ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും നേരിട്ട് പങ്കെന്ന് കസ്റ്റംസ്

ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും നേരിട്ട് പങ്കെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന മൊഴി നല്‍കിയതായി കസ്റ്റംസിന്റെ സത്യവാങ്മൂലം. രഹസ്യ മൊഴിയുടെ അടിസ്ഥാനത്തില്‍ കസ്റ്റംസ് ഹൈക്കോടതിയില്‍ നല്‍കിയ സത്യങ്മൂലത്തിലാണ് മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കി കസ്റ്റംസ് മൊഴി നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും ഡോളര്‍ കടത്തില്‍ നേരിട്ട് ബന്ധമുണ്ടെന്ന് 164 പ്രകാരം സ്വപ്‌ന നല്‍കിയ മൊഴിയില്‍ ഉണ്ടെന്നാണ് കസ്റ്റംസിന്റെ സത്യവാങ്മൂലത്തിലുള്ളത്. മുന്‍ കോണ്‍സല്‍ ജനറലുമായി മുഖ്യമന്ത്രിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ഇവര്‍ തമ്മില്‍ അനധികൃത സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നു. മുഖ്യമന്ത്രിയെ കൂടാതെ സംസ്ഥാനത്തെ മൂന്ന് മന്ത്രിമാര്‍ക്കുകൂടി ഈ ഇടപാടുകളില്‍ പങ്കുണ്ട്. പല ഇടപാടുകളിലും കമ്മീഷന്‍ നല്‍കിയിട്ടുണ്ടെന്നും സ്വപ്‌നമ്യുടെ മൊഴിയിലുള്ളതായി കസ്റ്റംസ് കോടതിയെ അറിയിച്ചു. സ്വര്‍ണ്ണ കടത്തു കേസ് മുഖ്യമന്ത്രിയിലേക്കും നീളുന്നതിന്‍റെ സൂചനയാണ് കസ്റ്റംസിന്‍റെ പുതിയ വെളിപ്പെടുത്തല്‍.

ഹൈക്കോടതിയില്‍ കസ്റ്റംസ്‌ നല്‍കിയ സത്യവാങ്മൂലത്തിലൂടെ പുറത്ത് വന്നത് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ‘മുഖ്യമന്ത്രി രാജ്യദ്രോഹ കുറ്റം തന്നെയാണ് ചെയ്തിട്ടുള്ളത്. കോടതിയില്‍ തെളിവായി അംഗീകരിക്കുന്ന ഈ മൊഴി അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ട് രണ്ടു മാസത്തോളമായി. എന്തുകൊണ്ട് മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും മന്ത്രിമാര്‍ക്കുമെതിരായി അന്വേഷണ ഏജന്‍സികള്‍ ഒരു നടപടിയും സ്വീകരിച്ചില്ല എന്ന് അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.