ആര്‍ക്കും വേണ്ടാതെ വിമതര്‍… രക്ഷ തേടി സുപ്രീം കോടതിയില്‍…
കര്‍ണ്ണാടകത്തില്‍ അരങ്ങേറുന്ന രാഷ്ട്രീയ നാടകത്തിന്‍റെ ഒന്നാം രംഗത്തിനു തിരശ്ശീല വീഴുമ്പോള്‍ അനാഥരായ ഭിക്ഷാംദേഹികളുടെ അവസ്ഥയിലേക്ക് എത്തപ്പെട്ടിരിക്കുകയാണ് കുമാരസ്വാമി മന്ത്രിസഭയുടെ തകര്‍ച്ചയിലേക്ക് നയിച്ച വിമതര്‍. 14 കോണ്‍ഗ്രസ്-ജെ.ഡി.എസ് എം.എല്‍.എമാരെ ഞായറാഴ്ച സ്പീക്കര്‍ അയോഗ്യരാക്കിയതോടെ 17 വിമത എംഎല്‍എ മാരും പുറത്താക്കപ്പെട്ടു കഴിഞ്ഞു. ഇതോടെ സഭയുടെ അംഗസംഖ്യ 225ല്‍ നിന്ന് 208 ആയി കുറയുകയും കേവലഭൂരിപക്ഷം 105 ആവുകയും ചെയ്തു. വിമതരെ അയോഗ്യരാക്കിയതോടെ 105 എംഎല്‍എമാരുള്ള ബിജെപിക്ക് സഭയില്‍ ഒറ്റക്ക് കേവലഭൂരിപക്ഷം ആയിരിക്കുകയാണ്. ഒരു സ്വതന്ത്ര എംഎല്‍എയുടെ പിന്തുണ ലഭിച്ചതോടെ ബിജെപിയെ പിന്തുണക്കുന്ന എംഎല്‍എമാരുടെ എണ്ണം 106 ആയി. പ്രത്യക്ഷത്തില്‍ സ്പീക്കറുടെ ഈ നടപടിയെ അപലപിക്കുന്നുണ്ടെങ്കിലും ബിജെപിക്ക് ഇത് ആശ്വാസമായിരിക്കുകയാണ്.
മുഴുവന്‍ വിമതരേയും അയോഗ്യരാക്കികൊണ്ടുള്ള സ്പീക്കറുടെ ഈ നീക്കമാണ് വിമത എംഎല്‍എമാരെ വെട്ടിലാക്കിയിരിക്കുന്നത്. രാജിവക്കുവാന്‍ ബിജെപി വാഗ്നാനം ചെയ്തുവെന്ന് പറയപ്പെടുന്ന കോടികള്‍ വാങ്ങി രാഷ്ട്രീയ വനവാസത്തിനു പോകേണ്ട ഗതികേടിലാണ് വിമത എംഎല്‍എമാര്‍ എത്തപ്പെട്ടിരിക്കുന്നത്. 35 കോടിവരെ ഓരോ എംഎല്‍എ മാര്‍ക്കും വാഗ്നാനം ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. അതോടൊപ്പം വിമതരിൽ 12 പേർക്ക് മന്ത്രിസ്ഥാനം വാഗ്ദാനംചെയ്തിട്ടുണ്ട്. കൂടാതെ രാജിവച്ച ഒഴുവിലേക്ക് ആറുമാസത്തിനിടയില്‍ നടക്കുവാന്‍ പോകുന്ന ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം നല്‍കി വിജയിപ്പിച്ചെടുക്കുമെന്ന വാഗ്നാനവുമായിരുന്നു നല്‍കിയിരുന്നു. ഈ സ്വപ്നങ്ങളാണ് സ്പീക്കറുടെ നടപടിയിലൂടെ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു വീണിരിക്കുന്നത്.
അയോഗ്യരാക്കപ്പെട്ടിരിക്കുന്ന എംഎല്‍എ മാര്‍ക്ക് 15-ാം നിയമസഭയുടെ കാലാവധി അവസാനിക്കുന്നത് വരെ ഒരു തിരഞ്ഞെടുപ്പുകളിലും മത്സരിക്കാനാകില്ല. അതായത് 2023 വരെ ഇവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല എന്നു സാരം. ഫലത്തില്‍ അവരുടെ രാജിമൂലം ഒഴിവുവന്ന സീറ്റുകളിലേക്ക് വീണ്ടും മത്സരിച്ച് വിജയിച്ചു കയറാമെന്ന മോഹം നടക്കുകയില്ല. ഇതോടെ മന്ത്രിയാകാമെന്ന മോഹം മാത്രമല്ല വീണ്ടും എംഎല്‍എ ആകാമെന്ന സാഹചര്യം പോലുമാണ് അവരുടെ മുമ്പില്‍ കൊട്ടിയടക്കപ്പെടുന്നത്. കാരണം, ദിനംപ്രതി മാറികൊണ്ടിരിക്കുന്ന അവസരങ്ങളുടെ കളിയായ രാഷ്ട്രീയത്തില്‍ വരുന്ന ഉപതിരഞ്ഞെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന എംഎല്‍എമാര്‍ വര്‍ഷങ്ങള്‍ക്കു ശേഷം യോഗ്യത നേടി തിരിച്ചുവരുന്നവര്‍ക്കു വേണ്ടി സ്വമേധയാ സ്ഥാനം കൈമാറുമെന്ന് രാഷ്ട്രീയത്തില്‍ പ്രതീക്ഷിക്കുക വയ്യ. മാത്രമല്ല, ഈ രാഷ്ട്രീയ വനവാസ കാലത്തിനിടയില്‍ പ്രവര്‍ത്തകരും അനുയായികളും പുതിയ എംഎല്‍എയുടെ ആരാധകരും അനുഗാമികളും ആയി മാറികഴിഞ്ഞിരിക്കും.
