രാജ്യത്തിന്‍റെ സാമ്പത്തിക വളർച്ചാ നിരക്ക് ഇടിയുന്നു…
തുടർച്ചയായി അഞ്ച് സാമ്പത്തിക പാദങ്ങളിലായി ഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക് കുറഞ്ഞു കുറഞ്ഞ് ഏറ്റവും താഴ്ന്ന നിലയിലെത്തി. ഈ സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിൽ വെറും അഞ്ച് ശതമാനം മാത്രമാണ് വളർച്ച നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. ആഭ്യന്തര ഉത്പാദനത്തിന്‍റെ വളർച്ചാ തോതില്‍ കഴിഞ്ഞ ആറ് വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷനാണ് ഏപ്രിൽ – ജൂൺ കാലത്തെ ജിഡിപി വളർച്ചാ നിരക്കാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
2013 മാർച്ചില്‍ രേഖപ്പെടുത്തിയ ഏറ്റവും ചെറിയ വളർച്ചാ നിരക്കായ 4.3 ശതമാനത്തിനു ശേഷം രേഖപ്പെടുത്തിയിരിക്കുന്ന ഏറ്റവും കുറഞ്ഞ വളർച്ചാ നിരക്കാണ് ഇപ്പോള്‍രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഇതേ സമയത്ത് എട്ട് ശതമാനമായിരുന്നു ജിഡിപി വളർച്ചാ നിരക്ക്. ബഡ്ജറ്റിൽ പ്രതീക്ഷ കാണിച്ചിരുന്നത് 7 ശതമാനമായിരുന്നെങ്കിലും 6 .8 ശതമാനത്തിൽ താഴെ വരുമെന്നായിരുന്നു പലരും മുന്നറിയിപ്പ് നൽകിയിരുന്നത്. തുടർച്ചയായി അഞ്ച് സാമ്പത്തിക പാദങ്ങളിലായി ഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക് കുറഞ്ഞു കുറഞ്ഞ് വരികയായിരുന്നു. ബിസ്കറ്റ് ഉത്പാദനം മുതൽ കാർ – ഓട്ടോമൊബൈൽ മേഖലയിലടക്കമുണ്ടായ മാന്ദ്യമാണ് ജിഡിപി വളർച്ചാ നിരക്കു കുറച്ചതെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്‍ധർ വിലയിരുത്തുന്നത്.
ഉപഭോക്താക്കളുടെ പര്‍ച്ചയിസിങ് ശേഷികുറയുന്നതാണ് വളര്‍ച്ചാനിരക്കില്‍ വന്‍ ഇടിവുണ്ടാകാന്‍ കാരണo. അതോടെ വിപണിയിൽ വലിയ രീതിയിൽ സാധനങ്ങൾ വാങ്ങാതിരിക്കുകയും, സ്വകാര്യ നിക്ഷേപങ്ങൾ കുത്തനെ ഇടിയുകയും ചെയ്തു. ഇത് വളർച്ചാ മാന്ദ്യത്തിന് ആക്കം കൂട്ടി. ഇത് രാജ്യത്തുണ്ടായിരിക്കുന്ന സാന്പത്തിക മാന്ദ്യത്തിന്‍റെ ഫലമായാണെന്ന് വിലയിരുത്തപ്പെടുന്നു. പ്രധാനമന്ത്രി കെട്ടിഘോഷിക്കുന്ന 5 ട്രില്യൻ സമ്പത് വ്യവസ്ഥ യാഥാർഥ്യമാകണമെങ്കില്‍ വളര്‍ച്ചാ നിരക്ക് 8 ശതമാനത്തിനു മേലെങ്കിലും ആയിരിക്കണം. ഇതാണ് കൂപ്പുകുത്തിയിരിക്കുന്നത്. അതോടെ മോദിയുടെ അഞ്ച് ട്രില്യന്‍ സമ്പത് വ്യവസ്ഥ പതിവുപോലെ മറ്റൊരു പാഴ്വാഗ്നാനമാകുവാനാണ് സാധ്യത.