പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യസമ്മേളനത്തിന് തുടക്കം.

Print Friendly, PDF & Email

പ്രോടേം സ്പീക്കർ പി.ടി.എ റഹിം മുൻപാകെ നടക്കുന്ന എംഎൽഎമാരുടെ സത്യപ്രതിജ്ഞയാണ് ആദ്യ അജണ്ട. ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിലാണ് അംഗങ്ങളുടെ സത്യപ്രതിജ്ഞ. വള്ളിക്കുന്ന് നിന്ന് വിജയിച്ച അബ്ദുൾ ഹമീദാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്യുന്നത്. ആബിദ് ഹുസൈൻ രണ്ടാമതും അഹമ്മദ് ദേവർ കോവിൽ മൂന്നാമതുമായി സത്യപ്രതിജ് ചെയ്യും. നിയമസഭയിൽ അംഗമായി സത്യപ്രതിജ്ഞ ചെയ്യുന്ന, മന്ത്രിസഭയിലെ ആദ്യ അംഗമാണ് അഹമ്മദ് ദേവർ കോവിൽ. 136 എംഎൽഎമാർ ഇന്ന് പ്രോ ടേം സ്പീക്കർ പിടിഎ റഹീമിന് മുമ്പിൽ സത്യപ്രതിജ്ഞ ചെയ്യും. മന്ത്രി വി അബ്ദുറഹമാൻ അടക്കം മൂന്ന് പേർക്വാറന്‍റയിനിലായതിനാല്‍ ഇന്ന് സഭയിലെത്തി സത്യപ്രതിജ്ഞ ചെയ്യില്ല. ടിപിയുടെ ചിത്രമുള്ള ബാഡ്ജണിഞ്ഞാണ് വടകര എംഎൽഎ കെ കെ രമ സഭയിലെത്തിയത്.

പുതുമുഖങ്ങളാല്‍ സന്പന്നമാണ് 15ാം നിയമസഭ. 53 പേരാണ് സഭയിലേക്ക് പുതുതായി കടന്നുവരുന്നത്. ആകെ അംഗങ്ങളിൽ 37 ശതമാനം പേർ. കഴിഞ്ഞ സഭയിലുണ്ടായിരുന്ന 75 അംഗങ്ങൾക്ക് ഇത് രണ്ടാമൂഴമാണ്. 2016ന് മുൻപ് അംഗങ്ങളായിരുന്ന 12 പേർ സഭയിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. വിഡി സതീശന്‍ പ്രതിപക്ഷ നേതാവായി വരുന്ന സഭയില്‍ നാളെയാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പ്. പി.സി വിഷ്ണുനാഥാണ് യുഡിഎഫിന്റെ സ്പീക്കർ സ്ഥാനാർത്ഥി. സിപിഎമ്മിന്റെ എം ബി രാജേഷിനെതിരെ കോൺഗ്രസിലെ പി സി വിഷ്ണുനാഥ് സ്ഥാനാർത്ഥിയായി മത്സരിക്കും. 28ന് നയപ്രഖ്യാപന പ്രസംഗം. ജൂൺ നാലിനാണ് ബജറ്റ്. 14 വരെയാണ് സഭാ സമ്മേളനം.

സ്ഥാനമാനങ്ങൾ മാറിയതിനൊപ്പം പുതിയ ക്രമീകരണങ്ങളും ശ്രദ്ധേയമായി. ഒന്നാംനിരയിൽ മുഖ്യമന്ത്രിയുടെ തൊട്ടതൊട്ടരികിൽ രണ്ടാമനായി എം വി ഗോവിന്ദൻ. ഘടകകക്ഷി നേതാക്കൾ കഴിഞ്ഞാൽ ഒന്നാം നിരയിൽ സിപിഎമ്മിൽ കെ രാധാകൃഷ്ണും, കെ എൻ ബാലഗോപാലും മാത്രം. മുൻ മന്ത്രിമാരായ കെ കെ ഷൈലജ, കടകംപള്ളി സുരേന്ദ്രൻ, എ സി മൊയ്തീൻ, ടി പി രാമകൃഷണൻ, എം എം മണി എന്നിവർ മൂന്നാം നിരയിലേക്ക്മാറി. പ്രതിപക്ഷത്ത് വി ഡി സതീശൻ ഒന്നാമനായപ്പോൾ രമേശ് ചെന്നിത്തല രണ്ടാം നിരയിലേക്ക് മാറി. കുഞ്ഞാലിക്കുട്ടി മടങ്ങി വന്നതോടെ മുൻ പ്രതിപക്ഷ ഉപനേതാവ് എം കെ മുനീറും രണ്ടാംനിരയിലായി.