ബിഷപ്പിനു പിന്നാലെ കൂടുതല്‍ അറസ്റ്റ് ഉടനെ

Print Friendly, PDF & Email

ബിഷപ്പിനു പിന്നാലെ കൂടുതല്‍ അറസ്റ്റ് ഉടനെ.  പരാതിക്കാരിയെയും സാക്ഷികളെയും സ്വാധീനിക്കാൻ ശ്രമിക്കുകയും  ഭീഷണിപ്പെടുത്തുകയും ചെയ‌്തവ ഉള്‍പ്പെടെയുള്ള മറ്റ്‌ കേസുകളിൽ അന്വേഷണം ഉടൻ പൂർത്തിയാക്കാനും പ്രതികളെ അറസ്റ്റുചെയ്യാനും ജില്ലാ പൊലീസ‌് മേധാവി ഹരിശങ്കർ നിർദേശം നൽകി.  അന്വേഷണത്തോട‌് ഫ്രാങ്കോ സഹകരിക്കാത്ത സാഹചര്യംകൂടി പരിഗണിച്ചാണ‌്  ശക്തമായ നടപടിയിലേക്ക‌് നീങ്ങുന്നത‌്.

സിഎംഐ സഭയിലെ ഫാ. ജെയിംസ‌് എർത്തയിൽ  ആണ് ഉടന്‍ അറസ്റ്റിലാകുന്ന പ്രധാനി. കേസിലെ പ്രധാന സാക്ഷിയും ഇരയായ കന്യാസ‌്ത്രീയോടൊപ്പം കുറവിലങ്ങാട‌് മഠത്തിലെ താമസക്കാരിയുമായ സിസ്റ്റർ അനുപമയോട‌് ഫാ. ജെയിംസ‌് ഭീഷണി സ്വരത്തിൽ സംസാരിച്ചിരുന്നു. കേസിൽനിന്ന‌് പിന്മാറിയാൽ പരാതിക്കാരിക്കും ഒപ്പമുള്ള അഞ്ച‌് കന്യാസ‌്ത്രീകൾക്കും കാഞ്ഞിരപ്പള്ളി രൂപതയിൽപ്പെട്ട റാന്നിയിലോ ഏരുമേലിയിലോ പത്തേക്കർ സ്ഥലം വാങ്ങി മഠം നിർമിച്ചുനൽകാമെന്ന‌് വാഗ‌്ദാനംചെയ‌്തു. ഇതിൽ ഫാ. എർത്തയിലിനെ പ്രതിചേർത്ത‌് കുറവിലങ്ങാട‌് പൊലീസ‌് കേസെടുത്തിരുന്നു.  ഇതിനുപുറമെ കന്യാസ‌്ത്രീയുടെ സഹോദരന‌് അഞ്ചുകോടി രൂപ വാഗ‌്ദാനം ചെയ‌്ത‌് കേസിൽനിന്ന‌് പിന്മാറ്റാൻ ചിലർ ശ്രമിച്ചതായി അദ്ദേഹം മൊഴി നൽകിയിട്ടുണ്ട‌്.  അവര്‍ക്കെതിരേയും കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കും

ജലന്ധർ രൂപതയുടെ കീഴിലുള്ള മിഷനറീസ‌് ഓഫ‌് ജീസസിന്റെ കൗൺസിലർ സിസ്റ്റർ അമല തോമസ‌് ആണ് കേസുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന മറ്റൊരാള്‍. ബിഷപ്പിനെ ന്യായീകരിക്കുവാനായികന്യാസ‌്ത്രീയുടെ ചിത്രം സഹിതം പ്രസ‌്താവനയിറക്കിയ സിസ്റ്റർ അമലയ‌്ക്കെതിരെ കേസെടുത്തിട്ടുണ്ട്.

ബിഷപ്പ‌് ഫ്രാങ്കോ മുളയ‌്ക്കൽ പ്രതിയായ ബലാത്സംഗ കേസിൽ ഇരയെ അപായപ്പെടുത്താനും ശ്രമം നടന്നു. കന്യാസ‌്ത്രീയും കേസിലെ പ്രധാന സാക്ഷിയായ അനുപമയും മറ്റും താമസിക്കുന്ന മഠത്തിലെ അന്യസംസ്ഥാന തൊഴിലാളി പിന്റുവിനെ  ചിലർ സമീപിക്കുകയും ഭീക്ഷണിപ്പടുത്തുകയും ചെയ്തതിന്റെ പേരില്‍ തോമസ‌് എന്നയാൾക്കെതിരെ കേസുള്ളത‌്. കഴിഞ്ഞ 13 നാണ‌് സംഭവം. ബിഷപ്പിന്റെ ബന്ധുവായ വൈദികന്റെ സഹോദരൻ തോമസ‌് എന്നയാളാണ‌് മഠത്തിലെ തൊഴിലാളിയും അന്യസംസ്ഥാനക്കാരനുമായ പിന്റുവിനെ ഈ ആവശ്യവുമായി സമീപിച്ചത‌്. കുറവിലങ്ങാട‌് നാടുകുന്നിൽ റബർ തോട്ടത്തിനു നടുവിൽ ആൾതാമസം കുറഞ്ഞ,  ഒറ്റപ്പെട്ട സ്ഥലത്താണ‌് സെന്റ‌് ഫ്രാൻസിസ‌് മിഷൻ ഹോം. കന്യാസ‌്ത്രീകളും ഏതാനും സഹായികളും മാത്രമാണ‌് ഇവിടെയുള്ളത‌്. ഇരയുടെയും  ഒപ്പമുള്ളവരുടെയും നീക്കം നിരീക്ഷിച്ച‌് അറിയിക്കണമെന്നും ഇവർ സഞ്ചരിക്കുന്ന ഇരുചക്ര വാഹനത്തിന്റെ ബ്രേക്ക‌് തകരാറിലാക്കണമെന്നു മായിരുന്നു ആവശ്യം. ഇതുസംബന്ധിച്ച പരാതിയിൽ കുറവിലങ്ങാട‌് പൊലീസ‌് എടുത്ത കേസില്‍ ഉടന്‍ അറസ്റ്റുണ്ടാകും.