KERALANEWS MAIN

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇ.ഡി.) കേരള സർക്കാറും തുറന്ന ഏറ്റുമുട്ടലിലേക്ക്.

കിഫ്ബിക്കെതിരേയുള്ള കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇ.ഡി.) കേരള സർക്കാറും തുറന്ന ഏറ്റുമുട്ടലിലേക്ക്. ഫെമ നിയമം ലംഘിച്ച് വിദേശവായ്പ എടുത്ത കിഫ്ബി അധികാരികളെ ചോദ്യം ചെയ്യലിന് ഇഡി തയ്യാറായതോടെയാണ് ഇഡിയുമായി പരസ്യ ഏറ്റുമുട്ടലിലേക്ക് സംസ്ഥാന സര്‍ക്കാര്‍ തിരിഞ്ഞത്. കിഫ്ബി ഫെമ നിയമം ലംഘിച്ച് വിദേശവായ്പ എടുത്തെന്ന കേസിൽ വ്യാഴാഴ്ച ഹാജരാകാൻ കിഫ്ബി ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ വിക്രംജിത് സിങ്ങിനോടും ഇന്ന് ഹാജരാകണമെന്ന് കിഫ്ബി സി.ഇ.ഒ. ഡോ. കെ.എം. എബ്രഹാമിനോടും ഇഡി ആവശ്യപ്പെട്ടിരുന്നെങ്കിലും സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ഇരുവരും ഹാജരായില്ല. ഇപ്പോൾ നടക്കുന്ന ചോദ്യംചെയ്യൽ നിയമവിരുദ്ധവും രാഷ്ട്രീയ പ്രേരിതവുമാണെന്നും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ചോദ്യംചെയ്യൽ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും ഇ.ഡി.ക്ക് കത്തുനൽകിയിരിക്കുകയാണ്.

അന്വേഷണ തെളിവുകളുടെ അടിസ്ഥാനത്തിൽ വേണമെന്ന് സുപ്രീംകോടതി നിർദേശം ഉണ്ട്. എന്നാല്‍ കിഫ്ബിക്കെതിരേ പ്രത്യേക തെളിവുകളുടെ അടിസ്ഥാനത്തിലല്ല ഇ.ഡി. ചോദ്യംചെയ്യൽ നടത്തുന്നത്. ഓറൽ സബ്മിഷന് ഹാജരാകാനാണ് നോട്ടീസ്. എന്തിനെക്കുറിച്ചാണെന്ന് വ്യക്തമാക്കിയിട്ടില്ല. അതിനാല്‍ സുപ്രീം കോടതി നിര്‍ദ്ദേശത്തിനെതിരാണ് ഇതെന്നാണ് സര്‍ക്കാരിന്‍റെ വാദം.

ചോദ്യം ചെയ്യാൻ ഹാജരാകണമെന്ന് കിഫ്ബി മേധാവികൾക്ക് മൂന്നിന് ലഭിച്ച നോട്ടീസിലെ വിവരങ്ങൾ മാർച്ച് രണ്ടിനുതന്നെ മാധ്യമങ്ങളിൽ വന്നു. ഇ.ഡി.യിൽ നിന്ന് വിവിരങ്ങള്‍ ചോരുന്നത് അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നതിന്‍റെ തെളിവാണ്. കേന്ദ്രധനമന്ത്രി നിർമലാ സീതാരാമന്റെ നിർദേശപ്രകാരമുള്ള ഇടപെടാലാണ് ഇ.ഡി.നടത്തുന്നതെന്നും അതിനാല്‍ ഇത് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണെന്നും മുഖ്യമന്ത്രി ഇലക്‍ഷന്‍ കമ്മീഷനു നല്‍കിയ പരാതിയില്‍ പറയുന്നുഅതിനാല്‍ രാഷ്ട്രീയപ്രേരിതമായ അന്വേഷണം പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. ഈ പരാതിയിൽ കമ്മിഷന്റെ നിലപാട് അറിഞ്ഞശേഷം ചോദ്യംചെയ്യലിന് ഹാജരാകുന്നതിനെപ്പറ്റി തീരുമാനമെടുക്കാമെന്നാണ് സർക്കാരിന്റെ നിലപാട്.

