ആഭ്യന്തര വകുപ്പിന്‍റെ പരാജയം തുറന്നു കാട്ടി പുല്‍വാമ സ്ഫോടനം

Print Friendly, PDF & Email

അതിര്‍ത്തി കടന്നുള്ള ഭീകരത എന്നതില്‍ നിന്നും തദ്ദേശീയമായ ചാവേറുകളെ വികസിപ്പിച്ച് ആക്രമിക്കുക എന്ന ശൈലിയിലേക്ക് ഭീകര സംഘടനകള്‍ മാറി ചാവേറാക്രമണം നടത്തുമ്പോള്‍ ചോദ്യചിഹ്നമായി. കേന്ദ്രഭരണകൂടം തന്നെ. അക്രമം മുന്‍കൂട്ടി കാണാത്ത ഇന്റലിജന്‍സ് സംവിധാനത്തിനു പറ്റിയ അക്ഷന്ത്യമായ തെറ്റ് അടക്കമാണ് ചോദ്യം ചെയ്യപ്പെടുക. ലോകസഭാ തിരഞ്ഞെടുപ്പിനോടൊപ്പം ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പും നടത്താൻ കേന്ദ്രസർക്കാർ ആലോചിക്കുന്നതിനിടെയാണ്, അതിനെ അട്ടിമറിക്കുന്ന രീതിയിൽ പാക്ക് ഭീകരരുടെ ആക്രമണം എന്നത് സ്ഥിതി ഗൗരവതരമാക്കുന്നത്. നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ കശ്മീര്‍ നയം പാടെ പരാജയപ്പെട്ടു എന്ന് വ്യക്തമാക്കുന്നതാണ് സമീപകാല സംഭവങ്ങള്‍.

തീവ്രവാദികളുടെ അക്രമം കുറഞ്ഞു എന്ന് കേന്ദ്രസര്‍ക്കാര്‍ നിരന്തരം അവകാശവാദം ഉന്നയിക്കുന്പോഴും യാഥാര്‍ത്ഥ്യം അതിന്‍നിന്ന് കാതങ്ങള്‍ അകലെയായിരുന്നു. യഥാര്‍ത്ഥത്തില്‍ 2014 മേയ് മുതൽ പാക്കിസ്ഥാനിൽ നിന്നുള്ള ഭീകരാക്രമണങ്ങളുടെ എണ്ണത്തിൽ വൻ വർധനയാണുണ്ടായത്. 2014 നവംബറിൽ കഥാറിലും 2015 മാർച്ചിൽ കഠ്‌വയിയും ഭീകരാക്രമണങ്ങളിൽ സൈനികരടക്കം 18 പേരാണ് കൊല്ലപ്പെട്ടത്. 2016 ജനുവരി ഒന്നിന് പഠാൻകോട്ട് വ്യോമസേനാ താവളത്തിലെ ഭീകരാക്രമണത്തിൽ 6 സൈനികർ കൊല്ലപ്പെട്ടു. 2016 ൽ ഉറിയിൽ 17 സൈനികരാണു കൊല്ലപ്പെട്ടത്. തൊട്ടടുത്ത മാസം നഗ്രോട്ടയിൽ 7 സൈനികരും.

ഉറി ആക്രമണത്തിനു ബദലായി 2016 സെപ്റ്റംബറിൽ ഇന്ത്യ നടത്തിയ മിന്നലാക്രമണം കേന്ദ്രസർക്കാർ കൊട്ടിഘോഷിച്ചുവെങ്കിലും പാക്ക് ഭീകരതയ്ക്കു ശമനമുണ്ടായില്ല. 2001 ൽ ശ്രീനഗറിലെ പഴയ നിയമസഭാ സമുച്ചയത്തിലേക്കു സ്ഫോടകവസ്തുക്കൾ നിറച്ച കാർ ഇടിച്ചു കയറ്റി നടത്തിയ ചാവേറാക്രമണത്തിൽ 38 പേരാണു കൊല്ലപ്പെട്ടത്. അതിനു ശേഷം സമാനമായ തരത്തില്‍ ചാവേര്‍ ആക്രമണത്തിലേക്ക് ഭീകര സംഘടനകള്‍ പോകുന്നത് ഇതാദ്യം.

പാക്ക് ഭീകരർ ആക്രമണ ശൈലിയിൽ വരുത്തിയ മാറ്റമാണ് അവന്തിപ്പുര ചാവേറാക്രമണം വ്യക്തമാക്കുന്നത്. പരിശീലനം സിദ്ധിച്ച ഭീകരരെ ആയുധങ്ങളുമായി ഇന്ത്യയിലേക്ക് അയക്കുന്നതാണ് ഇതുവരെ കണ്ടു വന്നിരുന്നത്.അഫ്ഘാനിസ്ഥാനിലും മറ്റും കണ്ടുവന്നിരുന്നരീതിയില്‍ തദ്ദേശവാസികളെ തന്നെ ചാവേറുകളായി കണ്ടെത്തി, ഉഗ്ര സ്ഫോടനവസ്തുക്കൾ നിറച്ച വാഹനം ഇടിച്ചുകയറ്റി ആക്രമണം നടത്തുന്ന രീതിനീണ്ട കാലത്തെ പരിശ്രമം ആസസൂത്രണവും വേണ്ടിവരും. ഇത് തിരിച്ചറിയാന്‍ രാജ്യത്തിന്‍റെ ഇന്റലിജന്‍സ് സംവിധാനങ്ങള്‍ക്ക് ആയില്ല. മാത്രമല്ല 70 വാഹനങ്ങളിലായി 2741 ജവാന്മാര്‍ കോണ്‍വോയി ആയി സഞ്ചരിക്കുന്പോള്‍ ആവശ്യമായ സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കുവാന്‍ പോലും സാധിച്ചില്ല എന്നത് ആഭ്യന്തരവകുപ്പിന്‍റെ പരാജയം തന്നെയാണ്.

മോദി സർക്കാരിനു കശ്മീർ വിഷയത്തിൽ യഥാർഥത്തിൽ ഒരു നയം തന്നെ ഉണ്ടായിരുന്നില്ല. ബിജെപി–പിഡിപി സഖ്യത്തിന്റെ ഭരണകാലത്തു സുപ്രധാന വിഷയങ്ങളിൽ അവർ പരസ്പരം പോരടിച്ചു. ബിജെപി–പിഡിപി സഖ്യം ഭരിച്ച 3 വർഷവും ഭീകരാക്രമണങ്ങളുടെ വേലിയേറ്റം ആയിരുന്നു കശ്മീര്‍ കണ്ടത്. രാജ്യത്ത് സൈനിക ക്യാംപുകൾക്കു നേരെ ഏറ്റവും കൂടുതൽ ഭീകരാക്രമണം ഉണ്ടായത് ഈ സമയത്താണ്. കശ്മീരിൽ സൈനികശക്തി ഉപയോഗിച്ച് ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമർത്താം എന്ന കേന്ദ്രസർക്കാരിന്റെ നയവും പരാജയപ്പെട്ടു. കൂടുതൽ യുവാക്കളും വിദ്യാർഥികളും തീവ്രവാദ പാതയിലേക്കു തിരിയുന്ന അപകടകരമായ സ്ഥിതിവിശേഷമാണ് ഇതുണ്ടാക്കിയത്. അതിന്‍റെ അവസാനത്തെ തെളിവാണ് പുല്‍വാമ സ്ഫോടനം.