രാജ്യത്താകെ ഭീതി പടർത്തി കളമശ്ശേരിയിൽ സ്ഫോടന പരമ്പര. പ്രതി കീഴടങ്ങി.
രാജ്യത്താകെ ഭീതി പടർത്തി കളമശ്ശേരിയിലെ സാമ്ര കൺവെൻഷൻ സെന്ററിൽ സ്ഫോടന പരമ്പര. യഹോവയുടെ സാക്ഷികളുടെ കൺവെൻഷൻ നടക്കവേ ഹാളിനുള്ളിൽ ടിഫിൻ ബോക്സിൽ സ്ഥാപിച്ചിരുന്ന മൂന്നു ബോംബുകൾ സെക്കൻഡുകളുടെ വ്യത്യാസത്തിൽ പൊട്ടിത്തെറിച്ച് തീ പടരുകയായിരുന്നു. സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. തൊടുപുഴ കാളിയാർകുളത്തിൽ പരേതനായ പുഷ്പന്റെ ഭാര്യ കുമാരിയും (53) കുറുപ്പംപടി സ്വദേശി ലയോണ പൗലോസ് (60), കാലടി മലയാറ്റൂർ സ്വദേശി ലിബിന (12) എന്നിവരാണ് മരിച്ചത്. സ്ഫോടനത്തില്‍ 52 പേർക്ക് പരിക്കേറ്റു. അതില്‍ ആറു പേരുടെ നില അതീവ ഗുരുതരമാണ്. 18 പേര് ഐസിയുവിലാണ്. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കൊച്ചി സ്വദേശി ഡൊമിനിക് മാർട്ടിൻ കൊടകര പൊലീസിൽ കീഴടങ്ങി. മുന്‍പ് യഹോവയുടെ സാക്ഷികളുടെ വിഭാഗത്തില്‍ പെട്ട ഇയാൾതന്നെയാണ് പ്രതിയെന്ന് പൊലീസ് സ്ഥിരീകരിച്ചു. ബോംബ് പൊട്ടിക്കാൻ ഉപയോഗിച്ച റിമോട്ടും പൊട്ടിക്കുന്ന ദൃശ്യങ്ങളും ഇയാൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറി. കേന്ദ്ര ഏജൻസികളും എന്‍ഐഎയും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. മറ്റു ബന്ധങ്ങൾ ഉണ്ടോയെന്ന് സംശയിക്കുന്നതിനാൽ അന്വേഷണം തുടരും.
രാവിലെ 9.30നോടെ കൺവെൻഷൻ തുടങ്ങി മിനിട്ടുകള്‍ക്കുള്ളിലായിരുന്നു സ്ഫോടനം. 2400 ഓളംപേർ ഹാളിലുണ്ടായിരുന്നു. റിമോട്ട് കൺട്രോൾ ഉപയോഗിച്ച് മൂന്നു ബോംബുകൾ പൊട്ടിച്ചെന്നാണ് ഡൊമിനിക് മാർട്ടിന്റെ കുറ്റസമ്മതം. ടിഫിൻ ബോക്സിലാക്കിയ ബോംബുമായി സ്കൂട്ടറിൽ കൺവെൻഷൻ സെന്ററിലെത്തി. ടിഫിൻ ബോക്സിനൊപ്പം കുപ്പിയിൽ പെട്രോളും സ്ഥാപിച്ചശേഷം പ്രാർത്ഥന ആരംഭിച്ചപ്പോൾ റിമോട്ട് ഉപയോഗിച്ച് സ്ഫോടനം നടത്തുകയായിരുന്നു. പിന്നീട് പുറത്തിറങ്ങി സ്കൂട്ടറിൽ സ്ഥലംവിട്ടു. തുടർന്ന് ഫേസ്ബുക്കിൽ ബോംബ് വച്ചത് വിവരിച്ചശേഷമാണ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. ഇന്റർനെറ്റ് നോക്കിയാണ് ബോംബുണ്ടാക്കാൻ പഠിച്ചതെന്ന് ഡൊമിനിക് മൊഴി നൽകി.
