ഐ എസ് എൽ – മുംബൈക്ക് ആദ്യ ജയം.

Print Friendly, PDF & Email

എഫ്.സി ഗോവയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച് മുംബൈ സിറ്റി തങ്ങളുടെ ഐ.എസ്.എല്ലിലെ ആദ്യ വിജയം സ്വന്തമാക്കി. ഗോൾ രഹിതമായ ആദ്യ പകുതി ശേഷം രണ്ടാം പകുതിയിലാണ് മുഴുവൻ ഗോളുകളും പിറന്നത്. ആദ്യ പകുതിയിൽ ഗോൾ കീപ്പർ അമരീന്ദറിന്റെ മികച്ച രക്ഷപെടുത്തലുകളാണ് മുംബൈ പിറകിലാവുന്നതിൽ നിന്ന് രക്ഷിച്ചത്.

മത്സരത്തിൽ ഗോവ കൂടുതൽ സമയം ബോൾ കൈവശം വെച്ചെങ്കിലും മത്സരത്തിൽ ആധിപത്യം നേടാനാവശ്യമായ ഗോൾ നേടാൻ അവർക്കായില്ല. ആദ്യ പകുതിയിൽ മത്സരത്തിൽ ലീഡ് നേടാൻ മുംബൈക്ക് മികച്ച അവസരം ലഭിച്ചെങ്കിലും ഗോൾ കീപ്പർ മാത്രം മുന്നിൽ നിൽക്കെ ബൽവന്ത് പുറത്തടിച്ച് കളയുകയായിരുന്നു. തുടർന്ന് ആദ്യ പകുതിയിലെ ഇഞ്ചുറി ടൈമിലാണ് അമരീന്ദറിന്റെ മികച്ച രക്ഷപെടുത്തൽ കണ്ടത്. പെനാൽറ്റി ബോക്സിലേക്ക് വന്ന പന്ത് ക്ലിയർ ചെയ്യാൻ ഗോവൻ പ്രധിരോധം വൈകിയപ്പോൾ പന്ത് ലഭിച്ച ഫെറാൻ കോറോമിനാസ്  ഗോൾ കീപ്പർ മാത്രമുള്ള പോസ്റ്റിലേക്ക് പന്ത് അടിച്ചെങ്കിലും മനോഹരമായ ഒരു സേവിലൂടെ അമരീന്ദർ മുംബൈയുടെ രക്ഷക്കെത്തുകയായിരുന്നു.

രണ്ടാം പകുതിയിലുംമികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും പോസ്റ്റ് ഗോവക്ക് വിലങ്ങ് തടിയാവുകയായിരുന്നു. ലാൻസറോട്ടയുടെ മനോഹരമായ ചിപ്പ് ഗോൾ കീപ്പർ കബളിപ്പിച്ചെങ്കിലും പോസ്റ്റിൽ തട്ടി തെറിക്കുകയായിരുന്നു. തുടർന്നാണ് മത്സര ഗതിക്ക് എതിരായി ഗോവ ഗോൾ വഴങ്ങിയത്. ഔട്ട് കിക്ക്‌ ക്ലിയർ ചെയ്യുന്നതിൽ ഗോവൻ ഗോൾ കീപ്പർ ലക്ഷ്മികാന്ത് കട്ടിമണി വരുത്തിയ പിഴവാണ് ഗോവക്ക് തിരിച്ചടിയായത്.  കട്ടിമണി ബോൾ ക്ലിയർ ചെയ്യാൻ വൈകിയപ്പോൾ ഓടി വന്ന എവെർട്ടൻ സാന്റോസിന്റെ കാലിൽ തട്ടി പന്ത് വലയിലാകുകയായിരുന്നു.

മത്സരം അവസാനിക്കാൻ മിനുറ്റുകൾ മാത്രമുള്ളപ്പോഴാണ് ഗോവ ഒരു ഗോൾ തിരിച്ചടിച്ച് മത്സരം സമനിലയിലാക്കിയത്.  വലതു വിങ്ങിലൂടെയുള്ള മികച്ച മുന്നേറ്റത്തിനൊടുവിൽ മാനുവൽ ആറാനായാണ് ഗോവക്ക് വേണ്ടി സമനില ഗോൾ നേടിയത്. പക്ഷെ ഗോവയുടെ ആഘോഷത്തിന് മിനുറ്റുകളുടെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളു. തൊട്ടടുത്ത മിനുട്ടിൽ തന്നെ തിയാഗോ സാന്റോസിലൂടെ ലീഡ് നേടി മുംബൈ ജയം ഉറപ്പിച്ചു. എവെർട്ടൻ സാന്റോസിന്റെ മികച്ച മുന്നേറ്റത്തിനൊടുവിലാണ് തിയാഗോ വിജയമുറപ്പിച്ച ഗോൾ നേടിയത്.

Courtesy : Indian Super League twitter

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply