കര്‍ഷക സമരം ആറാം മാസത്തിലേക്ക്. ഇന്ന് കരിദിനം.

Print Friendly, PDF & Email

കൊടും തണുപ്പിനേയും, പേമാരിയേയും അതിജീവിച്ച് സര്‍ക്കാരിന്‍റെ എതുര്‍പ്പുകളോടും കോവിഡ് എന്ന മഹാമാരിയോടും മല്ലിട്ട് കാർഷിക നിയമങ്ങൾക്കെതിരെ കര്‍ഷകര്‍ നടത്തുന്ന രാജ്യവ്യാപക സമരം ആറാം മാസത്തിലേക്ക്. 2014 മെയ് 26ന് പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരമേറ്റതിന്റെ ഏഴാം വാർഷികം കൂടിയായ ഇന്ന് പ്രധാനമന്ത്രിയുടെ കോലം കത്തിച്ച് കർഷകർ പ്രതിഷേധിക്കും. പ്രതിക്ഷേധ സൂചകമായി കർഷകർ ഇന്ന് കരിദിനം ആചരിക്കുകയാണ്.

സമരം നടക്കുന്ന പ്രദേശങ്ങളിൽ ട്രാക്ടറുകളിലും മറ്റുമായി മുദ്രാവാക്യം വിളിച്ചും കരിങ്കൊടി കാണിച്ചും പ്രതിഷേധിക്കാനാണ് കർഷക നേതാക്കളുടെ ആഹ്വാനം. വിവിധ സംഘടനകളാണ് ഇന്നത്തെ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ പ്രതിഷേധത്തിന് പിന്തുണയുമായി പ്രതിപക്ഷ കക്ഷികളും രംഗത്തെത്തിയിരുന്നു. കോൺഗ്രസും ഇടത് പാർട്ടികളുമടക്കം 12 പ്രതിപക്ഷ പാർട്ടികളാണ് കരിദിനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. ഐക്യദാർഢ്യത്തിന് നന്ദി അറിയിച്ച കർഷകർ പിന്തുണ സ്വീകരിക്കുകയും ചെയ്തു.

രാജ്യ വ്യാപകമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമകൾ, ചിത്രങ്ങൾ എന്നിവ കൂട്ടിയിട്ട് കത്തിക്കും. കറുത്ത തലപ്പാവ്, ദുപ്പട്ട, വസ്ത്രം എന്നിവ ധരിച്ച് ഗ്രാമ-നഗര വ്യത്യാസമില്ലാതെ ഡൽഹി അതിർത്തികളിലും പ്രതിഷേധം സംഘടിപ്പിക്കും. കർഷക ട്രാക്ടറുകളിലും കറുത്ത പതാകകൾ സ്ഥാപിക്കും. സാമൂഹിക അകലവും മറ്റ് കൊവിഡ് മാനദണ്ഡങ്ങളും പാലിച്ച് പ്രതിഷേധം നടത്തുമെന്നും കർഷകർ പറഞ്ഞു. കോവിഡ് വ്യാപനത്തിന് കാരണം കര്‍ഷകര്‍ ആണെന്ന പ്രചാരണം സര്‍ക്കാരിന്‍റെ പരാജയം മറക്കാനാണെന്ന് കര്‍ഷക നേതാവ് ടിക്കായത്ത് പറഞ്ഞു.