കാര്‍ഷിക മേഖലക്കും തിരിച്ചടി. ഗ്രാമീണ ഉപഭോഗ നിരക്ക് ഏഴു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍

Print Friendly, PDF & Email

രാജ്യത്തെ ഗ്രാമീണ ഉപഭോഗ നിരക്ക് ഏഴു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലെന്ന് വിപണി ഗവേഷണ സംഘടനയായ നീല്‍സണിന്റെ റിപ്പോര്‍ട്ട്. സെപ്തംബര്‍ പാദത്തിലെ ഉപഭോഗ നിരക്കാണ് നീല്‍സണ്‍ പുറത്തുവിട്ടത്. കാര്‍ഷിക മേഖല തകര്‍ന്നതിന്റെയും ഗ്രാമീണ മേഖലയിലെ വരുമാനം നിലച്ചതിന്റെയും ഉദാഹരമാണ് ഉപഭോഗത്തിലെ കുറവ് എന്ന് നീല്‍സണ്‍ ചൂണ്ടിക്കാട്ടുന്നു. ഗ്രാമീണ ഇന്ത്യയുടെ മൂല്യവളര്‍ച്ചയില്‍ പ്രതിവര്‍ഷം അഞ്ചു ശതമാനം ഇടിവുണ്ടാകുന്നു എന്നും റിപ്പോര്‍ട്ട് പറയുന്നു. അതിവേഗ ഉപഭോക്തൃ ഉല്‍പ്പന്നങ്ങളുടെ (എഫ്.എം.സി.ജി) ഗ്രാമീണ ഉപഭോഗം സെപ്തംബറില്‍ അവസാനിച്ച പാദത്തില്‍ 3.9 ശതമാനമാണ് വളര്‍ന്നത്. മുന്‍ വര്‍ഷത്തില്‍ ഇത് 13.2 ശതമാനമായിരുന്നു. സാധാരണഗതിയില്‍ നഗര ഉപഭോഗത്തേക്കാള്‍ ഗ്രാമീണ ഉപഭോഗമാണ് കൂടാറുള്ളത്. ഈ പാദത്തില്‍ അത് നേരെ തിരിച്ചാണ്. നഗര ഇന്ത്യയിലെ എഫ്.എം.സി.ജി ഉപഭോഗം 14ല്‍ നിന്ന് എട്ടു ശതമാനമായാണ് കുറഞ്ഞത്. വടക്കേ ഇന്ത്യയിലാണ് പ്രതിസന്ധി കൂടുതല്‍ എന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഉപഭോഗമാന്ദ്യത്തിന്റെ 48 ശതമാനവും ഇവിടെയാണ്. ഇവിടത്തെ ഭക്ഷണ ഡിമാന്‍ഡിലും വലിയ കുറവുണ്ടായിട്ടുണ്ട്. 21ല്‍ നിന്ന് ഏഴു ശതമാനമായാണ് ഉപഭോഗം കുറഞ്ഞത്. പണ ദൗര്‍ലഭ്യമാണ് ഉപഭോഗത്തിലെ കുറവിന് കാരണമെന്നാണ് പഠന റിപ്പോര്‍ട്ട്.

  •  
  •  
  •  
  •  
  •  
  •  
  •