ഡിജിറ്റൽ, സമൂഹ മാദ്ധ്യമങ്ങൾക്ക് നിയന്ത്രണം; കർശന മാർഗരേഖയുമായി കേന്ദ്രസർക്കാർ.
ഒ.ടി.ടി(ഓവര്‍ ദി ടോപ്) പ്ലാറ്റ്ഫോമുകൾക്ക് കടിഞ്ഞാണിടാനും സാമൂഹിക മാധ്യമങ്ങളെ നിയന്തിക്കുവാനും പുതിയ മാർഗനിർദ്ദേശങ്ങളും നിയന്ത്രണങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. ഓണ്‍ലൈന്‍ വാര്‍ത്ത പോര്‍ട്ടലുകള്‍ അടക്കം സാമൂഹിക മാധ്യമങ്ങള്‍, ഒ.ട.ടി ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ തുടങ്ങിയവയെ കര്‍ശന നിയന്ത്രണത്തിനും നിരീക്ഷണത്തിനും കീഴിലാക്കുന്ന ഇന്‍ഫര്‍ മേഷന്‍ ടെക്‍നോളജി (ഇന്റർമീഡിയറി ഗൈഡ്‌ലൈൻഡ് ആൻഡ് ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡ്-2021) റൂൾസ് ആണ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്നത്. പുതിയ മാര്‍ഗ്ഗ രേഖ പ്രകാരം ഒടിടികള്‍ക്ക് നിർബന്ധിത രജിസ്‌ട്രേഷനില്ല. എന്നാല്‍ ഉള്ളടക്കം തയാറാക്കുന്നവരുടെ വിവരങ്ങൾ കൈമാറണം.
കോഡ് ഓഫ് എത്തിക്‌സ് എന്നതിൽ പ്രസ് കൗണ്‍സിൽ ഓഫ് ഇന്ത്യയുടെ മാധ്യമപ്രവർത്തന ചട്ടങ്ങളും ഉൾപ്പെടും. ഡിജിറ്റൽ ന്യൂസ് മീഡിയ ഈ ചട്ടങ്ങൾ പാലിക്കണം. പുതിയ വാർത്താ വെബ്സൈറ്റുകൾ വാർത്താ വിതരണ മന്ത്രാലയത്തിന്റെ സൈറ്റിൽ രജിസ്റ്റർ ചെയ്യണമെന്നും പുതിയ മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു. രജിസ്ട്രേഷൻ നിർബന്ധമാക്കുന്നില്ലെങ്കിലും ഒടിടി, ഓണ്‍ലൈൻ പോർട്ടലുകൾ രാജ്യത്തെ നിയമ സംവിധാനങ്ങള്‍ ആവശ്യപ്പെട്ടാല്‍ തങ്ങളുടെ വിശദാംശങ്ങൾ വെളിപ്പെടുത്തണം. പ്രസ്തുത വിവരങ്ങൾ ആരായാൻ സർക്കാരിന് അധികാരം നൽകുന്നതാണ് പുതിയ മാർഗരേഖ. അതിനായി ഒടിടി പ്ലാറ്റ്ഫോമുകളുടെയും ഡിജിറ്റൽ പോർട്ടലുകളുടെയും സുതാര്യത ഉറപ്പാക്കാൻ വിരമിച്ച സുപ്രീംകോടതി അല്ലെങ്കിൽ ഹൈക്കോടതി ജഡ്ജി അധ്യക്ഷനായ സമിതിക്കു രൂപം നൽകും. ഏതെങ്കിലും തരത്തിലുള്ള പരാമർശങ്ങളോ ദൃശ്യങ്ങളോ പ്രസ്തുത നിയമങ്ങളെ ലംഘിക്കുന്നു എന്നു കണ്ടെത്തിയാൽ അവ ബ്ലോക്ക് ചെയ്യുന്നതിനും സർക്കാർ നിയന്ത്രിത സമിതിക്കു കൈമാറാൻ ഉത്തരവ് ഇറക്കാനും ഈ സമിതിക്ക് അധികാരമുണ്ട്.
വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം, ലിംഗാടിസ്ഥാനത്തിലുള്ള അധിക്ഷേപം, അശ്ലീലം, കുട്ടികൾക്കെതിരായ ലൈംഗികത, കുട്ടികളെ മോശമായി ബാധിക്കുന്നവ, ചൂതാട്ടം, കള്ളപ്പണം വെളുപ്പിക്കൽ പ്രോത്സാഹനം തുടങ്ങിയവ വിലക്കിയുള്ള നൈതിക ചട്ടവും ഒടിടി കളുടെയും ഓൺലൈൻ ന്യൂസ് പോർട്ടലുകളുടെയും ഡിജിറ്റൽ മീഡിയകളുടെയും പരാതി പരിഹാരത്തിന് കേന്ദ്ര മേൽനോട്ടമടക്കമുള്ള ത്രിതല സംവിധാനവും ഏർപ്പെടുത്തിയുള്ള ഇൻഫർമേഷൻ ടെക്‌നോളജി-2021ലൂടെ ഡിജിറ്റല്‍ മീഡിയകള്‍ക്ക് അടിസ്ഥാനപരമായ കോഡ് ഓഫ് എത്തിക്‌സാണ് കേന്ദ്ര സർക്കാർ ഏര്‍പെടുത്തിയിരിക്കുന്നത്. ബ്ലോഗുകളും ഓൺലൈൻ ചർച്ചാ വേദികളടക്കo പുതിയ നിയമത്തിന്‍റെ പരിധിയിൽ വരും.
സോഷ്യല്‍മീഡിയയുടെ ദുരുപയോഗം വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിൽ ഒടിടി പ്ലാറ്റ്ഫോമുകളുടെ ഉള്ളടക്കം വേര്‍തിരിക്കുകയും ഇവ കുട്ടികള്‍ കാണുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. പരാതികള്‍ ഉണ്ടായാല്‍ അവ പരിഹരിക്കുന്നതിനായി പരാതി പരിഹാര ചട്ടക്കൂട് ഉണ്ടാക്കുകയാണ് പുതിയ നിയമങ്ങളുടെ ലക്ഷ്യം. അതിനായി കേന്ദ്ര മേൽനോട്ടമടക്കമുള്ള ത്രിതല സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒടിടി നിയന്ത്രണങ്ങളിലെ ത്രിതല സംവിധാനത്തിലെ ആദ്യ തലം അതാത് സ്ട്രീമിങ് പ്ലാറ്റ്ഫോമുകളുടെ പരിധിയിൽ വരുന്നതാണ്. അതിനു മുകളിൽ ഒരു സെൽഫ് റെഗുലേറ്ററി ബോഡിയും ഏറ്റവും മുകളിൽ വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള ഓവർസൈറ്റ് മെക്കാനിസവും ഉണ്ടാവും. ഒടിടി പ്ലാറ്റ്ഫോമുകളിലും ഡിജിറ്റൽ പോർട്ടലുകളിലും പരാതി പരിഹാര സംവിധാനം ഉണ്ടായിരിക്കണം. ഇതിന് സുപ്രീം കോടതിയിൽ നിന്നോ ഹൈക്കോടതിയിൽ നിന്നോ വിരമിച്ച ജഡ്ജിമാർ നേതൃത്വം നൽകണം. മതവികാരം വ്രണപ്പെടുത്തുന്ന ഉള്ളടക്കങ്ങൾ കർശനമായി നിയന്ത്രിയ്ക്കണം. ദേശവിരുദ്ധത, ലൈംഗികത, അക്രമം എന്നിവയെ പ്രോത്സാഹിപ്പിക്കരുത്.
