അരിക്കൊമ്പനെ പുഷ്പം പോലെ തൂക്കിയെടുത്ത് തമിള്‍നാട്. പുതിയ വാസസ്ഥലം തിരുനെൽവേലി കളക്കാട് കടുവാ സങ്കേതം
അരിക്കൊമ്പനെ പുഷ്പം പോലെ തൂക്കിയെടുത്ത് തമിള്‍നാട്. ഇന്നു പുലർച്ചെ തേനിയിലെ പൂശാനം പെട്ടിയിൽ നിന്നാണ് തമിഴ്നാട് വനംവകുപ്പ് പിടികൂടിയത്. ഇടുക്കിയിൽ നിന്ന് മയക്കുവെടിവെച്ച് നാടുകടത്തിയ അരിക്കൊമ്പന്‍ വീണ്ടും ജനവാസമേഖലയില്‍ ഇറങ്ങിയതോടെയാണ് മയക്കുവെടിവെച്ചത്. പൂശാനംപെട്ടിക്ക് സമീപത്തെ കൃഷിത്തോട്ടത്തിൽ ഇറങ്ങിയപ്പോള്‍ വനംവകുപ്പ് മയക്കുവെടി വയ്ക്കുകയായിരുന്നു. രണ്ട് തവണ മയക്കുവെടിവെച്ചു എന്നാണ് വിവരം.
അതേസമയം തിരുനെൽവേലി കളക്കാട് കടുവാ സങ്കേതത്തിലേക്ക് അരിക്കൊമ്പനെ എത്തിക്കുന്നതിൽ ഇന്നലെ പ്രതിഷേധം ഉണ്ടായിരുന്നു. എസ് ഡി പി ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ നാട്ടുകാരാണ് പ്രതിഷേധം നടത്തിയത്. അരിക്കൊമ്പനെ കളക്കാട് പ്രവേശിപ്പിക്കില്ലെന്ന നിലപാടാണ് പ്രതിഷേധക്കാർ മുന്നോട്ടുവച്ചത്. അരിക്കൊമ്പനെ കാട്ടിൽ വിടരുതെന്നും കേരളത്തിന് കൈമാറണമെന്നുമുള്ള ഹർജി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഇന്ന് പരിഗണിയ്ക്കും. എറണാകുളം സ്വദേശി റബേക്ക ജോസഫ് നൽകിയ ഹർജിയാണ് പരിഗണിയ്ക്കുക. കേസ് പരിഗണിയ്ക്കുന്നതു വരെ വനംവകുപ്പിന്റെ സംരക്ഷണയിൽ ആനയെ സൂക്ഷിയ്ക്കണമെന്ന് ഇന്നലെ കോടതി നിർദേശിച്ചിരുന്നു. മയക്കം വിട്ടുണരുന്ന കാട്ടാനയെ ബന്ധിച്ച് സൂക്ഷിക്കുന്നതിലെ പ്രായോഗിക പ്രശ്നങ്ങളടക്കം വനംവകുപ്പ് അറിയിച്ചതോടെയാണ് ഹൈക്കോടതി ഇന്നലെ നിർദേശം മാറ്റിയത്. എന്നാൽ ആനയുടെ ആരോഗ്യം തീരെ മോശമാണെന്ന നില വന്നതോടെ കാട്ടിലേക്കയക്കുന്നത് ഒഴിവാക്കുകയായിരുന്നു. ഈ അവസ്ഥയിൽ കാട്ടിലേക്കയച്ചാൽ ആന അതിജീവിക്കില്ലെന്നാണ് റബേക്കയുടെ ഹർജിയിലെ പരാതി.