തുടച്ചു നീക്കപ്പെട്ട് കവളപ്പാറ… ദുരന്തഭൂമിയായി പുത്തുമല

Print Friendly, PDF & Email

കനത്ത മഴയെത്തുടർന്ന് മലപ്പുറം ജില്ലയില്‍ നിലമ്പൂരിനടുത്ത് കവളപ്പാറയിൽ  ഉണ്ടായ  ഉരുൾപൊട്ടൽ ഒരു പക്ഷെ കേരളം കണ്ട  വൻ ദുരന്തമായി മാറും എന്ന് ഭയപ്പെടുന്നു. വ്യാഴാഴ്ച രാത്രി എട്ടുമണിയേടു കൂടിയാണ്കവളപ്പാറയില്‍  ഉരുൾപൊട്ടൽ ഉണ്ടായത്. ഒരു പ്രദേശം ഒന്നാകെ ഉരുൾപൊട്ടലിൽ പെട്ട്‌ ഒലിച്ച്‌ പോയി മണ്ണിൽ അമരുകയായിരുന്നു. വീടുകൾ നിന്നിടത്ത് അതിന്‍റെ ചെറിയ അടയാളം പോലും ഇല്ല. പ്രദേശത്ത് ഉണ്ടായിരുന്ന എഴുതോളം വീടുകളിൽ അമ്പതോളം വീടുകളാണ് മണ്ണിനടിയിൽ ഉള്ളത്. ഇതിനടിയിലെല്ലാം ആളുകൾ കുടുങ്ങിക്കിടക്കുന്ന ഭീതിതമായ അവസ്ഥയാണ് കവളപ്പാറയിൽ ഉള്ളത്. വീടുകളുടേമേല്‍ രണ്ടാൾപ്പൊക്കത്തിൽ മണ്ണ് വന്ന് നിറഞ്ഞ നിലയിലാണ് അന്‍പതിനും 100നും ഇടയില്‍ ആളുകളെ കാണാനില്ല എന്നാണ് നാട്ടുകാര്‍ പറയുന്നത്.

പുത്തുമലയിലെ ദുരന്ത ഭൂമി

വയനാട് മേപ്പാടിയിലെ പുത്തുമലയില്‍ ഉണ്ടായത് മറ്റൊരു  ദുരന്തം. പുത്തുമലയില്‍ ഉരുള്‍പൊട്ടി ഒലിച്ചുപോയത് ഇരുപതോളം വീടുകളും അതിലുണ്ടായിരുന്ന അമ്പതിലധികം ആളുകളുo. പ്രദേശത്തുണ്ടായിരുന്ന അമ്പലവും പള്ളിയും കടകളുമെല്ലാം മണ്ണിനടിയിലായി. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ തെരച്ചിൽ ഒമ്പത് മൃതദേഹങ്ങളാണ് പുത്തുമല ദുരന്തഭൂമിയിൽ നിന്ന് കണ്ടെത്തിയത്. ദുരന്തം നടന്ന് 24 മണിക്കൂറിന് ശേഷം ഒരാളെ ജീവനോടെ മണ്ണിനടിയില്‍ നിന്ന് വീണ്ടെടുത്തു എന്നത് അതിനിടയില്‍ എത്തിയ ആശ്വാസ വാര്‍ത്തയായി.

പുത്തുമലയ്ക്ക് സമീപത്തുള്ള പച്ചക്കാട് ഉരുള്‍പൊട്ടിയിരുന്നു. അതോടെ അവിടെയുണ്ടായിരുന്നവരില്‍ പലരും രക്ഷപ്പെട്ട് പുത്തുമലയിലേക്കെത്തി. പച്ചക്കാടില്‍ ഉരുള്‍പൊട്ടലുണ്ടായപ്പോള്‍ പുത്തുമലയിലേക്ക് മാറിയ ആളുകളാണ് ഇപ്പോള്‍ അപകടത്തില്‍പ്പെട്ടിരിക്കുന്നത്. രണ്ട് പാഡി മൊത്തം ഒലിച്ചു പോയി. ആറ് മുറികളാണ് ഒരു പാഡിയിലുണ്ടാവുക. അങ്ങനെ പന്ത്രണ്ട് മുറികള്‍. ഇതിന് അടുത്തുള്ള ക്വാര്‍ട്ടേഴ്സുകള്‍. മുസ്ലീം പള്ളി അതിനു ചുറ്റുവട്ടത്തെ വീടുകള്‍, ആ വീടുകളോ അവിടെ ഉള്ളവരേയോയാതൊരു വിവരവുമില്ല. വിനോദസഞ്ചാരമേഖല കൂടിയാണ് പുത്തുമല. അതുകൊണ്ടുതന്നെ പുറത്തുനിന്നെത്തിയ സഞ്ചാരികളാരെങ്കിലും അപകടത്തില്‍ പെട്ടോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. ആരൊക്കെ എവിടെയൊക്കെ ജീവനോടെ ശേഷിക്കുന്നെന്ന കാര്യത്തില്‍ ആര്‍ക്കും യാതൊരുകണക്കുമില്ല. അതിനാല്‍ തന്നെ മരണനിരക്ക് 50 കടന്നാല്‍ പോലും അതില്‍ അത്ഭുതമില്ല.

 

  •  
  •  
  •  
  •  
  •  
  •  
  •