വൈകിയാണെങ്കിലും ഉദാരസമീപനവുമായി റിസര്‍വ്വ് ബാങ്ക്. പലിശ നിരക്കുകള്‍ കുറച്ചു.

Print Friendly, PDF & Email

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്കു മേല്‍ അതീവ ഗുരുതരമായി കോവിഡ്-19 വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ ആശ്വാസ പ്രഖ്യാപനങ്ങളുമായി റിസര്‍വ്വ് ബാങ്ക്. വായ്പ പലിശനിരക്കുകളില്‍ ‍ഗണ്യമായ കുറവു വരുത്തുവാനായി റിപ്പോ നിരക്കില്‍ 75 ബേസിക് പോയിന്റിന്റെ കുറവാണ് ആര്‍.ബി.ഐ വരുത്തിയത്. ഇതോടെ റിപ്പോ നിരക്ക് 4.4 ശതമാനമായി കുറഞ്ഞു. റിവേഴ്‌സ് റിപ്പോ നിരക്കില്‍ 90 ബേസിക് പോയിന്റിന്റെ കുറവ് വരുത്തി. ഇതോടെ റിവേഴ്‌സ് റിപ്പോ 4 ശതമാനമാക്കി കുറയും. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സുപ്രധാന തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. ഇതോടൊപ്പം റിസര്‍വ്വ് ബാങ്കിന്‍റെ കാഷ് റിസര്‍വ് റേഷ്യോയില്‍ ഒരുശതമാനവും കുറവുവരുത്തിയിട്ടുണ്ട്. ഇതോടെ സി.ആര്‍.ആര്‍ മൂന്നുശതമാനമായി കുറയുകയും 3.74 ലക്ഷം കോടി രൂപ അധികമായി ബാങ്കുകളിലെത്തുകയും അത് വിപണിയെ ഉത്തേജിപ്പിക്കുകയും ചെയ്യുമെന്ന് കരുതുന്നു

റിപ്പോ നിരക്കുകള്‍ കാര്യമായി കുറച്ചതോടെ വായ്പ പലിശകള്‍ കുറയ്ക്കാന്‍ ബാങ്കുള്‍ നിര്‍ബ്ബന്ധിതരാകും. ഇതും ജനങ്ങളുടെ ക്രയവിക്രയശേഷി വര്‍ദ്ധിപ്പിക്കും. റിസര്‍വ്വ് ബാങ്ക് റിപ്പോ നിരക്കുകള്‍ കുറച്ച സാഹചര്യത്തില്‍ ബാങ്കുകള്‍ അടിയന്തരമായി പലിശകളില്‍ കുറവു വരുത്തണമെന്നും നിരക്കു കുറവിന്‍റെ ഗുണം ജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്നും ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍ ബാങ്കുകളോട് ആവശ്യപ്പെട്ടു കഴിഞ്ഞു. വായ്പാ നിരക്കുകള്‍ കുറച്ചതിന് പിന്നാലെ ബാങ്കുകളിലേക്കുള്ള എല്ലാ തിരിച്ചടവുകള്‍ക്കും മൂന്നു മാസത്തെ മോറട്ടോറിയവും കേന്ദ്രബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതും സാമൂഹീകമായ ഒറ്റപ്പെടലില്‍ കഴിയുന്ന ജനങ്ങള്‍ക്ക് ആശ്വാസമാകും.

2010 ആദ്യ ക്വാര്‍ട്ടറില്‍ 11.4 ശതമാനം വളര്‍ച്ചാ നിരക്കോടെ ലോകത്തിലെ ഏറ്റവും വളര്‍ച്ചാ നിരക്കുള്ള ചൈനയെ വെല്ലുവിളിച്ച ഇന്ത്യ, പിന്നീടുള്ള വര്‍ഷങ്ങളില്‍ ക്രമാനുഗതമായ ഇടിവ് വളര്‍ച്ചാ നിരക്കില്‍ രേഖപ്പെടുത്തുവാന്‍ ആരംഭിച്ചു. നോട്ടു നിരോധനം എന്ന തുഗ്ലക്യന്‍ തീരുമാനവും, തൊട്ടുപിന്നാലെ യാതൊരു മുന്നൊരുക്കവുമില്ലാതെ നടപ്പിലാക്കിയ ജിഎസ് ടിയും ഇന്ത്യയുടെ വളര്‍ച്ചാ നിരക്കിനെ കുത്തനെ തകര്‍ത്തു. ചെറുകിട വ്യവസായങ്ങള്‍ രാജ്യമെമ്പാടും തകര്‍ന്നു. ലക്ഷങ്ങള്‍ തൊഴില്‍ രഹിതരായി. കഴിഞ്ഞ ബഡ്ജറ്റ് അവതരിപ്പിച്ചപ്പോള്‍ രാജ്യത്തിന‍്റെ സാന്പത്തിക വളര്‍ച്ച 4.5 ശതമാനത്തില്‍ എത്തിയെന്ന് ധനകാര്യ മന്ത്രിക്കു തന്നെ സമ്മതിക്കേണ്ടി വന്നു.

ഇതോടെ സാമ്പത്തിക ഉദാരവത്കരണത്തിലുടെ രാജ്യത്തിന്‍റെ രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ത പുനര്‍ ജീവിപ്പിക്കണമെന്ന ആവശ്യം വ്യാപകമായി ഉയര്‍ന്നുവെങ്കിലും കേന്ദ്ര സര്‍ക്കാരും റിസര്‍വ്വ് ബാങ്കും മൗനം പാലിക്കുകയായിരുന്നു. കൊറോണ രോഗത്തിന്‍റെ വ്യാപനത്തെ പ്രതിരോധിക്കുവാന്‍ ദീര്‍ഘ നാളത്തെ അടച്ചു പൂട്ടലും പ്രതിരോധ പ്രവര്‍ത്തനങ്ങളുമല്ലാം 2020 സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ ജി.ഡി.പി വളര്‍ച്ച താഴ്ത്തുമെന്ന് ഉറപ്പാണ്. ശദ്ധിച്ചല്ല എങ്കില്‍ സാമ്പത്തിക രംഗത്ത് സംമ്പൂര്‍ണ്ണ തകര്‍ച്ചയിലേക്കായിരിക്കും രാജ്യം കൂപ്പുകുത്തുക. നിലവില്‍ 4.5 ശതമാനമാണ് രാജ്യത്തിന്റെ ജി.ഡി.പി. കഴിഞ്ഞ ഒരു ദശകത്തിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. ഇന്ത്യയുടെ സമ്പദ് വളര്‍ച്ചാ അനുമാനം മൂഡീസ് 4.5ല്‍ നിന്ന് 2.5 ശതമാനത്തിലേക്ക് താഴ്ത്തി. ക്രിസില്‍ 3.5 ശതമാനമായാണ് റേറ്റിങ് താഴ്ത്തിയത്. ഇതോടെ കേന്ദ്ര സര്‍ക്കാരിനും റിസര്‍വ്വ് ബാങ്കിനും അപകടം മണക്കാന്‍ തുടങ്ങി.

ആഗോള കേന്ദ്രബാങ്കുകള്‍ എടുത്ത അതേ മുന്‍കരുതല്‍ തന്നെയാണ് റിസര്‍വ്വ് ബാങ്കും ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. കൊറോണ മൂലമുണ്ടാകുന്ന തകര്‍ച്ചയെ മറികടക്കാന്‍ യു.എസ് ഫെഡറല്‍ റിസര്‍വ് അടക്കമുള്ള കേന്ദ്രബാങ്കുകള്‍ സമാന നീക്കം നടത്തിയിട്ടുണ്ട്. ഏകദേശം പൂജ്യത്തിലേക്കാണ് യു.എസ് കേന്ദ്രബാങ്ക് പലിശ നിരക്കുകള്‍ താഴ്ത്തിയത്. 2008ലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം ഫെഡറല്‍ ആദ്യമായാണ് എമര്‍ജിസി കട്ട് നടത്തുന്നതും. റിസര്‍വ് ബാങ്ക് ന്യൂസീലാന്‍ഡ് വായ്പാ നിരക്കുകള്‍ 75 ബേസിസ് പോയിന്റുകള്‍ കുറച്ചു. ഓസ്‌ട്രേലിയ സെന്‍ട്രല്‍ ബാങ്കും റിസര്‍വ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയയും ബാങ്കിങ് സംവിധാനത്തിലേക്ക് 3.6 ബില്യണ്‍ ഡോളര്‍ ഒഴുക്കി. ദക്ഷിണ കൊറിയന്‍ സെന്‍ട്രല്‍ ബാങ്കും അടിസ്ഥാന നിരക്കുകളില്‍ അമ്പത് പോയിന്റ് കുറവു വരുത്തി. കൊറോണ ഏറ്റവും കൂടുതല്‍ ബാധിച്ച ചൈനയും കരുതല്‍ ധനാനുപാതത്തില്‍ കുറവു വരുത്തി ലിക്വിഡിറ്റി (പണലഭ്യത) വര്‍ദ്ധിപ്പിച്ചു. സമാന നീക്കം തന്നെയാണ് ഇന്ത്യയും നടത്തിയത്. കൊറോണയെ നേരിടാന്‍ 1.70 ലക്ഷം കോടിയുടെ സാധാരണക്കാര്‍ക്കു വേണ്ടിയുള്ള സാമ്പത്തിക പാക്കേജ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് റിസര്‍വ് ബാങ്കും ഇളവുകള്‍ പ്രഖ്യാപിക്കുന്നത്. ഇനി ചെറുകിട വ്യവസായങ്ങളേയും മറ്റും രക്ഷിക്കുവാന്‍ കൂടുതല്‍ ഉദാരവത്കരണ നയങ്ങള്‍ രൂപീകരിക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുമെന്ന് പ്രതീക്ഷിക്കാം.

  •  
  •  
  •  
  •  
  •  
  •  
  •