ഒടിടി പ്ലാറ്റ്ഫോമുകളില്‍ സ്ട്രീമിങ്ങിലൂടെ നഗ്നത കാണിക്കുന്ന ദൃശ്യങ്ങൾ പ്രദർശിപ്പിക്കുന്നു എന്ന് വ്യാപകമായി ആരോപണം ഉയർന്നിരുന്നു. അതിനാല്‍ ഇനിമുതല്‍ ഒടിടി പ്ലാറ്റ്ഫോമുകളുടെ ഉള്ളടക്കം വേര്‍തിരിക്കണം. ഇവര്‍ കുട്ടികള്‍ കാണുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ അഡൾട്ട് കണ്ടൻ്റുകൾക്ക് 18+ സർട്ടിഫിക്കറ്റ് നൽകണം എന്ന് നിർദ്ദേശത്തിലുണ്ട്. 18 വയസ്സ് തികയാത്തവർ ഈ കണ്ടൻ്റുകൾ കാണാൻ പാടില്ല. 6 വിഭാഗങ്ങളിലായി ഉള്ളടക്കങ്ങൾ വർഗീകരിക്കണം. U (യൂണിവേഴ്സൽ), U/A – പൊതുവായ ഉള്ളടക്കം, U/A 7+, U/A 13+, U/A 16+ എന്നിങ്ങനെയാണ് 18+ ഒഴികെയുള്ള വിഭാഗങ്ങൾ. U/A 7+ വിഭാഗത്തിൽ വയലൻസ് സീനുകൾ അനുവദിക്കും. എന്നാൽ അത് ഫാൻ്റസി, കോമഡി എന്നീ വിഭാഗങ്ങളിൽ ഉൾപ്പെട്ടവ ആയിരിക്കണം. നഗ്നതയോ മറ്റ് ലൈംഗിക ഉള്ളടക്കമോ ഇവയിൽ ഉണ്ടാവരുത്. U/A 13+ വിഭാഗത്തിൽ ഗ്രാഫിക്കൽ വയലൻസ് ആവാം. എന്നാൽ, ഒരുപാട് രക്തം പുരണ്ട സീനുകൾ പാടില്ല. സ്വയം വേദനിപ്പിക്കുന്ന സീനുകളും ഉണ്ടാവുന്നതിൽ കുഴപ്പമില്ല. എന്നാൽ, അവ വിശദമായി കാണിക്കരുത്. നഗ്നതയും ലൈംഗിക ഉള്ളടക്കവും അനുവദിക്കം. എന്നാൽ സെക്ഷുവൽ റഫറൻസുകളുടെ ഗ്രാഫിക്കൽ വിവരങ്ങൾ പാടില്ല. 16 വയസ്സിനു മുകളിലുള്ള പ്രേക്ഷകർക്കാണ് U/A 16+ ക്യാറ്റഗറി. ഗ്രാഫിക്കൽ വയലൻസ്, ലൈംഗികാതിക്രമങ്ങൾ, സ്വയം വേദനിപ്പിക്കുന്ന സീനുകൾ ഇവയൊക്കെ അനുവദിക്കും. ലൈംഗിക ഉള്ളടക്കവും നഗ്നതയും കാണിക്കാം. എന്നാൽ, കൂടുതൽ ഗ്രാഫിക്കൽ ആവാനോ അധികമാവാനോ പാടില്ല. മയക്കുമരുന്ന് ഉപയോഗ സീനുകൾ കാണിക്കാം. പ്രോത്സാഹിപ്പിക്കാൻ പാടില്ല. അഡൾട്ട് വിഭാഗത്തിൽ ഈ നിയന്ത്രണങ്ങൾ ഇല്ല. ഭാഷയിലും ലൈംഗിക, നഗ്നതകളിലുമൊന്നും നിയന്ത്രണങ്ങൾ ഇല്ല. ക്രിമിനൽ നിയമങ്ങളുടെ ലംഘനമില്ലെങ്കിൽ നിയമവിരുദ്ധ ലഹരിവസ്തുക്കളുടെ ഉപയോഗവും സീനുകളിൽ ഉൾപ്പെടുത്താം.
സ്ത്രീകൾക്കെതിരെ നഗ്ന ചിത്രം, സന്ദേശം, കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങൾ തുടങ്ങിയവയ്‌ക്കെതിരെ പരാതി ലഭിച്ചാൽ 24 മണിക്കൂറിനകം നീക്കിയിരിക്കണം. രാജ്യത്തിന്റെ പരമാധികാരം, അഖണ്ഡത, ഐക്യം, പ്രതിരോധം, വിദേശരാജ്യങ്ങളുമായുള്ള ബന്ധം, ക്രമസമാധാനം എന്നിവയെ ബാധിക്കുന്ന പോസ്റ്റുകളും നീക്കം ചെയ്യണം. അധികൃതർ വിലക്കുന്ന അധിക്ഷേപകരമായ ഉള്ളടക്കങ്ങൾ 36 മണിക്കൂറിനുള്ളിലും മാറ്റണം. പോസ്റ്റുകൾ നീക്കം ചെയ്യുന്നത് കാരണ സഹിതം മുൻകൂട്ടി അറിയിക്കണം. കോടതിയോ സർക്കാരോ ആവശ്യപ്പെട്ടാൽ അധിക്ഷേപകരമായ പോസ്റ്റുകൾ ആരാണ് ആദ്യം പങ്കുവച്ചതെന്ന വിവരം കൈമാറണം. ഒടിടി പ്ലാറ്റ്ഫോമുകള്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തണം. കോടതിയുടെയോ സർക്കാരിന്റെയോ ഉത്തരവ് പ്രകാരം അപകീർത്തികരമായ ഉള്ളടക്കത്തിനു രൂപം നൽകിയ വ്യക്തിയുടെ വിവരങ്ങൾ കൈമാറാൻ സോഷ്യൽമീഡിയ തയാറാവണം. ചട്ടങ്ങൾ ലംഘിച്ചുള്ള പോസ്റ്റുകൾ ഇന്ത്യയിൽ ആരാണ് ആദ്യം പങ്കുവച്ചത് എന്നതിന്‍റെ വിവരങ്ങൾ നൽകണം.
