NEWS MAINWORLD

വത്തിക്കാനില്‍ നിന്നും നീതിയില്ല. നിലപാടില്‍ ഉറച്ച് സിസ്റ്റർ ലൂസി

പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചു. ബിഷ്പ്പ് ഫ്രാങ്കോയ്ക്കെതിരെ നിലപാടെടുത്തതിന്‍റെ പേരില് സഭയിൽ നിന്ന് പുറത്താക്കപ്പെട്ട സിസ്റ്റർ ലൂസി കളപ്പുര നൽകിയ അപ്പീൽ പൗരസ്ത്യ തിരുസംഘം തള്ളി. സിസ്റ്റർ ലൂസി സഭാ ചട്ടം ലംഘിച്ചെന്ന് കാട്ടി വത്തിക്കാനിൽ നിന്നുള്ള മറുപടിക്കത്ത് മഠം അധികൃതർക്ക് ലഭിച്ചു. സീറോ മലബാര്‍ സഭ ഉള്‍പ്പെടെ പൗരസ്ത സഭകളുടെ കാര്യങ്ങള്‍ നോക്കുന്ന വത്തിക്കാനിലെ വിഭാഗമാണ് പൗരസ്ത്യ തിരുസംഘം. സാധാരണ നിലയില്‍ സഭാ നേതൃത്വം എടുക്കുന്ന തീരുമാനങ്ങള്‍ക്കെതിരെ പൗരസ്ത തിരുസംഘം തീരുമാനം എടുക്കില്ല എന്ന് നേരത്തെ തന്നെ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ആ വിശ്വാസം ശരിവക്കുന്നതാണ് പൗരസ്ത തിരുസംഘം ന്യൂണ്‍ഷോയുടെ ഇപ്പോഴത്തെ തീരുമാനം.

എന്നാല്‍ എന്തുവന്നാലും മഠത്തിൽ നിന്ന് ഇറങ്ങില്ലെന്ന നിലപാടിലാണ് സിസ്റ്റര്‍ ലൂസി. ഈ കത്ത് പഠിക്കണമെന്നും, പകർപ്പ് പരിശോധിച്ച് ഉടൻ തന്നെ വീണ്ടും അപ്പീൽ നൽകുമെന്നും സിസ്റ്റർ ലൂസി വ്യക്തമാക്കി. പൗരസ്ത്യ തിരുസംഘത്തിന് മുകളിലുള്ളവർക്ക് അപ്പീൽ നൽകാനാണ് തീരുമാനം. എന്ത് വന്നാലും മഠം വിട്ട് താൻ പുറത്തേക്ക് ഇറങ്ങാൻ തയ്യാറല്ല. ഒരു ഫോൺകോളിൽ പോലും തനിക്ക് പറയാനുള്ളതെന്തെന്ന് കേൾക്കാന്‍ സഭാ നേതൃത്വം തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിൽ തനിക്ക് മഠത്തിൽ തുടരാൻ അവകാശമുണ്ടെന്നും സിസ്റ്റർ ലൂസി പറഞ്ഞു. എന്നാല്‍ വത്തിക്കാനില്‍ നേരിട്ട് പരാതിപ്പെട്ടാലും മറിച്ചൊരു തീരുമാനം ആരും പ്രതീക്ഷിക്കുന്നില്ല.

ഇന്ത്യൻ ഭരണഘടന  ഉറപ്പ് നൽകുന്ന മനുഷ്യാവകാശം , സ്ത്രീയുടെ ജീവിക്കാനുള്ള അധികാരം , സ്ത്രീ സുരക്ഷ , വ്യക്തി സ്വാതന്ത്ര്യം , പ്രതിഷേധിക്കാനുള്ള മാനുഷികാവകാശം എന്നിവക്ക്  വത്തിക്കാന്‍ പുല്ലു വിലയാണ് കല്പിച്ചിരിക്കുന്നതെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്. അതിനാല്‍ രാജ്യത്തെ നീതിന്യായ കോടതിയില്‍ നീതിതേടി സിസ്റ്റര്‍ ലൂസി എത്തുവാനാണ് സാധ്യത. അഭൂതപൂര്‍വ്വമായ മറ്റൊരു മറ്റൊരു നിയമയുദ്ധത്തിലേക്ക് ആയിരിക്കും ഇത് വഴിതുറക്കുക. എങ്കില്‍, ഇത് കത്തോലിക്ക സഭക്ക് ഉണ്ടാക്കുവാന്‍ പോകുന്ന തലവേദന ചെറുതായിരിക്കുകയില്ല.