എന്തു സംഭവിച്ചു എന്ന് കൃത്യമായി എനിക്കറിയില്ല. എന്നിരുന്നാലും സംഭവിച്ചിട്ടുണ്ട്. അതിന്റെ പൂർണ്ണ ഉത്തരവാദിത്വം ഞാൻ ഏറ്റെടുക്കുകയാണ്. പ്രതി ഡൊമിനിക് മാർട്ടിൻ ഫേസ്ബുക്കിലിട്ട സെൽഫി വീഡിയോയിൽ പറയുന്നു. 16 വർഷത്തോളം ഞാനീ പ്രസ്ഥാനത്തിന്റെ കൂടെ ഉണ്ടായിരുന്നു. ആറ് വർഷം മുമ്പ് ചിന്തിച്ചപ്പോൾ ഇവരുടേത് തെറ്റായ പ്രസ്ഥാനമാണെന്നും ഇതിൽ പഠിപ്പിക്കുന്നത് രാജ്യദ്രോഹമാണെന്നും മനസ്സിലാക്കാൻ കഴിഞ്ഞു. തിരുത്തണമെന്ന് പലവട്ടം ആവശ്യപ്പെട്ടെങ്കിലും അവർ തയ്യാറായില്ല. ഒരുരാജ്യത്ത് ജീവിച്ചുകൊണ്ട് ആ രാജ്യത്തെ ജനങ്ങളെ മുഴുവൻ മോശമായ ഭാഷയിൽ വിശേഷിപ്പിക്കുകയും അവരോട് കൂടരുതെന്നും കൂടെ ഭക്ഷണം കഴിക്കരുതെന്നും പഠിപ്പിക്കുകയും ചെയ്യുന്ന പ്രസ്ഥാനമാണിത്. മാതാപിതാക്കൾ നാല് വയസുമുതൽ കുട്ടിയുടെ തലച്ചോറിലേക്ക് വിഷം കുത്തിവയ്ക്കുകയാണ്. കുട്ടികളോട് ദേശീയ ഗാനം പാടരുതെന്ന് പറയുകയും മുതിരുമ്പോൾ വോട്ട് ചെയ്യരുതെന്ന് പഠിപ്പിക്കുകയും ആണ് ചെയ്യുന്നത്. സൈനിക സേവനം ചെയ്യരുത്, ഗവ.സർവീസിൽ ജോലി ചെയ്യാൻ പാടില്ല, ടീച്ചർ ആകാൻ പോലും അനുവദിക്കുന്നില്ല. രാഷ്ട്രീയക്കാരോട് പരാതി പറഞ്ഞാല്‍ അവര്‍ വോട്ട് ബാങ്ക് മാത്രമാണ് ശ്രദ്ധിക്കുക. അതിനാല്‍ ജനശ്രദ്ധ ഇതിലേക്ക് കൊണ്ടുവരുവാനാണ് ശ്രമിക്കുന്നതെന്ന് വീഡിയോയിലൂടെ ഡോമിനിക് മാര്ട്ടിന് അവകാശപ്പെടുന്നു.
കീഴങ്ങുവാനായി പ്രതി ഡൊമിനിക് കൊടകര സ്റ്റേഷനിൽ എത്തുമ്പോൾ സമയം ഉച്ചയ്ക്ക് ഒന്നര മണി. കുറച്ചു നേരം അവിടെ ചുറ്റിത്തിരിഞ്ഞ ശേഷം ഫ്രണ്ട് ഓഫീസിലെ ഉദ്യോഗസ്ഥനോട് കുറ്റസമ്മതം നടത്തി. ആദ്യം പോലീസ് അത് വിശ്വസിച്ചില്ല. മാനസികാസ്വാസ്ഥ്യമുള്ള ആളാകുമെന്നായിരുന്നു സംശയം. എന്നാല്‍ തെളിവുകള്‍ നിരത്തി സംഭവകഥ കൃത്യമായി വിവരിക്കാൻ തുടങ്ങിയപ്പോൾ പൊലീസുകാർ ഞെട്ടി. തുടര്‍ന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. പ്രതി കീഴടങ്ങിയെന്ന വിവരം കാട്ടുതീ പോലെ പരന്നു.
ഡൊമിനിക്ക് കീഴടങ്ങിയതിന് പിന്നാലെ തമ്മനത്തെ ഡൊമിനിക്കിന്റെ വീട്ടിലേക്ക് കളമശ്ശേരി പൊലീസെത്തി ഭാര്യയുടെ മൊഴിയെടുത്തു. രണ്ടര പതിറ്റാണ്ടായി ഡൊമിനിക്കും ഭാര്യയും യഹോവയുടെ സാക്ഷികളുടെ വിശ്വാസികളാണ്. ദുബായിയിൽ കെട്ടിട നിർമ്മാണ കമ്പനിയിലെ ഫോർമായിരുന്ന ഡൊമിനിക്ക് ഒരുമാസം മുമ്പാണ് തിരിച്ചെത്തിയത്. സ്പോക്കൺ ഇംഗ്ലീഷ് അക്കാഡമി നടത്തിയിരുന്ന ഡോമിനിക് കോവിഡ്നെ തുടന്ന് സ്ഥാപനം പൂട്ടുകയായിരുന്നു. ഇടയ്ക്ക് കുറച്ചു കാലം വീട് നിർമ്മിച്ച് വിൽക്കുന്ന ബിസിനസ് ചെയ്തിരുന്നു. രണ്ട് മക്കളിൽ മൂത്തയാൾ വിദേശത്താണ്.