരെ അത്ഭുതപ്പെടുത്തുന്നത്.
 എസ്എം കൃഷ്ണ ബിജെപിയില്‍ ചേരുമെന്നാണ് അറിയുന്നത്. യദ്യൂരപ്പയുമായി അദ്ദേഹം രണ്ടു വട്ടം ചര്‍ച്ച നടത്തികഴിഞ്ഞു. മാണ്ഡ്യ ജില്ലയില്‍ കാര്യമായ വേരോട്ടമില്ലാത്ത ബിജെപിക്ക് മാണ്ഡ്യ മേഖലയില്‍ നിന്നുള്ള എസ്എം കൃഷ്ണയുടെ വരവ് നേട്ടം തന്നെയാണ്. എസ്എം കൃഷ്ണയെ പോലുള്ള ഒരു ഉന്നത നേതാവിനെ ലഭിച്ചാല്‍ മാണ്ഡ്യ ബെല്‍റ്റ് പിടിച്ചെടുക്കുവാന്‍ ബിജെപിക്ക് എളുപ്പം കഴിയുമെന്ന് അവര്‍ കണക്കു കൂട്ടുന്നു. കുമാര്‍ ബംഗാരപ്പ, ജയപ്രകാശ് ഹെഗ്‌ഡെ, പരിമള നാഗപ്പ, ജെഡി നായിക് തുടങ്ങിയ പ്രമുഖ നേതാക്കള്‍ ഇതിനോടകം തന്നെ ബിജെപിയില്‍ ചേക്കേറി കഴിഞ്ഞു. കോണ്‍ഗ്രസ്സിന്റെ കാല്‍കീഴില്‍ നിന്ന് മണ്ണ് ഒലിച്ചു പോകുന്ന കാഴ്ചയാണ് കോണ്‍ഗ്രസ്സില്‍ കാണുന്നത്.

Leave a Reply

Pravasabhumi Facebook

SuperWebTricks Loading...