ഉയരും മുമ്പേ വീണുടഞ്ഞ അപമാന’ ആക്ട്. വെട്ടിലായത് മുഖ്യമന്ത്രി.

Print Friendly, PDF & Email

സ്വാതന്ത്ര്യം, ജനാധിപത്യം എന്നൊക്കെ നെറ്റിയില്‍ പതിപ്പിച്ചു നടക്കുന്ന ഇടതുപക്ഷ പ്രസ്ഥാനം 118 എ എന്ന പൊലീസ് ആക്ട് നടപ്പാക്കാന്‍ ശ്രമിച്ച് അധികം താമസിയാതെ അതേ ആക്ടില്‍ കാല്‍തട്ടി ഉച്ചികുത്തി വീണു പരുക്കേറ്റു. നടപ്പാക്കും മുമ്പ് മരവിച്ചു വീഴാനായിരുന്നു ആ മാരകമായ ചട്ടത്തിന്‍റെ വിധി.അത്രമാത്രം ശക്തമായ പ്രതിഷേധശരങ്ങളാണ് നാനാ ഭാഗത്തുനിന്നും
ഇടതു മുന്നണിക്കു മേല്‍ വന്നു പതിച്ചത്. കേരളത്തില്‍ മാത്രമല്ല, രാജ്യത്തിന്‍റെ

പല ഭാഗത്തുനിന്നും തിരിച്ചടി വന്നതോടെ സര്‍ക്കാരിന് ഇതില്‍ നിന്നു തലയൂരുകയല്ലാതെ മറ്റു നിവൃത്തിയില്ലെന്നു വന്നു. പാര്‍ട്ടി പോളിറ്റ് ബ്യൂറോയും യോജിക്കാതെ വന്നതോടെ കേരള സര്‍ക്കാരിനും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിനും പിന്നാക്കം പോകാതെ തരമില്ലെന്നായി. ഓര്‍ഡിനന്‍സ് പിന്‍വലിക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങളൊന്നും സര്‍ക്കാരിനു മുന്നില്‍ ഇല്ലായിരുന്നു. 118 എ നടപ്പാക്കിയാല്‍ നേരിടാവുന്ന ഭവിഷ്യത്തുക്കള്‍ എന്തെല്ലാമെന്നു ശാക്ഷര കേരളത്തിലെ ഏത് കൊച്ചുകുട്ടികള്‍ക്കും അറിയാം. അറിവില്ലാത്തത് മുഖ്യമന്ത്രിക്കും അദ്ദേഹം തീറ്റിപ്പോറ്റുന്ന ചുറ്റുമുള്ള കുറേ വൈജ്ഞാനിക വേതാളങ്ങള്‍ക്കും പിന്നെ കുറേ ന്യായീകരണ തൊഴിലാളികള്‍ക്കും മാത്രം

നിങ്ങള്‍ പറയുന്നത് ആര്‍ക്കെങ്കിലും തെറ്റെന്ന് തോന്നിയാല്‍ അഥവ ആരുടെയെങ്കിലും തെറ്റുകളെപ്പറ്റി പറഞ്ഞാല്‍ പറയുന്നവന്‍ മൂന്നു വര്‍ഷം വരെ തടവും പതിനായിരം രൂപ പിഴയും കൊടുക്കാന്‍ തയ്യാറായിട്ടുവേണം വായ് തുറക്കാന്‍. മാധ്യമങ്ങളില്‍ വാര്‍ത്തയോ ചിത്രമോ വ്യാജമാണെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ കുറ്റം ചുമത്താനായിരുന്നു ചട്ടം. ആര്‍ക്കും ആര്‍ക്കെതിരെയും പരാതി നല്‍കാം പോലീസിനു തന്നെ നേരിട്ട് കേസെടുക്കാം അറസ്റ്റ് ചെയ്യാം എന്തൊരു വ്യവസ്ഥ…!. മുമ്പായിരുന്നെങ്കില്‍ അപമാനിതനായ ആള്‍ പരാതപ്പെട്ടാല്‍ കോടതി നിര്‍ദ്ദേശ പ്രകാരം കേസ് എടുക്കുകയായിരുന്നു പതിവ്. എന്നാല്‍ പുതിയ ചട്ടമാകട്ടെ വഴിയേ പോകുന്ന ആര്‍ക്കും ആര്‍ക്കെതിരെയും പരാതി കൊടുത്തു കുടുക്കാം. ഇത് ഏതെല്ലാം തരത്തില്‍ പ്രയോഗിക്കുമെന്നത് പ്രവചനാതീതo. വരാനിരുന്നത് വെടിക്കെട്ട് പൂരത്തിന്‍റെ നാളുകള്‍.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളെ നിയന്ത്രിക്കാന്‍ എന്ന പേരിലുള്ള സര്‍ക്കാരിന്‍റെ നിയമഭേദഗതി മാധ്യമ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റമാകും എന്ന് പലരും തുറന്നു പറഞ്ഞു. വ്യാജ വാര്‍ത്തയെന്ന് ആര് പരാതി നല്‍കിയാലും ഇല്ലങ്കിലും കേസെടുക്കാന്‍ പൊലീസിന് അധികാരം നല്‍കുന്നത് ദുരുപയോഗം ചെയ്യപ്പെടും
എന്ന വിമര്‍ശനവും ഉയര്‍ന്നു. അവിമതിയില്‍ മുങ്ങി താഴുന്നതിനിടയില്‍ പഞ്ചായത്തു തിരഞ്ഞെടുപ്പും പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പും വരുന്ന സാഹചര്യത്തില്‍ പൗരന്‍റെയും മാധ്യമങ്ങളുടേയും വാമൂടിക്കെട്ടി അടിസ്ഥാന അവകാശത്തെ അടിച്ചമര്‍ത്താനുള്ള നീക്കമാണ് ഭരണകക്ഷിക്ക് വിനയായത്. ഈ നിയമത്തില്‍ എവിടെയാണ് സ്വാതന്ത്ര്യം?, എവിടെയാണ് ജനാധിപത്യം??, എവിടെയാണ് സോഷ്യലിസം???. അല്ലാ, അതൊന്നും ഇല്ലാത്തതിനാലാണല്ലോ വിമര്‍ശനങ്ങളുടെ കൂരമ്പേറ്റ് 118 (എ) എന്ന പൊലീസ് ആക്ട് 24 മണിക്കൂറിനകം അകാലമൃത്യുവിന് ഇരയായത്.

