സൂക്ഷിക്കുക: ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് കനത്ത പിഴ നാളെ മുതല്‍

Print Friendly, PDF & Email

ദേശീയ ഗതാഗത നിയമങ്ങളുടെ ചുവടുപിടിച്ച്  ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് കനത്ത പിഴയുമായി പുതിയ മോട്ടോര്‍ വാഹന ഭേദഗതി നിയമം നാളെ (സെപ്തംബർ ഒന്ന്) മുതല്‍ പ്രാബല്യത്തിൽ വരും. വിവിധ നിയമലംഘനങ്ങൾക്കുള്ള പിഴയിൽ പത്ത് ഇരട്ടിവരെയാണ് വർദ്ധന ഉണ്ടായിരിക്കുന്നത്.

ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ചാല്‍ – 5000 രൂപ, പെര്‍മിറ്റില്ലാതെ ഓടിച്ചാല്‍ – 10,000 രൂപ, എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് മാര്‍ഗ്ഗതടസം സൃഷ്ടിച്ചാല്‍ – 10,000 രൂപയും ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍ ഓടിച്ചാല്‍ – 2000 രൂപയും പിഴ ഈടാക്കും. വാഹന റജിസ്‌ട്രേഷനും, ലൈസന്‍സ് എടുക്കാനും ആധാര്‍ നിര്‍ബന്ധമാക്കുമെന്നും പുതിയ നിയമം പറയുന്നുണ്ട്.പ്രായപൂർത്തിയാകാത്തവർ വാഹനം നിരത്തിലിറക്കിയാൽ രക്ഷിതാവിന് മൂന്ന് വർഷം വരെ തടവും 25000 രൂപ പിഴയുമാണ് ശിക്ഷ. കുട്ടിക്ക് 25 വയസ് വരെ ലൈസൻസ് അനുവദിക്കില്ല. ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ 1000 രൂപയാണ് പിഴ ശിക്ഷ. ഒപ്പം മൂന്ന് മാസത്തേക്ക് ലൈസന്‍സ് റദ്ദാക്കും.

വാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ 5000 രൂപയാണ് പിഴ. നിലവില്‍ ഇത് 1000 രൂപയാണ്. മദ്യപിച്ച് വാഹനം ഓടിച്ചാല്‍ പിഴ 10000 രൂപയാണ്. സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കിൽ നിലവിൽ 100 രൂപയാണ് പിഴയെങ്കിൽ പുതിയ നിയമപ്രകാരം അത് ആയിരം രൂപയാണ്. അമിത വേഗത്തിന്റെ പിഴ 1000-2000 നിരക്കിലായിരിക്കും. നിലവില്‍ ഇത് 400 രൂപയാണ്. അപകടപരമായ ഡ്രൈവിംഗിന് പിഴ പുതിയ നിയമത്തില്‍ 5000 രൂപയായിരിക്കും. ട്രാഫിക്ക് നിയമലംഘനത്തിന് പിഴ 500 രൂപയായിരിക്കും.

  •  
  •  
  •  
  •  
  •  
  •  
  •