നാടണഞ്ഞത് 7.9 ലക്ഷം തൊഴിലാളികള്‍… അതിനിത്രയും കാത്തിരിക്കണമായിരുന്നുവോ എന്ന ചോദ്യം ബാക്കി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അകപ്പെട്ട ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി മെയ് 1 മുതല്‍ 13 വരെ ഇന്ത്യന്‍ റെയില്‍വേ ഓടിച്ചത് 642 ശ്രാമിക് സ്‌പെഷ്യല്‍ ട്രെയിനുകള്‍. ഇതിലൂടെ ഏകദേശം 7.9 ലക്ഷം ഇതര സംസ്ഥാന തൊഴിലാളികളെ ഉയര്‍ന്ന നിരക്ക് മേടിച്ചിട്ടാണെങ്കിലും അവരവരുടെ സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തിക്കാന്‍ കഴിഞ്ഞുവെന്ന് ഇന്ത്യന്‍ റെയില്‍വേ പറയുന്നു. യോഗിയുടെ ഉത്തര്‍പ്രദേശിലേക്കാണ് ഏറ്റവും കൂടുതല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തിയത്. മെയ് 13 വരെ 301 സര്‍വീസ് യുപിയിലേക്ക് മാത്രം നടന്നു. 169 സര്‍വീസുകളുമായി ബിഹാര്‍ ആണ് രണ്ടാം സ്ഥാനത്ത്. മധ്യപ്രദേശ് 53, ജാര്‍ഖണ്ഡ് 40, ഒഡിഷ 38, രാജസ്ഥാന്‍ 8, ബംഗാള്‍ 7, ഛത്തീസ്ഗഢ് 6, ഉത്തരാഖണ്ഡ് 4, ആന്ധ്രപ്രദേശ്, ജമ്മു, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലേക്ക് മൂന്ന് സര്‍വീസുകള്‍ വീതവും നടന്നു. ഗുജറാത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ തിരിച്ചുപോയത്. രണ്ടാം സ്ഥാനം കേരളത്തിനാണ്.
മാര്‍ച്ച് 24ന് 4 മണിക്കൂറിന്‍റെ മാത്രം മുന്നറിയിപ്പില്‍ സംമ്പൂര്‍ണ്ണ ലോക്‍ഡൗണിലേക്ക് രാജ്യം നീങ്ങുമ്പോള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊറോണ കേസുകള്‍ 500ല്‍ താഴെ. ഇന്ന്, ലോക്‍ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഇതര സംസ്ഥാന തൊഴിലാളികളെ ശ്രാമിക് സ്‌പെഷ്യല്‍ ട്രെയിനുകളിലും മറ്റും ഇരട്ടി നിരക്ക് ഈടാക്കി അവരവരുടെ ദേശത്തേക്ക് തിരിച്ചയക്കുവാന്‍ തുടങ്ങിയപ്പോള്‍ രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണം 70000കടന്നു. സംസ്ഥാന ഗവര്‍മ്മെന്‍റുകള്‍ക്ക് വര്‍ദ്ധിതബാധ്യതയും തൊഴിലാളകള്‍ക്ക് ദുരിതങ്ങളും ദുരന്തങ്ങളും മാത്രം സമ്മാനിച്ച – മുന്നറിയിപ്പില്ലാത്ത – ഈ അടച്ചുപൂട്ടല്‍ ഭവിഷത്തുകളെ പറ്റി ചിന്തിക്കാത്ത കേന്ദ്ര സര്‍ക്കാരിന്‍റെ നടപടികളില്‍ അവസാനത്തേത് മാത്രം.
