INDIANEWS MAIN

ഗുസ്തി താരങ്ങളുടെ സമരം തത്കാലം നിര്‍ത്തിവക്കുന്നു.

ലോകം ശ്രദ്ധിച്ച ഗുസ്തി താരങ്ങളുടെ സമരം തത്കാലം നിര്‍ത്തിവക്കുന്നു. ബ്രിജ് ഭൂഷണിനെതിരായ ലൈംഗിക പീഡന പരാതികളിൽ അന്വേഷണം പൂര്‍ത്തിയാക്കി ഈ മാസം 15 നകം കുറ്റപത്രം സമർപ്പിക്കുമെന്ന് കേന്ദ്ര സർക്കാര്‍ ഉറപ്പ് നൽകിയതിനേതുടര്‍ന്നാണ് താരങ്ങൾ സമരം താൽകാലികമായി നിർത്തിവക്കുവാന്‍ തയ്യാറായത്. കായിക മന്ത്രി അനുരാഗ് താക്കൂറും താരങ്ങളും തമ്മിലുള്ള ചർച്ചയിലാണ് തീരുമാനം ഉണ്ടായിരിക്കുന്നത്. താരങ്ങൾക്കെതിരായി എടുത്ത എല്ലാ കേസുകളും പിൻവലിക്കുമെന്ന് മന്ത്രി പറഞ്ഞു.

ഗുസ്തി താരങ്ങളുടെ സമരത്തില്‍ സജീവമായിരുന്ന സാക്ഷി മാലിക് കഴിഞ്ഞ ദിവസം തിരികെ ജോലിയിൽ പ്രവേശിച്ചിരുന്നു. നോർത്തേൺ റെയില്‍വേയില്‍ ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥയാണ് സാക്ഷി. ആഭ്യന്തര വകുപ്പ് മന്ത്രി അമിത്ഷായുമായുള്ള ചർച്ചക്ക് പിന്നാലെയായിരുന്നു തീരുമാനം. തുടര്‍ന്ന് ഗുസ്തി താരങ്ങൾ സമരത്തിൽ നിന്നും പിൻമാറിയെന്ന രീതിയിൽ വാര്‍ത്ത പ്രചരിച്ചു. എന്നാൽ സമരത്തില്‍ നിന്നും പിന്മാറിയെന്ന വാര്‍ത്ത തെറ്റാണെന്നും ആവശ്യമെങ്കിൽ ജോലി രാജിവെക്കാനും മടിയില്ലെന്നും ആയിരുന്നു സാക്ഷിയുടെ ട്വിറ്ററിലൂടെയുള്ള പ്രതികരണം. നീതിക്ക് വേണ്ടി പോരാട്ടം ജോലിക്കൊപ്പം പോരാട്ടം തുടരും എന്നും, തെറ്റായ വാർത്ത പ്രചരിപ്പിക്കരുതെന്നും സാക്ഷി ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് കായികമന്ത്രിയുടെ ഇടപെടലും ച‍‍‍ര്‍ച്ചയും നടന്നത്.

ഈ വര്‍ഷം ജനുവരി 18 നാണ് ഗുസ്‌തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷനെതിരെ ലൈംഗിക ആരോപണവുമായി താരങ്ങള്‍ രംഗത്തെത്തിയത്. ഫെഡറേഷൻ പിരിച്ചുവിടണമെന്നും ബ്രിജ് ഭൂഷനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്നുമുള്ള ആവശ്യങ്ങളായിരുന്നു താരങ്ങള്‍ ഉയർത്തിയത്. മൂന്ന് ദിവസം നീണ്ടുനിന്ന സമരത്തിനൊടുവിൽ താരങ്ങളുടെ പരാതി അന്വേഷിക്കാൻ കായിക മന്ത്രാലയം പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. മേരി കോം അധ്യക്ഷയായ ആറംഗ സമിതിയാണ് ഇവരുടെ പരാതികൾ അന്വേഷിക്കുന്നത്. വിഷയത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടും തുടര്‍ നടപടികള്‍ ഉണ്ടാവാതെ വന്നതോടെ താരങ്ങള്‍ വീണ്ടും പ്രതിഷേധവുമായി ഇറങ്ങുകയായിരുന്നു. താരങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് കോടതി നിര്‍ദേശത്താലാണ് പരാതിയിന്മേല്‍ കേസ് എടുക്കാന്‍ ദില്ലി പൊലീസ് തയ്യാറായത്.