കൊവിഡ്-19 നെ നേരിടാൻ 5 ലക്ഷം കോടി ഡോളറുമായി ജി-20 രാജ്യങ്ങള്‍

കൊവിഡ് – 19 നെ നേരിടാൻ 5 ലക്ഷം കോടി ഡോളര്‍ വിപണിയിലേക്ക് ഇറക്കാൻ ജി-20 ഉച്ചകോടിയിൽ തീരുമാനിച്ചു. സൗദി അറേബ്യയുടെ രാജാവ് സൽമാൻ ബിൻ അബ്ദുൾ അസീസിന്‍റെ അദ്ധ്യക്ഷതയിൽ വീഡിയോ കോണ്‍ഫ്രന്‍സിങ് വഴി ചേര്‍ന്ന ജി 20 ഉച്ചകോടി യോഗത്തില്‍ ലോക വിപണിയെ ഉത്തേജിപ്പിക്കുന്ന സുപ്രധാനമായ ഈ തീരുമാനം ഉണ്ടായത്. ലോകത്ത് വ്യാപിച്ചുകൊണ്ടിരിക്കുന്ന കോവിഡ്-19 വൈറസുകളെ തടയുവാന്‍ ആവശ്യമായതെല്ലാം ചെയ്യുമെന്നും ഇതിനുള്ള ചെലവ് വഹിക്കുമെന്നും ജി-20 പ്രഖ്യാപിച്ചു. പ്രതിരോധ മരുന്നുകൾ കണ്ടെത്താനുള്ള ലോകാരോഗ്യ സംഘടനയുടെ ഗവേഷണത്തിന് ആവശ്യമായ വിഭവങ്ങളെല്ലാം നൽകും. മനുഷ്യ ജീവൻ രക്ഷിക്കാൻ സാധ്യമായ നടപടികൾ എടുക്കുക, ജനങ്ങളുടെ വരുമാനവും തൊഴിലും സംരക്ഷിക്കുക, ലോക സമ്പദ് വ്യവസ്ഥയിലെ വിശ്വാസം പുനഃസ്ഥാപിക്കുക, സഹായം ആവശ്യമായ എല്ലാ രാജ്യങ്ങളെയും പിന്തുണക്കുക, പൊതുജന ആരോഗ്യത്തിന് സഹകരിച്ച് പ്രവര്‍ത്തിക്കുക തുടങ്ങിയ സുപ്രധാന തീരുമാനങ്ങളാണ് ചരിത്രത്തില്‍ ആദ്യമായി വീഡിയോ കോണ്‍ഫ്രന്‍സിങ്ങിലൂടെ നടന്ന ജി-20 രാജ്യങ്ങളുടെ ഉച്ചകോടിയിലെടുത്തത്. അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്, ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിംഗ്, പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങി പ്രമുഖ ലോക രാഷ്ട്ര നേതാക്കളെല്ലാം ജി-20 ഉച്ചകോടിയില്‍ പങ്കെടുത്തു. അര്‍ജന്‍റീന, ആസ്ട്രേലിയ, ബ്രസീല്‍, കാനഡ, ചൈന, ജര്‍മ്മനി, ഫ്രാന്‍സ്, ഇന്ത്യ, ഇന്ത്യോനേഷ്യ, ഇറ്റിലി, ജപ്പാന്‍, മെക്സിക്കോ, റഷ്യ, സൗദിഅറേബ്യ,സൗത്ത് ആഫ്രിക്ക, സൗത്ത് കൊറിയ, തുര്‍ക്കി, യുകെ, യുഎസ്എ, എന്നീ രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും ചേര്‍ന്ന സാമ്പത്തിക കൂട്ടായ്മയെയാണ് ജി-20 രാജ്യങ്ങള്‍ എന്നു വിളിക്കുന്നത്.