അതിർത്തി കടന്നു കയറി ഇസ്രയേൽ. പീരങ്കിപ്പടയുടെ പ്രഹരത്തിൽ തകര്‍ന്നടിഞ്ഞ് ഗാസ.
അതിർത്തി കടന്നു കയറിയ ഇസ്രയേൽ പീരങ്കിപ്പടയുടെ പ്രഹരത്തിൽ തകര്‍ന്നടിഞ്ഞ് ഗാസ. വടക്കന്‍ ഗാസയിലേക്ക് ഇരച്ചെത്തിയത് സര്‍വ്വായുധ സജ്ജരായ കരസേനയാണെങ്കില്‍ അവര്‍ക്കകന്പടിയായി കനത്ത വ്യോമാക്രമണവും കൂടിയായപ്പോള്‍ ഗാസ സ്ട്രിപ്പ് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിവിറച്ചു. ഹമാസ് തീവ്രവാദികളുടെ തുരങ്കസൃംഗലകള്‍ ലക്ഷ്യമിട്ട് ആക്രമണം ഇസ്രായേല്‍ ആരംഭിച്ചതോടെ ടണലുകളില്‍ ഒളിച്ചിരുന്ന ഹമാസ് വ്യോമസേനയുടെ തലവൻ അസീം അബു റകാബയും നാവിക സേനാ കമാൻഡർ റാതെബ് അബു സാഹിബയുംഅടക്കം നിരവധി ഹമാസ് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. 150ലേറെ ഭൂഗർഭ കേന്ദ്രങ്ങൾ തകർത്തുവെന്ന് ഇസ്രയേൽ അവകാശപ്പെട്ടു. ഒക്ടോബർ 7ന് ഹമാസിന്റെ പാരാഗ്ലൈഡർമാർ ഇസ്രയേലിലേക്ക് പറന്നിറങ്ങിയത് അസീം അബുവിന്റെ നിർദ്ദേശപ്രകാരമായിരുന്നു. കടൽമാർഗം ഇസ്രയേലിലേക്ക് കടന്നു കയറാൻ ശ്രമിച്ചത് റാതെബിന്റെ നേതൃത്വത്തിലായിരുന്നു.

ഇസ്രായേല്‍ നടത്തിയ തുടര്‍ച്ചയായ മിസൈൽ ആക്രമണത്തിൽ വാർത്താ വിനിമയ ബന്ധങ്ങൾ പൂർണമായും തകർന്ന് ഗാസ പുറം ലോകത്തിൽ നിന്ന് ഒറ്റപ്പെട്ടു. ഹമാസിന്റെ കെണിബോംബുകളിൽ കുടുങ്ങാതിരിക്കാൻ വളരെ പതുക്കെയാണ് ഇസ്രായേല്‍ സേനയുടെ മുന്നേറ്റം. ഭൂഗർഭ അറകളിൽ തമ്പടിച്ചിരിക്കുന്ന ഹമാസ് സംഘങ്ങളെ ഒറ്റപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് വാർത്ത വിനിമയബന്ധങ്ങൾ പൂർണമായും തകർത്തത്. പരസ്പരം ബന്ധപ്പെടാൻ കഴിയാതെ ഗാസയിലെ ജീവകാരുണ്യ പ്രവർത്തനങ്ങള്‍ താറുമാറായി. തങ്ങളുടെ ഏജൻസികൾക്ക് പരസ്പരം ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് യുഎന്‍ ഏജന്‍സികള്‍ അറിയിച്ചു.

ഇസ്രായേല്‍ ആക്രമണം കടുപ്പിച്ചതോടെ ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 7600 ആയി. 24 മണിക്കൂറിനിടെ ഗാസയിൽ യുഎന്‍ അഭയാർത്ഥി ഏജൻസിയുടെ 14 ജീവനക്കാർ കൊല്ലപ്പെട്ടു. മാദ്ധ്യമപ്രവർത്തകരുടെ സുരക്ഷ ഗാസയിൽ ഉറപ്പാക്കാനാകില്ലെന്ന് ഇസ്രയേൽ അറിയിച്ചു. ഹമാസിന്റെ ഒക്‌ടോബർ 7ലെ ഭീകരാക്രമണത്തിനെതിരെ ഇസ്രായേൽ തിരിച്ചടിക്കാൻ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും തീവ്രമായ വ്യോമാക്രമണമാണ് ഇപ്പോള്‍ നടക്കുന്നത്. ഗാസയിലെ യുദ്ധം “ദീർഘകാലം നീണ്ടുനിൽക്കുമെന്ന്” ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ശനിയാഴ്ച മുന്നറിയിപ്പ് നല്‍കി. അതേസമയം, തന്റെ രാജ്യം “യുദ്ധത്തിൽ ഒരു പുതിയ ഘട്ടത്തിലേക്ക്” പ്രവേശിച്ചുവെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പ്രസ്താവനയിൽ പറഞ്ഞു.