ട്വിറ്റർ, ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമ സംവിധാനങ്ങൾക്കും വിവിധ തരത്തിൽ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ദോഷകരമായ പോസ്റ്റുകളും മറ്റും കണ്ടെത്തി നീക്കം ചെയ്യാൻ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സംവിധാനം ഏർപ്പെടുത്തണം. വാട്സപ്പ് പോലെ മെസേജിംഗ് ആപ്പുകളിൽ ഫോർവേഡ് മെസേജുകൾ ആദ്യം ചെയ്ത ആളെ കണ്ടെത്താനുള്ള സംവിധാനം ഏർപ്പെടുത്തണം. പരാതി പരിഹാര ഉദ്യോഗസ്ഥൻ ഇന്ത്യയിൽ താമസിക്കണം. അവരുടെ പേരും അഡ്രസ്സും നന്പറും അടക്കം വിശദവിവരങ്ങള്‍ അതതു സ്ഥാപനങ്ങള്‍ വിജ്ഞാപനം ചെയ്യണം. പരാതികളിൽ 15 ദിവസത്തിനകം പരിഹാരം കാണണം. അടിയന്തര നടപടികൾ ആവശ്യമുള്ള കേസുകൾ കൈകാര്യം ചെയ്യാൻ റെസിഡന്റ് ഗ്രീവൻസ് ഓഫീസറും നിയമനിർവഹണ ഏജൻസികളുമായി 24 മണിക്കൂറും സഹകരിക്കാൻ നോഡൽ ഓഫീസറും ഉണ്ടായിരിക്കണം. പരാതി സ്വീകരിച്ച അറിയിപ്പ് 24 മണിക്കൂറിനകം നൽകണം. 15 ദിവസത്തിനകം തീർപ്പുണ്ടാക്കണം. ലഭിച്ച പരാതികളും എടുത്ത നടപടികളും നീക്കം ചെയ്ത ഉള്ളടക്കങ്ങളുടെ വിവരങ്ങളും എല്ലാ മാസവും പ്രസിദ്ധീകരിക്കണം.
[ഇന്ത്യയിലെ സോഷ്യൽമീഡിയ ഉപയോക്താക്കൾ: വാട്‌സാപ്പ് – 53 കോടി, യുട്യൂബ് – 44കോടി, ഫേസ്ബുക്ക് – 41 കോടി, ഇൻസ്റ്റഗ്രാം- 21, കോടി ട്വിറ്റർ- 1കോടി] [NB: ഓവർ ദ ടോപ് (Over the Top) എന്നതിന്‍റെ ചുരുക്കെഴുത്താണ് ഒ.ടി.ടി(O.T.T). കേബിൾ നെറ്റ്വർക്ക് വഴിയല്ലാതെ, ഇന്റർനെറ്റ് വഴി ഉപഭോക്താവിന് ടിവി പ്രോഗ്രാമുകൾ / സിനിമകൾ തുടങ്ങിയവ എത്തിച്ചു നൽകുന്ന സംവിധാനമാണ് ഒടിടി. കംപ്യൂട്ടർ/സ്മാർട്ട് ഫോൺ/ സ്മാർട്ട് ടിവി എന്നിവ ഉപയോഗിച്ച് ഒടിടി നെറ്റ്വർക്കിലെ/പ്ലാറ്റ്ഫോമിലെ പ്രോഗ്രാമുകൾ കാണാം. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ഡിസ്നി ഹോട്സ്റ്റാർ, എച്ച്ബിഒ, നൗ തുടങ്ങിയ പ്രശസ്തമായ ഒടിടി പ്ലാറ്റ്ഫോമുകളാണ്. കേബിൾ നെറ്റ്വർക്ക് പോലെ ഒടിടിയും പണമടച്ചാണു വരിക്കാരാവേണ്ടത്.]

