വൈകിവന്ന വിവേകം. 118(A)ല്‍ നിന്നും പിന്മാറുന്നുവെന്നു മുഖ്യമന്ത്രി. വിഷണരായി സോഷ്യല്‍ മീഡിയകളിലെ ഫ്രീക്കന്മാര്‍…!

Print Friendly, PDF & Email

മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടകശനി വിടാതെ പിന്തുടരുകയാണ്. തൊടുന്നതെല്ലാം പാളുന്നു. വിവാദങ്ങള്‍ വിടാതെ പിന്തുടരുന്നു. ജനങ്ങളുടെ വാമൂടിക്കെട്ടി ഇതില്‍ നിന്നും രക്ഷപെടുവാന്‍ അവസാനം കണ്ട വഴിയായിരുന്നു പോലീസ് ആക്ടില്‍ ഭേദഗതി വരുത്തുക എന്നത്. എന്നാല്‍ ഈ നിയമഭേദഗതിക്കെതിരെ പൊതു സമൂഹത്തില്‍ നിന്നു മാത്രമല്ല പാർട്ടിക്കുള്ളിലും മുന്നണിയിലും നിന്നടക്കം ഉണ്ടായ ശക്തമായ വിമർശനങ്ങൾക്കൊടുവില്‍ പോലീസ് ആക്ട് ഭേദഗതി വരുത്തി പുറത്തിറക്കിയ ഓര്‍ഡിനന്‍സ് തല്‍ക്കാലം നടപ്പിലാക്കുന്നില്ല നിയമം നടപ്പാക്കുന്നതിൽ നിന്ന് പിൻമാറുന്നു എന്ന് പ്രസ്താവന ഇറക്കുവാന്‍ നിര്‍ബന്ധിതനായി തീര്‍ന്നിരിക്കുകയാണ് മുഖ്യമന്ത്രി. ഇതുമായി ബന്ധപ്പെട്ട് വിശദമായ ചർച്ച നിയമസഭയിൽ നടത്തി അഭിപ്രായം കേട്ടശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നാണ് മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ വിശദീകരണം.

വിവിധ മേഖലകളിൽ നിന്നും വ്യാപകമായ വിമർശനമാണ് പൊലീസ് നിയമഭേദഗതിയിൽ ഉയർന്ന് വന്നത്. സോഷ്യല്‍ മീഡിയകളില്‍ പൊങ്കാലയുടെ വെടിക്കെട്ടുയര്‍ന്നു. പ്രതിപക്ഷവും ബിജെപിയും സർക്കാരിനെതിരെ ആഞ്ഞടിച്ചു. സിപിഎം കേന്ദ്ര നേതൃത്വം പോലും കടുത്ത അതൃപ്തി രേഖപ്പെടുത്തി. അതോടെ വലിയ പ്രതീക്ഷയോടെ കൊണ്ടുവന്ന ഭേദഗതി ഓര്‍ഡിനന്‍സ് 24 മണിക്കൂറിനകം പിന്‍വലിക്കേണ്ട ഗതികേടിലായി മുഖ്യമന്ത്രി.

എന്നാല്‍ ഇതുകൊണ്ടൊന്നും പ്രതിപക്ഷം അടങ്ങുന്നില്ല. പൊലീസ് നിയമഭേദഗതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തട്ടിപ്പാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറയുന്നു. മാധ്യമ മാരണ നിയമം പിന്‍വലിക്കുകയാണ് വേണ്ടത്. ഒരു നിയമം നിലവില്‍ വന്ന ശേഷം അത് നടപ്പാക്കില്ലന്ന് പറയാന്‍ മുഖ്യമന്ത്രിക്കെന്നല്ല ആര്‍ക്കും കഴിയില്ല. നിയമം പിന്‍വലിക്കാതിരുന്നാല്‍ പൊലീസിന് അതുപയോഗിച്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്യാനാകുമെന്നും ചെന്നിത്തല പറഞ്ഞു.

എന്നാല്‍ ‘വീണടം വിഷ്ണുലോകം’ ആക്കുവാന്‍ ആണ് സിപിഎംന്‍റെ ശ്രമം. “പരിമിതികൾ ചൂണ്ടിക്കാണിച്ചാൽ ആശങ്കകൾ അകറ്റുക എന്നതാണ് ജനാധിപത്യ മാതൃക. അതാണ് ഇപ്പോൾ ഉണ്ടായതെ”ന്ന് പാര്‍ട്ടി സെക്രട്ടറി വിജയരാഘവന്‍ ന്യായീകരിക്കുന്നു. പൊലീസ് ഭേദ​ഗതി നിയമത്തില്‍ ഉയർന്ന് വന്ന സദുദ്ദേശപരമായ നിർദ്ദേശങ്ങളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി തീരുമാനമെടുത്തതെന്നാണ് വിജയരാഘവന്‍റെ പക്ഷം. എന്നാല്‍ സിപിഎംന്‍റെ ഭാഗത്തു നിന്ന് സദുദ്ദേശപരമായ നിർദ്ദേശങ്ങള്‍ ഉണ്ടായോ എന്ന ചോദ്യത്തിന് താർക്കിക പ്രാധാന്യമാണ് ചോദ്യം എന്ന മറുപടിയുമായി വിജയരാഘവന്‍ വ്ഴാഞ്ഞിലിനേപോലെ വഴുതിമാറി. എന്തിനു വേണ്ടിയാണ് കടാമുട്ടന്മാരായ എട്ടോളം ഉപദേശകരെ പാവം മുഖ്യമന്ത്രി തീറ്റിപ്പോറ്റുന്നതെന്നാലോചിച്ച് വിഷണരായിരിക്കുകയാണ് സോഷ്യല്‍ മീഡിയകളിലെ ഫ്രീക്കന്മാര്‍. എന്തായാലും മാനനഷ്ടക്കേസുകളുടെ വെടിക്കെട്ട് കാണാന്‍ കഴിയാതെ ചീറ്റിപ്പോയതില്‍ ആശ്വസിക്കുകയാണ് കേരളീയര്‍.

  •  
  •  
  •  
  •  
  •  
  •  
  •