കേരളത്തിലെ കോണ്‍. രാഷ്ട്രീയത്തില്‍ പുതിയ താരോദയം
ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, എകെ ആന്‍റണി എന്നീ മുതിർന്ന നേതാക്കളെ കേന്ദ്രീകരിച്ച് നിർണ്ണയിക്കപ്പെട്ടിരുന്ന കേരളത്തിലെ കോണ്‍ഗ്രസ് നേതൃനിരയിലേക്ക് കെ സി വേണുഗോപാലും. കോൺഗ്രസിന്‍റെ ദേശീയ നേതൃത്വത്തിലെ സുപ്രധാന പദവിയിലേക്ക് ഉയരുമ്പോൾ സംസ്ഥാന കോൺഗ്രസിലെ അധികാരഘടനയിലും ചെറുതല്ലാത്ത മാറ്റങ്ങളും അടിയൊഴുക്കുകളും സംഭവിക്കും. അത് എങ്ങനെയെല്ലാം കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തെ വരും കാലങ്ങളില്‍ സ്വാധീനിക്കും എന്നേ ഇനി അറിയേണ്ടതുള്ളൂ,
എഐസിസി ജനറൽ സെക്രട്ടറിമാർക്കിടയിൽ ‘സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി’എന്ന കോണ്‍ഗ്രസിലെ ഉന്നത പദവിയിലേക്കാണ് കെസി നിയോഗിക്കപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്തിന്‍റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയെക്കാൾ മീതെയാണ് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി. അങ്ങനെ നോക്കിയാൽ ആന്ധ്രയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായ ഉമ്മൻചാണ്ടിയേക്കാൾ ഒരുപടി മേലെയാകും കോൺഗ്രസിൽ ഇനി കെ സി വേണുഗോപാലിന്‍റെ സ്ഥാനം. കോൺഗ്രസ് കോർ കമ്മിറ്റിയിൽ എ കെ ആന്‍റണിക്ക് പുറമേയുള്ള ഏക മലയാളിയും ഇപ്പോൾ കെ സി വേണുഗോപാൽ മാത്രം ആണ്. മുതിർന്ന നേതാവ് എന്ന പരിവേഷത്തിൽ എകെ ആന്‍റണി സർവ്വസമ്മതനായിദേശീയ രാഷ്ട്രീയത്തില്‍ നില്‍ക്കുന്പോള്‍ ഉമ്മന്‍ചാണ്ടി രമേശ് ചെന്നിത്തല ദ്വന്ദങ്ങൾക്കിടയിലേക്ക് വർദ്ധിധ ശക്തിയോടെയും സ്വാധീനത്തോടെയും കെസി വേണുഗോപാലിനെ അവതരിപ്പിക്കുകയാണ് രാഹുൽ ഗാന്ധി.
സംസ്ഥാന കോൺഗ്രസിലെ അധികാര വടംവലിയും ചക്കളത്തിപ്പോരും തുടരുന്ന പക്ഷം പണ്ട് ആന്‍റണി വന്നതുപോലെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നയിക്കാൻ ഹൈക്കമാന്‍റിന്‍റെ വാറോലയുമായി കെസിവേണുഗോപാല്‍ വന്നാലും അതില്‍ അത്ഭുതപ്പെടാനില്ല.