31 രാജ്യങ്ങളിൽനിന്നു 149 വിമാന സർവീസുകളുമായി വന്ദേഭാരത് ദൗത്യത്തിന്റെ രണ്ടാംഘട്ടം ശനിയാഴ്ച ആരംഭിക്കുന്നു…
പ്രവാസികളെ രാജ്യത്തേക്ക് തിരിച്ചു കൊണ്ടുവരുന്ന ഈ മാസം 22വരെ നീണ്ടു നില്‍ക്കുന്ന രണ്ടാം ഘട്ടത്തില്‍ കൂടുതല്‍ രാജ്യങ്ങളില്‍ നിന്നായി 149 വിമാന സർവീസുകള്‍ കേരളമുൾപ്പെടെ 13 സംസ്ഥാനങ്ങളിലേക്കാണ് ഉണ്ടാവുക. ഇതില്‍ ഇത് 43 സര്‍വ്വീസുകള്‍ കേരളത്തിലേക്കായിരിക്കും എന്നാണ് വ്യോമയാന മന്ത്രാലയം നൽകുന്ന സൂചന. യു.എ.ഇ. ആറ് എണ്ണം (ഇത് 11 ആകും), ഒമാൻ: നാല്, സൗദി അറേബ്യ: മൂന്ന്, ഖത്തർ: രണ്ട്, കുവൈത്ത്: രണ്ട്, റഷ്യ, ബഹ്റൈൻ, അയർലൻഡ്, ഇറ്റലി, ഫ്രാൻസ്, താജികിസ്താൻ, ഇൻഡൊനീഷ്യ, ഓസ്ട്രേലിയ, യുക്രൈൻ, യു.കെ., മലേഷ്യ, അമേരിക്ക, അർമീനിയ, ഫിലിപ്പീൻസ്: (ഓരോന്നു വീതം) എന്നീ രാജ്യങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് സര്‍വ്വീസ് നടത്തുക
ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിരുന്ന രാജ്യങ്ങൾക്കുപുറമേ 18 രാജ്യങ്ങളിൽനിന്നുകൂടി രണ്ടാംഘട്ടത്തിൽ പ്രവാസികളെ തിരിച്ചുകൊണ്ടുവരും. മോസ്‌കോയിൽനിന്ന് കണ്ണൂരിലേക്കും യുക്രൈനിൽനിന്ന് കൊച്ചിയിലേക്കും സർവീസുണ്ട്. റഷ്യ, ജർമനി, ജപ്പാൻ, ഇറ്റലി, ഫ്രാൻസ്, നൈജീരിയ, കാനഡ, ഇൻഡൊനീഷ്യ, ഓസ്ട്രേലിയ, അമേരിക്ക, യു.കെ., കസാഖ്‌സ്താൻ, കിർഗിസ്താൻ, യുക്രൈൻ, ജോർജിയ, താജികിസ്താൻ, അർമീനിയ, ബെലാറസ്, തായ്‌ലാൻഡ്, അയർലൻഡ്, യു.എ.ഇ., സൗദി അറേബ്യ, മലേഷ്യ, ഒമാൻ, ഖത്തർ, ഫിലിപ്പീൻസ്, സിങ്കപ്പൂർ, കുവൈത്ത്, ബഹ്റൈൻ, നേപ്പാൾ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്ന് കേരളം, ഡൽഹി, കർണാടകം, തെലങ്കാന, ഗുജറാത്ത്, രാജസ്ഥാൻ, ആന്ധ്രാപ്രദേശ്, പഞ്ചാബ്, ബിഹാർ, ഉത്തർപ്രദേശ്, ഒഡിഷ, ജമ്മുകശ്മീർ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലേക്കായിരിക്കും രണ്ടാം ഘട്ടത്തില്‍ വിമാന സര്‍വ്വീസുകള്‍ ഉണ്ടായിരിക്കുക. ഇന്ത്യയിലും വിദേശത്തുമുള്ള ചെറുനഗരങ്ങളെ പ്രധാന വിമാനത്താവളങ്ങളുമായി ബന്ധിപ്പിച്ച് ഫീഡർ വിമാനങ്ങളുമുണ്ടാകും എന്ന് വ്യോമസേന അധികൃതര്‍ അറിയിച്ചു.
12 രാജ്യങ്ങളിൽനിന്ന് 14,800 പേരെ തിരിച്ചു കൊണ്ടു വരുക എന്ന ലക്ഷ്യത്തോടെ 64 വിമാന സർവീസുകളാണ് ആദ്യ ഘട്ടത്തിൽ ഏർപ്പെടുത്തിയിരുന്നത്. ഇതിൽ 42 സർവീസുകൾ എയർ ഇന്ത്യയും 24 സർവീസുകൾ എയർ ഇന്ത്യ എക്സ്പ്രസുമാണ് നടത്തുന്നത്. ഇതുവരെ 31 വിമാന സർവീസുകളിലായി 6037 പ്രവാസി ഇന്ത്യക്കാർ നാട്ടിൽ തിരിച്ചെത്തി കഴിഞ്ഞു. സ്വന്തം ജന്മഭൂമിയിലേക്ക് തിരിച്ചു വരുവാന്‍ ആഗ്രഹിക്കുന്ന പ്രവാസി ഇന്ത്യക്കാരുടെ എണ്ണം വച്ചു നോക്കിയാല്‍ നിലവില്‍ നടത്തുന്ന സര്‍വ്വീസുകള്‍ ഒട്ടും പര്യാപ്തമല്ല എന്ന നിലപാടിലാണ് പ്രവാസികള്‍.