ചോദ്യം ചെയ്യലിനു മുന്പു വിളിച്ച കിഫ്ബിയുടെ വനിതാ ഉദ്യോഗസ്ഥയോട് ഇഡി അപമര്യാദയായി പെരുമാറിയെന്നും മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് കമ്മിഷണർക്കയച്ച കത്തിൽ ആരോപിക്കുന്നു. ചോദ്യംചെയ്യലിനിടെ തന്നോട് ഇ.ഡി. ഉദ്യോഗസ്ഥർ അപമര്യാദയായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന കിഫ്ബി ഉദ്യോഗസ്ഥയുടെ പരാതി കിഫ്ബി സി.ഇ.ഒ.സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കൈമാറി. ഈ പരാതിയുടെ അടിസ്ഥാനത്തിൽ ഇ.ഡി. ഉദ്യോഗസ്ഥരുടെ പേരിൽ കേസെടുക്കുന്നതനേ പറ്റിയും സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

ഇതിനിടയില്‍ കിഫ്ബിക്ക് എതിരായ അന്വേഷണത്തില്‍ ഇന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് റിസര്‍വ് ബാങ്ക് വിവരങ്ങള്‍ കൈമാറിയിരിക്കുകയാണ്. 2018 ജൂണ്‍ ഒന്നിന് ആണ് റിസര്‍വ്വ് ബാങ്ക് മസാല ബോണ്ടിന് കിഫ്ബിക്ക് അനുമതി നല്‍കിയതെന്നു ഇത് നിയമപ്രകാരമുള്ള അനുമതിയാണെന്നും റിസര്‍വ്വ് ബാങ്ക് വ്യക്തമാക്കുന്നു. റിസര്‍വ് ബാങ്കിന്റെ ഭാഗത്ത് നിന്ന് ലഭിക്കേണ്ട എല്ല അനുമതികളും കിഫ്ബി നേടിയിട്ടുണ്ട്. മറ്റ് എന്തെങ്കിലും അനുമതി ആവശ്യമുണ്ടെങ്കില്‍ അത് ഉറപ്പിക്കേണ്ട ബാധ്യത കിഫ്ബിക്കാണ്. ഭരണഘടനാ വ്യവസ്ഥകള്‍ ബാധകമോയെന്ന് പരിശോധിക്കാനുള്ള ഉത്തരവാദിത്തം ആര്‍ബിഐക്കില്ല. വായ്പ കൈകാര്യം ചെയ്യുന്ന ബാങ്കിനാണ് അനുമതി ഉണ്ടോ എന്ന് ഉറപ്പാക്കേണ്ട ബാധ്യത. ആര്‍ബിഐ നല്‍കുന്ന അനുമതി വായ്പ ശേഷിക്കുള്ള സാക്ഷ്യപത്രമല്ലെന്നും റിസര്‍വ്വ് ബാങ്ക് വിശദീകരിക്കുന്നു. എന്നാല്‍, വിദേശ നാണ്യ ചട്ടം അടക്കം ലംഘിച്ചുവെന്ന ആരോപണമാണ് കിഫ്ബിക്ക് എതിരെ ഇ ഡി ഉന്നയിക്കുന്നത്. സെബി അടക്കമുള്ള സ്ഥാപനങ്ങള്‍ക്ക് ഇത് സംബന്ധിച്ച ചോദ്യങ്ങള്‍ ഇ ഡി നല്‍കിയിട്ടുണ്ടെന്നും വിവരം. ആക്സിസ് ബാങ്ക് മേധാവികളോടും ചോദ്യം ചെയ്യലിനു ഹാജരാകുവാന്‍ ഇ.ഡി ആവശ്യപ്പെട്ടിട്ടുണ്ട്.

0