ഇന്ന് നടപ്പിലാക്കിയിരിക്കുന്നതു പോലെ ശ്രാമിക് ട്രെയിനുകള്‍ ഏര്‍പ്പെടുത്തി അടച്ചുപൂട്ടലിന്‍റെ ആദ്യ നാളുകളില്‍ തന്നെ തൊഴിലാളികള്‍ക്ക് അവരുടെ ദേശങ്ങളിലെത്തുവാന്‍ സാഹചര്യം ഒരുക്കിയിരുന്നുവെങ്കില്‍ അഥവാ സംമ്പൂര്‍ണ്ണ ലോക്‍ഡൗണിലേക്ക് രാജ്യം നീങ്ങുന്നതിനു മുമ്പ് തൊഴിലാളികള്‍ക്ക് അവരവരുടെ ദേശങ്ങളിലെത്താന്‍ ഒരവസരം കൊടുത്തിരുന്നുവെങ്കില്‍ അവരനുഭവിച്ച പട്ടിണിയും ദുരിതദുരന്തങ്ങളും എത്രമാത്രം കുറക്കുവാന്‍ കഴിയുമായിരുന്നു. അതൊടൊപ്പം ഇന്നത്തെ ഈ കൂട്ടപാലയനത്തിലും കുടിയിറക്കലിലും ഉണ്ടാകുവാന്‍ പോകുന്ന രോഗവ്യാപനവും അതു തടയുവാനായി ആരോഗ്യ പ്രവര്‍ത്തരും സംസ്ഥാനങ്ങളും നടത്തുന്ന ശ്രമവും വ്യയവും എത്രമാത്രം കുറക്കുവാന്‍ കഴിയുമായിരുന്നു. രാജ്യത്തെ ദരിദ്രരുടേയും താഴെതട്ടിലുള്ളവരുടേയും സര്‍ക്കാരല്ല ഇന്ദ്രപ്രസ്ഥം വാഴുന്ന മോദി സര്‍ക്കാര്‍ എന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് ഈ ലോക്‍ഡൗണ്‍ കാലം.
വൈകിയാണെങ്കിലും ഈ തിരിച്ചറിവ് മോദി സര്‍ക്കാരിന് ഉണ്ടായിട്ടുണെന്നു വേണം കരുതുവാന്‍. ഇതര സംസ്ഥാനങ്ങളിലുള്ള തൊഴിലാളികളുടെ ക്ഷേമനടപടികള്‍ ശക്തിപ്പെടുത്തുന്നതിനായി ആയിരം കോടി രൂപ പി.എം. കെയേഴ്‌സ് ഫണ്ടില്‍ നിന്ന് ഇപ്പോള്‍ അനിവദിച്ചിരിക്കുകയാണ്. കോവിഡ് കാലത്ത് അവര്‍ക്ക് താമസ സൗകര്യം ഏര്‍പ്പെടുത്തുന്നതിനും ഭക്ഷ്യ ക്രമീകരണങ്ങള്‍ നടത്തുന്നതിനും ചികിത്സസഹായത്തിനും കുടിയേറ്റ തൊഴിലാളികളുടെ ഗതാഗത ക്രമീകരണത്തിനുമായിട്ടാണ് ഈ തുക ചിലവഴിക്കേണ്ടത്. ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ ദുരന്ത നിവാരണ കമ്മീഷണര്‍മാര്‍ മുഖേന ജില്ലാ കളക്ടര്‍മാര്‍, മുനിസിപ്പല്‍ കമ്മീഷണര്‍മാര്‍ തുടങ്ങിയവര്‍ക്കാണ് ഈ തുക കൈമാറുന്നത്. നാളിതുവരെ ഇതര സംസ്ഥാന തൊഴിലാളികളെ സംരക്ഷിച്ച സംസ്ഥാന സര്‍ക്കാരുകള്‍ക്കും പ്രാദേശിക ഭരണകൂടങ്ങള്‍ക്കും ഇതല്‍പ്പം ആശ്വാസം നല്‍കുമെങ്കിലും ദുരിതഭാണ്ഡങ്ങളും പേറി നൂറുകണക്കിനു കിലോമീറ്ററുകള്‍ കാല്‍നടയായും മറ്റുo താണ്ടി സ്വദേശങ്ങളിലേക്ക് പുറപ്പെട്ട ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഇതുകൊണ്ട് എന്തു മെച്ചമാണുണ്ടാവുക എന്ന ചോദ്യം മാത്രം ബാക്കിയാവുകയാണ്.