ഭരണഘടന ലംഘനം നടത്തുന്നത് കേന്ദ്രസര്‍ക്കാര്‍. രണ്ടാം സ്വാതന്ത്ര്യ സമരവുമായി ജനം തെരുവില്‍

Print Friendly, PDF & Email

പൗരത്വ ഭേദഗതി നിയമം(സിഎഎ )ത്തെ ന്യായീകരിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും എപ്പോഴും അവകാശപ്പെടുന്ന ഒരു ന്യായീകരണമുണ്ട്. ഈ നിയമം രാജ്യത്തെ പൗരന്മാരെ ഒരിക്കലും ബാധിക്കില്ല ഇന്ത്യയില്‍ പൗരത്വം തേടിവരുന്ന പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരെ മാത്രമേ ബാധിക്കൂ എന്ന്. പ്രത്യക്ഷത്തില്‍ ശരിയെന്ന് തോന്നാമെങ്കിലും സ്വയം കണ്ണടച്ച് ഇപ്പോള്‍ ഇരുട്ടാണെന്ന് അവകാശപ്പെടുന്നതിനു തുല്യമാണ് മോദി, അമിത് ഷാ മാരുടെ ഈ അവകാശവാദം.

വെറുമൊരു പൗരത്വ ഭേദഗതി നിയമത്തില്‍ ഒതുങ്ങുന്നതല്ല ഈ നിയമം. പുതിയ സിഎഎ പ്രകാരം പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്‌ളാദേശ് എന്നിവിടങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് പ്രവേശിച്ച ഹിന്ദു , ബുദ്ധ, ജൈന, പാഴ്‌സി, സിഖ്, ക്രിസ്ത്യന്‍ എന്നീ അനധികൃത ന്യുനപക്ഷ കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കും. അതില്‍ ഉള്‍പ്പെട്ട മുസ്ലീങ്ങള്‍ക്ക് നല്‍കില്ല. അതായത് ഇന്ത്യയിലേക്ക് തീവ്രവാദ പ്രവര്‍ത്തനത്തിന് വരുന്ന ആളുകളാണെങ്കിലും മുസ്ലീങ്ങളല്ലെങ്കില്‍ അവര്‍ക്ക് പുതിയ നിയമം പൗരത്വം ഉറപ്പുവരുത്തുന്നു. എന്നാല്‍ മതപീഢനങ്ങളാലോ രാഷ്ട്രീയ കാരണങ്ങളാലോ രാജ്യത്തെ അഭയം പ്രാപിക്കുന്നത് ഒരു മുസ്ലീം ആണെങ്കില്‍ അക്കാരണത്താല്‍ തന്നെ പൗരത്വം നിക്ഷേധിക്കുന്നു. മതം മാനദണ്ഡമാക്കിയുള്ള ഈ വിവേചനം ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14ന്റെ ലംഘനമാണ്…. ഭരണഘടന ഉറപ്പു നല്‍കിയിരിക്കുന്ന മൗലിക അവകാശത്തിന്റെ നിഷേധമാണ്., ഇന്ത്യന്‍ ഭരണഘടനയെ തന്നെ തകര്‍ക്കലാണ്. സിഎഎ എങ്ങനെയാണ് ഭരണഘടനയുടെ ലംഘനമായി മാറുന്നതെന്ന് നോക്കാം. ഇതിലൂടെ നടപ്പിലാക്കപ്പെട്ടതും, കാത്തിരിക്കുന്നതുമായ ചതികള്‍ എന്തെല്ലാമാണെന്ന് പരിശോദിക്കാം.

ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കള്‍ 14 വ്യക്തമായി പറയുന്നു (Article 14 of the Constitution of India provides for equality before the law or equal protection of the laws within the territory of India. It states: “The State shall not deny to any person equality before the law or the equal protection of the laws within the territory of India.”) ഈ ആര്ട്ടിക്കളിലൂടെ തുല്യത ഉറപ്പു നല്‍കിയിരിക്കുന്നത് ഇന്ത്യന്‍ പൗരന് മാത്രമല്ല എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ഇന്ത്യന്‍ ഭൂപ്രദേശത്ത് ഏതൊരു വ്യക്തിക്കും അവന്‍ അറേബ്യന്‍ നാടുകളില്‍ നിന്നോ പാക്കിലസ്ഥാനില്‍ നിന്നു തന്നെയോ വന്ന മുസ്ലീം ആയിക്കൊള്ളട്ടെ, വത്തിക്കാനില്‍ നിന്നു വന്ന കൃസ്ത്യാനി ആയിക്കൊള്ളട്ടെ മലേഷ്യയില്‍ നിന്നു വന്ന ഹിന്ദു ആയിക്കൊള്ളട്ടെ യാതൊരു വിവേചനവും കൂടാതെയുള്ള തുല്യ പരിഗണനയാണ് ഈ ആര്‍ട്ടിക്കളിലൂടെ ഭരണ ഘടന ഉറപ്പു നല്‍കിയിരിക്കുന്നത്. മാത്രമല്ല ആര്‍ട്ടിക്കിള്‍ 14 പൗരന്റെ മൗലിക അവകാശങ്ങളില്‍ തുല്യത ഉറപ്പു നല്‍കുന്ന വകുപ്പുമാണ്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 368 പറയുന്നു ” The Parliament however CAN NOT amend those provisions which form the ‘Basic Structure’ of the Constitution”. അതായത് രാജ്യത്തിന്റെ അടിസ്ഥാന ഘടന നിശ്ചയിക്കുന്ന മൗലിക അവകാശങ്ങള്‍ ഉള്‍പ്പെടുന്ന ആര്‍ട്ടിക്കുകളില്‍ ഭരണ ഘടനാ ഭേദഗതി പോലും സാധ്യമല്ല. അതായത്, ഭരണഘടനയുടെ തന്നെ ലംഘനമായ ഒരു നിയമ ഭേദഗതിയിലൂടെ ഭരണ ഘടനയെ തകര്‍ത്തിരിക്കുകയാണ് മോദി അമിതഷാ കൂട്ടുകെട്ട്. എന്നിട്ട് ഭരണഘടനയുടെ സംരക്ഷകരായി അഭിനയിച്ചു കൊണ്ട് ഭരണഘടനയെ സംരക്ഷിക്കുവാനായി തെരുവിലിറങ്ങുന്നവരെ ഭരണഘടന ലംഘകരായി മുദ്രകുത്തുന്നു. ചെകുത്താന്‍ വേദം ഓതുന്നതിനു സമാനമാണ് സംഘപരിവാറിന്റെ ഈ പ്രചാരണം. യഥാര്‍ത്ഥത്തില്‍ ഇവിടെ ഭരണഘടനയെ തകര്‍ക്കുവാന്‍ ശ്രമിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ തന്നെയാണ്. അതിനാലാണ് ഭരണഘടന സംരക്ഷമത്തിനുവേണ്ടി രാജ്യത്തങ്ങോളമിങ്ങോളം പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭങ്ങള്‍ രണ്ടാം സ്വാതന്ത്ര്യ സമരമായി വിലയിരുത്തപ്പെടുന്നത്.

പൗരത്വ ഭേദഗതി നിയമവും തുടര്‍ന്നു വരുന്ന ദേശീയ പോപ്പുലേഷന്‍ രജിസ്ട്രറും (എന്‍.പി.ആര്‍) തുടര്‍ന്നു ദേശീയ പൗരത്വ രജിസ്റ്ററുമെല്ലാം (എന്‍.ആര്‍.സി)  ഒരു വലിയ സംഘപരിവാര്‍ ഗൂഢാലോചനയുടെ ബാക്കിപത്രമാണ്. അതിലേക്ക് നിശബ്ദമായി കരുക്കള്‍ നീക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. പൊതുവേ നിസംഗതരായ ഇന്ത്യന്‍ ജനത അതൊന്നും ശ്രദ്ധിച്ചില്ല എന്നു മാത്രം. പൗരത്വ നിയമം പാസ്സാക്കുന്നതിനും 22 മാസങ്ങള്‍ക്ക് മുന്‍പാണ് Foreign Exchange Management (Acquisition and Transfer of Immovable Property in India) ആക്റ്റ് പ്രകാരം നിര്‍മ്മിച്ച ചട്ടങ്ങളില്‍ കേന്ദ്ര നിര്‍ദ്ദേശത്തിന്റെ ഭാഗമായി വിവേചനപരമായ മാറ്റങ്ങള്‍ വരുത്തിയിരുന്നു. അന്നാരും കാര്യമായി ശ്രദ്ധിക്കാതെ പോയ പുതുതായി കൂട്ടിച്ചേര്‍ത്ത ചട്ടം ഇങ്ങനെ ആയിരുന്നു. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ ബംഗ്‌ളാദേശ് എന്നിവിടങ്ങളില്‍ നിന്നും ‘long-term visas’ (LTVs) അഥവാ ദീര്‍ഘ കാലത്തേക്ക്  ഇന്ത്യയില്‍ താമസിക്കാനുള്ള വിസയുമായി ഇന്ത്യയിലെത്തിയ ഹിന്ദു , ബുദ്ധ, ജൈന , പാഴ്‌സി , സിഖ് , ക്രിസ്ത്യന്‍ എന്നീ ന്യുനപക്ഷ മതവിഭാഗക്കാര്‍ക്ക് ഇന്ത്യയില്‍ താമസത്തിനായി ഭൂമിയും, സ്വയം തൊഴില്‍ ചെയ്യാനായി മറ്റൊരു ഭൂമിയും മേടിക്കാനുള്ള അവകാശം നല്‍കി. എന്നാല്‍ പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ ബംഗ്‌ളാദേശ് എന്നിവിടങ്ങളില്‍ നിന്നും ‘long-term visas’ (LTVs) അഥവാ ദീര്‍ഘ കാലത്തേക്ക് സമയം ഇന്ത്യയില്‍ താമസിക്കാനുള്ള വിസയുമായി എത്തിയ മുസ്ലീങ്ങള്‍ക്ക് ഈ അവകാശം മതത്തിന്റെ പേരില്‍ നിഷേധിച്ചു. ഇത്തരം ഒരു വിവേചനം ഭരണഘടന അനുവദിക്കുന്നില്ല എങ്കില്‍ പോലും ഭരണ ഘടനയെ ബഹുമാനിക്കാത്ത ഭരണ നേതൃത്വം ഇത്തരം വിവേചനത്തിന് ഉത്തരവു കൊടുക്കുമ്പോള്‍  അതില്‍ ഒരു അനൗചിത്യവും തോന്നിയില്ല.

