‘അമ്മ’യില്‍ നിന്ന് അതിലെ അംഗങ്ങളായ സ്ത്രീകൾക്കു പോലും നീതി കിട്ടില്ല – ഷമ്മി തിലകന്‍
വേട്ടക്കാരെപ്പോലെ പ്രവർത്തിയ്ക്കുന്ന ഇന്നസെന്റും ഇടവേളബാബുവും അംഗങ്ങളായി പ്രവർത്തിച്ചുവരുന്ന സംഘടനയിൽ നിന്ന്, ആ സംഘടനയിലെ അംഗങ്ങളായ സ്ത്രീകൾക്കു പോലും ഒരിക്കലും നീതികിട്ടുകയില്ലന്ന്
നടൻ ഷമ്മി തിലകൻ. നടി പാർവതിയുടെ രാജി സ്വീകരിക്കുകയും ആക്രമിയ്ക്കപ്പെട്ട നടിയ്‌ക്കെതിരെ മോശം പരാമർശം നടത്തിയ ഇടവേള ബാബുവിനെതിരെ നടപടി സ്വീകരിക്കാതിരിക്കുകയും ചെയ്ത താരസംഘടനയായ അമ്മയുടെ നടപടിയ്‌ക്കെതിരെ പ്രതികരിക്കുകയാരുന്നു അദ്ദേഹം.
മോഹൻലാൽ,താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തിരിക്കാൻ യോഗ്യനാണോയെന്നു അദ്ദേഹം സ്വയം ചിന്തിയ്ക്കണം. കുട്ടിക്കുരങ്ങനെക്കൊണ്ട് ചുടുചോറ്
മാന്തിക്കുന്നതുപോലെയാണ് അമ്മയുടെ ഭാരവാഹികൾ, അവരുടെ താൽപര്യങ്ങൾക്കനുസരിച്ച്, മോഹൻലാലിനെക്കൊണ്ട് ഓരോ കാര്യങ്ങങ്ങളിലും നടപടിയെടുപ്പിക്കുന്നത്. സംഘടനയുടെ നിയമാവലി പ്രകാരം പ്രസിഡണ്ടാണ് മാധ്യമ വക്താവ്. അമ്മയുടെ പ്രസിഡണ്ടായ മോഹൻലാലിനെ മറികടന്ന് ഇടവേളബാബു ചാനലിൽ പോയി സംഘടനയുടെ സ്വയം പ്രഖ്യാപിത വക്താവായി സംഘടനയിലെ ആഭ്യന്തരകാര്യങ്ങളെക്കുറിച്ച്
സംസാരിച്ചത് സംഘടനയുടെ നിയമാവലിയ്ക്കു വിരുദ്ധമാണ്.
ദിലീപിന്റെ വിഷയത്തിൽ ഞാനടക്കമുള്ള അംഗങ്ങൾ നേരത്തെയും സംഘടനയുടെ നീക്കങ്ങളെ
ചോദ്യംചെയ്തിരുന്നുവെന്നും ഷമ്മിതിലകൻ കൂട്ടിച്ചേർത്തു