സാന്പത്തി മാന്ദ്യം: ജിഎസ്ടിയില്‍ വന്‍ ഇടിവ്

രാജ്യത്തെ സാമ്പത്തിക മാന്ദ്യം അതിന്‍റെ രൂക്ഷത മുഴുവനും പുറത്തെടുക്കുവാന്‍ തുടങ്ങിയതായിട്ടാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ ഉപഭോഗം കുറഞ്ഞതോടെ ഉല്‍പ്പാദന രംഗത്ത് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ ഇന്‍ഡസ്ട്രി മേഖലയായ ബംഗളൂരു പീനിയ ഇന്‍ഡസ്ട്രി എസ്റ്റേറ്റ് വന്‍ തകര്‍ച്ചയെയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഏതാണ്ട് 12000ല്‍ പരം ചെറുതും വലുതമായ വ്യവസായ സംരഭങ്ങളാണ് പീനിയയില്‍ മാത്രമുള്ളത്. അതില്‍ പകുതിയില്‍ കൂടുതല്‍ കമ്പനികളും ഉല്‍പദനം കുറക്കുവാനോ  നിര്‍ത്തിവക്കുവാനോ നിര്‍ബ്ബന്ധിതമായികൊണ്ടിരിക്കുകയാണ്. രാജ്യത്തെ മറ്റു വ്യവസായ മേഖലകളിലേയും സ്ഥിതി ഭിന്നമല്ല.

സാമ്പത്തിക തകര്‍ച്ച മൂലം ഉപഭോഗത്തിലുണ്ടായ കുറവ് രാജ്യത്തെ ചരക്കു സേവന നികുതി (ജി.എസ്.ടി) വരുമാനത്തേയും കാര്യമായി ബാധിച്ചു കഴിഞ്ഞു. 2018 സെപ്തംബര്‍ മാസത്തെ വരുമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ 2.67 ശതമാനത്തിന്റെ ജിഎസ്ടി വരുമാനത്തില്‍ കുറവാണ് രേഖപ്പെടുത്തിയത്. അതായത് കുത്തനെ കുറഞ്ഞു എന്നര്‍ത്ഥം. ഈ സെപ്തംബറില്‍ 91916 കോടി രൂപയാണ് ജി.എസ്.ടി വരുമാനം.19 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. തുടര്‍ച്ചയായ രണ്ടാം മാസമാണ് വരുമാനം ലക്ഷം കോടിക്കു താഴെ വരുന്നത്. ഓഗസ്റ്റില്‍ 98,202 കോടിയായിരുന്നു ജി.എസ്.ടി വരുമാനം. മൊത്തം ജി.എസ്.ടിയില്‍ കേന്ദ്രജി.എസ്.ടിയില്‍ നിന്നുള്ള വരുമാനം 16630 കോടിയാണ്. സംസ്ഥാന ജി.എസ്.ടിയില്‍ നിന്ന് 22598 കോടിയും സംയുക്ത ജി.എസ്.ടിയില്‍ നിന്ന് 45069 കോടിയും കണ്ടെത്താനായി. സെസ് വഴി പിരിഞ്ഞുകിട്ടിയത് 7620 കോടി രൂപയാണ്.

അതിനിടെ, സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ജി.എസ്.ടി ഇളവുകള്‍ ഈ മാസം ഒന്നു മുതല്‍ പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്. ഇടത്തരം-ലക്ഷ്വറി ഹോട്ടലുകളുടെ താമസ നികുതി 28ല്‍ നിന്ന് 18 ശതമാനമാക്കിയതാണ് ഇതില്‍ പ്രധാനപ്പെട്ടത്. അതോടെ ജിഎസ്ടി വരുമാനം ഇനിയും കുറയുവാനാണ് സാധ്യത.