അഞ്ച് വര്‍ഷത്തേക്ക് ലീസിനു എടുക്കാം എന്നല്ലാതെ പാകിസ്ഥാന്‍, ബംഗ്‌ളാദേശ് , ശ്രീലങ്ക , അഫ്ഗാനിസ്ഥാന്‍, ചൈന, ഇറാന്‍, നേപ്പാള്‍ , ഭൂട്ടാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നിയമാനുസൃത വിസയുണ്ടെങ്കിലും ഇന്ത്യയില്‍ എത്തി താമസിക്കാന്‍ സ്വന്തമായി ഭൂമിയോ, മറ്റു ഭൂമി ഉള്‍പ്പെടെയുള്ള വസ്തുക്കളോ റിസര്‍വ്വ് ബാങ്കിന്റെ പ്രത്യേക അനുമതിയില്ലാതെ സ്വന്തമായി വാങ്ങാന്‍ സാധിക്കുമായിരുന്നില്ല. പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഈ നിയമത്തില്‍ നിന്നുമാണ് പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ ബംഗ്‌ളാദേശ് എന്നിവിടങ്ങളില്‍ നിന്നും ‘long-term visas’ (LTVs) അഥവാ ദീര്‍ഘ കാലത്തേക്ക് ഇന്ത്യയില്‍ താമസിക്കാനുള്ള വിസയുമായി ഇന്ത്യയിലെത്തുന്ന ഹിന്ദു , ബുദ്ധ, ജൈന , പാഴ്‌സി , സിഖ് , ക്രിസ്ത്യന്‍ എന്നീ ന്യുനപക്ഷ മതവിഭാഗക്കാര്‍ക്ക് ഇന്ത്യയില്‍ താമസത്തിനായി ഒരു ഭൂമിയും, സ്വയം തൊഴില്‍ ചെയ്യാനായി മറ്റൊരു ഭൂമിയും മേടിക്കാനുള്ള അവകാശം നല്‍കിയത്. എന്നാല്‍ ഈ അവകാശത്തില്‍ നിന്നും മുസ്ലീങ്ങളെ ഒഴിവാക്കുകയും ചെയ്തു.

പുതുതായി ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതോ നിലവിലുള്ളതോ ആയ ബാങ്ക് അക്കൗണ്ടുകളുടെ വ്യക്തിഗത വിവരങ്ങള്‍ ചേര്‍ക്കേണ്ട കെ.വൈ.സി (know your customer) ഫോമില്‍ മതം എഴുതാനുള്ള കോളം കൂട്ടിച്ചേര്‍ത്ത് ആര്‍.ബി.ഐ. ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് റെഗുലേഷന്‍സ് (ഫെമ) മാറ്റുകയും അതില്‍ പാകിസ്ഥാന്‍, ബംഗ്‌ളാദേശ് , ശ്രീലങ്ക , അഫ്ഗാനിസ്ഥാന്‍, ചൈന, ഇറാന്‍, നേപ്പാള്‍ , ഭൂട്ടാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവ ഹിന്ദുക്കള്‍ക്ക് ‘long-term visas’ (LTVs) വിസയ്ക്കായി അപേക്ഷിച്ചിട്ടുണ്ടെങ്കില്‍ NRO അക്കൗണ്ട് തുടങ്ങാന്‍ സാധിക്കും. ആറുമാസത്തേക്കാണ് അക്കൗണ്ടിന്റെ കാലാവധി അതിനുളില്‍ ‘long-term visas’ (LTVs) വിസ ലഭിച്ചിട്ടില്ലെങ്കില്‍ ലഭിക്കുന്നതുവരെ പുതുക്കേണ്ടതുമാണ്. എന്നാല്‍ ഈ അവകാശം മുസ്‌ലിം ‘long-term visas’ (LTVs) വിസയുള്ളവര്‍ക്ക് ലഭിക്കില്ല.

