മരടിലെ ഫ്ലാറ്റുകള്‍ വാങ്ങിയവരുടെ പ്രാഥമിക ലിസ്റ്റ് പുറത്ത്

Print Friendly, PDF & Email

മരടിലെ  ഫ്ലാറ്റുകള്‍ വാങ്ങിയവരുടെ പ്രാഥമിക ലിസ്റ്റ് പുറത്ത്. ഹോളി ഫെയ്ത്ത് ബില്‍ഡറില്‍ നിന്നും ഫ്ലാറ്റുകള്‍ വാങ്ങിയവരുടെ ലിസ്റ്റ്  ആണ് പുറത്തുവന്നിരിക്കുന്നത്. ഹോളി ഫെയ്ത്തിലെ ഓരോരുത്തരും എത്ര ഫ്ലാറ്റുകള്‍ വാങ്ങിയിട്ടുണ്ട് എന്നും എത്ര രൂപയ്ക്കാണ് അതിന്റെ രജിസ്ട്രേഷന്‍ നടത്തിയിരിക്കുന്നത് എന്നൊക്കെ ഇതില്‍ നിന്നും മനസിലാക്കാം.

നിര്‍മ്മാണ പ്രവൃത്തി ആരംഭിച്ച 2006 – 2007 കാലയളവില്‍ കേവലം 99,500/- മുതല്‍ മൂന്ന് ലക്ഷം രൂപ വരെ രൂപയ്ക്ക് വിലയാധാരം നടത്തി ഫ്ലാറ്റുകള്‍ സ്വന്തമാക്കിയവരാണ് ഇവരില്‍ ഭൂരിഭാഗവും. എന്നാല്‍, 2008-09 കാലയവില്‍ രജിസ്ട്രേഷന്‍ തുക 15 – 20 ലക്ഷം രൂപയിലേക്ക് പൊടുന്നനെ കുതിച്ചുയര്‍ന്നു. 21/05/2007 – ല്‍ മൂന്ന് ലക്ഷം രൂപ കാണിച്ച് 2598/2007 ആം നമ്പരായിട്ടാണ് ജോണ്‍ ബ്രിട്ടാസ് ആധാരം രജിസ്റ്റര്‍ ആക്കിയിരിക്കുന്നത്.
രജിസ്ട്രേഷന്‍ ഫീസ്‌ ലാഭിക്കാനായി കുറഞ്ഞ തുകയ്ക്ക് രജിസ്റ്റര്‍ ചെയ്തവര്‍, ശേഷിച്ച തുക കെട്ടിടം പണിയുന്ന ഇനത്തില്‍ വകയിരുത്തി ബില്‍ഡറുമായി വേറെ രഹസ്യ കരാര്‍ ഉണ്ടാക്കിയിട്ടുണ്ടാകും. ഇപ്രകാരം ഒരു കരാര്‍ ഇല്ലെങ്കില്‍ അത് ബില്‍ഡര്‍ ഉപഹാരമായോ പ്രത്യുപകാരമായോ നല്കിയതാകാനും ഇടയുണ്ട്. ആധാരത്തിലുള്ളതില്‍ കൂടുതല്‍ തുക സര്‍ക്കാര്‍ ഫ്ലാറ്റുടമകള്‍ക്ക് തുടക്കത്തിലേ നല്‍കുന്നത് സത്യത്തില്‍ അഴിമതിയും ദൂരവ്യാപകമായ പ്രത്യാഘ്യാതങ്ങള്‍ ഉണ്ടാക്കുന്നതുമാണെന്ന് പരാതി ഉയര്‍ന്നുകഴിഞ്ഞു.

ബില്‍ഡര്‍ക്ക് ഫ്ലാറ്റുടമ നല്‍കിയ യഥാര്‍ത്ഥ തുക കണ്ടെത്തിയ ശേഷം മാത്രമേ പ്രമാണ വിലയില്‍ കൂടുതല്‍ നഷ്ടപരിഹാരം നല്കാന്‍ പാടുള്ളൂ. എന്നാല്‍, ഇക്കാര്യം സുപ്രീംകോടതിയെ ബോധിപ്പിക്കുന്നതില്‍ സര്‍ക്കാരിന് ‘വീഴ്ച’ പറ്റിയത് കൊണ്ടാണ് 25 ലക്ഷം വീതം എല്ലാവര്ക്കും പൊതുഖജനാവില്‍ നിന്നും നല്‍കാന്‍ കോടതി ഉത്തരവായത്. ബില്‍ഡറുമായി ഉണ്ടാക്കിയ കരാര്‍ സുപ്രീംകോടതി നിശ്ചയിച്ച സമിതി മുന്‍പാകെ ഫ്ലാറ്റുടമകള്‍ ഹാജരാക്കി കൂടുതല്‍ നഷ്ടപരിഹാരം വാങ്ങുകയാണ് ചെയ്യേണ്ടിയിരുന്നത്. ഒപ്പം, ഇതില്‍ നിന്നും രജിസ്ട്രേഷന്‍ ഫീസ്‌ ഇനത്തില്‍ സര്‍ക്കാരിന് ലഭിക്കേണ്ടിയിരുന്ന തുക ഈടാക്കുകയും വേണം.

പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ വിത്യാസമില്ലാതെ നീതി നടപ്പാക്കണമെങ്കില്‍ എല്ലാ കാര്യങ്ങളും ജനങ്ങള്‍ അറിയേണ്ടതുണ്ട്. പൊതുഖജനാവില്‍ നിന്നും നല്‍കുന്ന ഓരോ രൂപയും അതാര്‍ക്ക്, എത്ര രൂപ, എന്തടിസ്ഥാനത്തിലാണ് നല്‍കുന്നത് എന്നറിയാന്‍ രാജ്യത്തെ ഓരോ പൗരനും അവകാശമുണ്ട്. ഈ കാര്യങ്ങള്‍ എല്ലാം 25 ലക്ഷം നല്കും മുന്നേ സര്‍ക്കാര്‍ സ്വമേധയാ പരസ്യപ്പെടുത്തേണ്ടതുണ്ട്. സര്‍ക്കാര്‍ അതില്‍ പരാജയപ്പെട്ടാല്‍ എന്നെ പോലുള്ള ആക്റ്റിവിസ്റ്റുകള്‍ ആ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വരും. ഓരോരുത്തരും ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറിയുടെ ഓഫീസിലേക്ക് വിവരാവകാശ അപേക്ഷകള്‍ നല്‍കുക.

ഫ്ലാറ്റുടമകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന തുക ബില്‍ഡറില്‍ നിന്നും ഈടാക്കാം എന്ന് സുപ്രീം കോടതി പറയുന്നുണ്ട് എങ്കിലും എത്ര രൂപ ഈടാക്കാനാകും എന്നൊക്കെ കണ്ടറിയാം. കേസും പുക്കാറുമായി 130 കോടി നമ്മുടെ നികുതിപ്പണത്തില്‍ നിന്ന് ആകാനാണ് സാദ്ധ്യത.

.