INDIANEWS MAIN

യദ്യൂരപ്പക്ക് താല്‍ക്കാലിക ആശ്വാസം. 13 വിമത എംഎല്‍എമാരെ കൂടി അയോഗ്യരാക്കി

കോണ്‍ഗ്രസ്, ജെഡിഎസ് പാര്‍ട്ടിയിലെ എല്ലാ വിമത എംഎല്‍എ മാരേയും സ്പീക്കര്‍ കെ ആര്‍ രമേഷ് കുമാര്‍ അയോഗ്യരാക്കിയതോടെ തിങ്കളാഴ്ച വിശ്വാസവോട്ട് നേടാനിരിക്കുന്ന യദ്യൂരപ്പ ഗവര്‍മ്മെന്‍റിന് താല്‍ക്കാലി ആശ്വാസം. കോണ്‍ഗ്രസിലെ 11 എംഎല്‍എമാരെയും ജെഡിഎസിലെ 3 എംഎല്‍എമാരെയുമാണ് സ്പീക്കര്‍ അയോഗ്യരായി പ്രഖ്യാപിച്ചത്. വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കാതിരുന്ന കോണ്‍ഗ്രസ് എംഎല്‍എ ശ്രീമന്ത് പാട്ടീലിനെയും അയോഗ്യനാക്കിയിട്ടുണ്ട്.പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനും വിപ്പ് ലംഘിച്ചതിനുമാണ് എംഎല്‍എമാരെ അയോഗ്യരാക്കിയിരിക്കുന്നത്. ഇതോടെ യെദിയൂരപ്പ സർക്കാർ നാളെ വിശ്വാസവോട്ട് നേടുമെന്ന് ഉറപ്പായി.

ആകെ 17 എംഎല്‍എമാരെ അയോഗ്യരാക്കിയതോടെ 225 അംഗ സഭയിൽ ആകെ അംഗങ്ങൾ 208 ആകും. അതോടെ കേവല ഭൂരിപക്ഷത്തിന് 105 അംഗങ്ങളുടെ പിന്തുണമതിയാകും. ബിജെപിക്ക് ഒറ്റക്ക് 105 അംഗങ്ങളുളള സ്ഥിതിക്ക് കേവല ഭൂരിപക്ഷത്തിന്‍റെ കാര്യത്തില്‍ ആശങ്കപെടേണ്ടതില്ല. ഒരു സ്വതന്ത്രന്‍റെ പിന്തുണയുംബിജെപിക്ക് ഉണ്ട്. അതിനാല്‍ പുതിയ സ്പീക്കറെ തിരഞ്ഞെടുത്താലും കേവല ഭൂരിപക്ഷം ഉറപ്പായ സ്ഥിതിക്ക് ധനകാര്യബില്ല് പാസ്സാക്കാന്‍ യദ്യൂരപ്പക്ക് സാധിക്കും. സ്പീക്കർക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരാൻ ബിജെപി തയ്യാറെടുക്കുന്നതായി സൂചന ഉണ്ട്. എന്നാൽ ധനകാര്യബില്ല് പാസായിക്കഴിഞ്ഞാൽ രാജിവക്കുമെന്ന സൂചനയാണ് സ്പീക്കര്‍ രമേഷ് കുമാർ നൽകിയിരിക്കുന്നത്.

സിദ്ധരാമയ്യയുടെയും കുമാരസ്വാമിയുടെയും ശുപാർശകൾ അതേപടി അംഗീകരിച്ചുകൊണ്ടാണ് എംഎല്‍എ സ്ഥാനം രാജിവച്ച് വിമതക്യാമ്പിലേക്ക് പോയ പ്രതാപ് ഗൗഡ പാട്ടീൽ, ബിസി പാട്ടീൽ, മുനിരത്ന, ബൈരതി ബസവരാജ്, എസ് ടി സോമശേഖർ, കെ സുധാകർ, റോഷൻ ബെയ്ഗ്, ആനന്ദ് സിംഗ്, എം ടി ബി നാഗരാജ്, ശിവറാം ഹെബ്ബാ‍ർ എന്നീ കോൺഗ്രസ് എംഎൽഎമാരും എച്ച് വിശ്വനാഥ്, ഗോപാലയ്യ, നാരായൺ ഗൗഡ എന്നീ ജെഡിഎസ് എംഎൽഎമാരും സ്പീക്കര്‍ അയോഗ്യത നടപടിക്ക് വിധേയരാക്കിയിരിക്കുന്നത്. വിപ്പ് ലംഘിച്ചതിനാണ് വിശ്വാസവോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്ന കോൺഗ്രസ് എംഎൽഎ ശ്രീമന്ത് പാട്ടീലിനെ അയോഗ്യനാക്കിയത്. നേരത്തെ 3 എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയിരുന്നു. ഇതോടെ കോണ്‍ഗ്രസും ജെഡിഎസും ശുപാര്‍ശ ചെയ്ത 17 എംഎല്‍എമാരും അയോഗ്യരായി. ഈ നിയമസഭയുടെ കാലാവധി തീരുന്നത് വരെ, അയോഗ്യരായ എംഎല്‍എമാര്‍ക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല. വിപ്പ് ലംഘിച്ചതിനും പാർട്ടിവിരുദ്ധ പ്രവർത്തനനം നടത്തിയതിനും ഇവര്‍ക്കെതിരെ പ്രത്യക്ഷത്തിൽ തെളിവുണ്ടെന്ന് സ്പീക്കർ വ്യക്തമാക്കി. എതിർവാദത്തിന് സമയം നൽകിയെങ്കിലും എംഎൽഎമാർ തയ്യാറായില്ലെന്നും സ്പീക്കര്‍ പറഞ്ഞു.