ഇന്ത്യന്‍ വിസ കാലാവധി കഴിഞ്ഞാലുള്ള പിഴയിലും  വരുത്തി മതം തിരിച്ചുള്ള വിവേചനം. പൗരത്വ ഭദഗതി നിയമത്തിന്റെ മുന്നോടിയായി 2019 ആരംഭത്തില്‍ വിദേശകാര്യ മന്ത്രാലയമാണ് വിസ കാലാവധി കഴിഞ്ഞാലുള്ള പിഴയുടെ വ്യവസ്ഥകള്‍ വിവേചനപരമായി മാറ്റിയത്. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ ബംഗ്‌ളാദേശ് എന്നിവിടങ്ങളില്‍ നിന്നും നിയമാനുസൃത വിസയുമായി ഇന്ത്യയിലെത്തുന്ന ഹിന്ദു , ബുദ്ധ, ജൈന , പാഴ്‌സി , സിഖ് , ക്രിസ്ത്യന്‍ എന്നീ മതവിഭാഗത്തി?പ്പെട്ടവരുടെ വിസ കാലാവധി കഴിഞ്ഞാല്‍ ഇന്ത്യയില്‍ അധികം കഴിയുന്ന ഓരോ ദിവസത്തിനും പുതിയ FRRO (Foreigner Regional Registration Office)ചട്ടങ്ങള്‍ പ്രകാരം 90 ദിവസo താമസിക്കാന്‍ 100 രൂപയും, 91 ദിവസങ്ങള്‍ മുതല്‍ 2 വര്‍ഷം വരെ താമസിക്കാന്‍ 200 രൂപയും, രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ താമസിക്കാന്‍ 500 രൂപയുമാണ് പിഴ.

എന്നാല്‍ പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ ബംഗ്‌ളാദേശ് എന്നിവിടങ്ങളില്‍ നിന്നും നിയമാനുസൃത വിസയുമായി ഇന്ത്യയിലെത്തുന്ന മുസ്ലീങ്ങള്‍ക്ക് പുതിയ FRRO (Foreigner Regional Registration Office)ചട്ടങ്ങള്‍ പ്രകാരം 90 ദിവസo താമസിക്കാന്‍ $300 ഡോളര്‍ RS21,000) രൂപയും, 91 ദിവസങ്ങള്‍ മുതല്‍ 2 വര്‍ഷം വരെ താമസിക്കാന്‍ $400 ഡോളര്‍ (RS8,000) രൂപയും, രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ താമസിക്കാന്‍ $500 ഡോളര്‍ (RS 35,000) രൂപയുമാണ് പിഴ. അതായത് മുസ്ലീങ്ങള്‍ക്ക് മറ്റുള്ളവരെക്കാള്‍ 200 ഇരട്ടിയിലധികം കൂടുതല്‍ പിഴത്തുക നല്‍കേണ്ടിവരും. ഇതും വ്യക്തമായ വിവേചനമാണ്. ഇന്ത്യന്‍ ഭൂപ്രദേശത്ത് ഏതൊരു വ്യക്തിക്കും  യാതൊരുവിധ വിവേചനവും പാടില്ല എന്ന ഭരണഘടനയുടെ 14ാം ആര്‍ട്ടിക്കിള്‍ നഗ്നമായി ലംഘിച്ചുകൊണ്ട് രാജ്യത്തിന്റെ അടിസ്ഥാന സ്വഭാവം തകര്‍ക്കുകയും മതത്തിന്‍റെ അടിസ്ഥാനത്തില്‍ ജനങ്ങളെ വിഭജിക്കുകയും ചെയ്യുന്ന മോദി-അമിത് ഷാ കൂട്ടുകെട്ടിന്റെ ആത്യന്തിക ലക്ഷ്യം രാജ്യത്തിന്റെ ഭരണഘടനയെ ഉന്മൂലനം ചെയ്ത് മനുസ്മൃതിയെ തല്‍സ്ഥാനത്ത് അവരോധിക്കുക എന്നതു മാത്രമാണ്.

  •  
  •  
  •  
  •  
  •  
  •  
  •