ജനാധിപത്യ ഇന്ത്യന്‍ റിപ്പബ്ലിക്കിലെ ഒരു സംസ്ഥാനം മാത്രമാണ് കേരളം എന്ന വിചാരം ഇടതുമുന്നണിക്ക് ഇല്ലാതെ പോകുന്നതിനാലാണ് ഇത്തരം നടപടികള്‍ പൊന്തി വരുന്നത്. അധികാരം തലക്കു പടിക്കുന്പോള്‍ ചിലര്‍ക്ക് കണ്ണുകാണില്ല എന്നു പറയുന്നതുപോലെയാണ് ഇത്. കിനാശ്ശേരി റിപ്പബ്ലിക്കിലെ രാശാവായി എന്നാണ് വിചാരം. കമ്യൂണിസ്റ്റ് ലോകത്തിലെ ഭരണാധിപന്മാര്‍ക്കുണ്ടാകുന്ന ഒരു തരം മാനസിക വിഭ്രാന്തിയുടെ പുതിയൊരു വേര്‍ഷനാണ് ഇത്. അതുകൊണ്ടാണ് വിവാദ നിയമം പിന്‍വലിച്ചു… അത് നടപ്പിലാക്കില്ല എന്ന് പത്രക്കുറുപ്പു വഴി ജനങ്ങളെ അറിയിക്കാന്‍ തയ്യാറാകുന്നത്. ഇത് മറ്റൊരു തട്ടിപ്പാണ് എന്ന് ജനം തിരിച്ചറിയില്ല എന്നാണ് അവരുടെ വിചാരം.

ചട്ടങ്ങള്‍ പ്രകാരം നിയമം റദ്ദാക്കിയെങ്കില്‍ മാത്രമേ ആക്ട് ഇല്ലാതാവുകയുള്ളൂ. അതുവരെ നിയമം നില നില്‍ക്കുകയാണ്. നിയമം റദ്ദാക്കല്‍ അത്ര എളുപ്പവുമല്ല. മുന്‍ ഓര്‍ഡിനന്‍സ് റദ്ദാക്കിക്കൊണ്ട് മറ്റൊരു ഓര്‍ഡിനന്‍സ് കൊണ്ടുവരണം. അല്ലങ്കില്‍ ആറുമാസം കാത്തിരുന്ന് സോഭാവിക മരണത്തിനു വിട്ടുകൊടുക്കണം. അപ്പോഴുമുണ്ട് മറ്റൊരു പ്രശ്നം. മുന്‍ ഓര്‍ഡിനനസ് റദ്ദാക്കിക്കൊണ്ടുള്ള മറ്റൊരു ഓര്‍ഡിനന്‍സുമായി ഗവര്‍ണ്ണറുടെ അടുത്ത് ചെല്ലാന്‍ പറ്റില്ല. ഓര്‍ഡിനന്‍സില്‍ എന്തുണ്ടെന്ന് വായിച്ചുപോലും നോക്കാതെ ഒപ്പിട്ടുകൊടുത്ത ഗവര്‍ണ്ണറെ നഗ്നനാക്കി അപമാനിക്കുന്നതിനു തുല്യമാണത്. സോഭാവിക മരണത്തിനു വിട്ടു കൊടുക്കുകയാണെങ്കില്‍ അത് നാട്ടില്‍ ഉണ്ടാക്കാന്‍ പോകുന്ന പൊല്ലാപ്പ് ചില്ലറയായിരിക്കുകയില്ല. കാരണം നിയമം നിയമമായിട്ടിവിടെ നിലനില്‍ക്കുകയാണ്. 118(എ) പിന്‍വലിച്ചിരിക്കുന്നു എന്ന് പത്രക്കുറുപ്പിലൂടെ രാജശാസനം പുറപ്പെടുവിക്കാന്‍ കേരളം ഒരു നാട്ടുരാജ്യമല്ല. പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രി ഇവിടുത്തെ നാട്ടുരാജാവുമല്ല. നിലവിലുള്ള നിയമമനുസരിച്ച് പരാതി കിട്ടിയാല്‍ എഫ്ഐആര്‍ ഇട്ട് കേസെടുക്കാതിരിക്കാന്‍ പോലീസിനാവില്ല. പോലീസതിനു തയ്യാറായില്ലങ്കില്‍ കോടതിയെ സമീപിച്ച് നിയമം നടപ്പിലാക്കാം. അല്ലങ്കില്‍ എത്ര പിണറായി ഭക്തനാണെങ്കിലും പാവം പോലീസിന്‍റെ തൊപ്പി തെറിച്ചതു തന്നെ. ഉപദേശകവൃന്ദത്തിന്‍റെ ഉപദേശം കേട്ട് വെട്ടിലായിരിക്കുകയാണ് കേരളത്തിന്‍റെ സ്വന്തം കിം ജോങ് ഉന്‍. – വെട്ടിപ്പുറം മുരളി