കുമാരസ്വാമി മന്ത്രിസഭയെ അട്ടിമറിക്കണമെന്ന ഒറ്റലക്ഷ്യം മാത്രം മുന്‍നിര്‍ത്തി ആറുതവണ ശ്രമിച്ചു പരാജയപ്പെട്ട ബിജെപിക്കാകട്ടെ ഓപ്പറേഷന്‍ താമരയുടെ ഏഴാം ശ്രമത്തിന്‍റെ വിജയത്തിനു കൂട്ടുനിന്ന കോണ്‍ഗ്രസ് – ദള്‍ വിമതര്‍ നാളെ തങ്ങള്‍ക്കൊരു തലവേദനയായിരിക്കും എന്ന് വ്യക്തമായി അറിയാം. അതിനാല്‍ എല്ലാം കുറ്റവും സ്പീക്കര്‍ ആര്‍.രമേശ് കുമാറിന്‍റേയും സുപ്രീം കോടതിയുടേയും തലയില്‍ കെട്ടിവച്ച് സ്വന്തമായി യാതൊരു രാഷ്ട്രീയ നിലപാടുകളുമില്ലാത്ത കാലുമാറ്റക്കാരെ ഒഴിവാക്കുവാനുള്ള സുവര്‍ണ്ണ അവസരമായിട്ടാണ് സ്പീക്കറുടെ നടപടിയെ ബിജെപി കാണുന്നതെന്നത് പരസ്യമായ രഹസ്യം. കോണ്‍ഗ്രസ്-ദള്‍ നേതൃത്വമാകട്ടെ നിര്‍ണ്ണായക ഘട്ടത്തില്‍ കാലുവാരിയ വിമതരെ ഇനിയൊരിക്കലും വിശ്വസിക്കുകയുമില്ല. അയോഗ്യരാക്കപ്പെട്ട വിമത എംഎല്‍എമാര്‍ സ്വയം വിലക്ക് വാങ്ങിയ വരാനിരിക്കുന്ന രാഷ്ട്രീയ വനവാസത്തില്‍ നിന്ന് രക്ഷപെടണമെങ്കില്‍ സുപ്രീം കോടതി തന്നെ കനിയണം. സ്പീക്കറുടെ നടപടിക്കെതിരെ പരാതിയുമായി സുപ്രീം കോടതിയെ അഭയം പ്രാപിച്ചിരിക്കുകയാണ് വിമത എംഎല്‍എമാര്‍.
എന്നാല്‍ വിമത എംഎൽഎമാരുടെ അയോഗ്യത സംബന്ധിച്ച് സുപ്രീം കോടതി എടുക്കുന്ന നിലപാട് കൂറുമാറ്റ നിരോധന നിയമത്തിന്‍റെ വ്യാഖ്യാനങ്ങളിൽത്തന്നെ നിർണായകമാകുവാന്‍ പോവുകയാണ്. കൂറുമാറ്റ നിരോധന നിയമത്തെ നോക്കുകുത്തിയാക്കിയാണ് കർണാടകത്തിലെ രാഷ്ട്രീയ പ്രതിസന്ധി ഉണ്ടായതെന്ന വാദം ഇപ്പോള്‍ തന്നെ ശക്തമാണ്. ഒരു കൂട്ടം എംഎൽഎമാർ സർക്കാരിനെ മുൾമുനയിൽ നിർത്തി രാജി വച്ച് പുറത്ത് പോയി, ഭരണം താഴെ വീഴാൻ വഴിയൊരുക്കുന്നത് തടയാന്‍ കൂറുമാറ്റ നിയമത്തെകൊണ്ട് കഴിയില്ല എന്നതാണ് കര്‍ണ്ണാടകത്തില്‍ അരങ്ങേറിയ രാഷ്ട്രീയ നാടകങ്ങള്‍ തെളിയിക്കുന്നതെന്ന് വിശ്വസിക്കുന്നവരാണ് രാഷ്ട്രീയ-നിയമ വിദഗ്ധരില്‍ വലിയൊരു വിഭാഗം. ബൊമ്മൈ കേസ് പോലെ സുപ്രധാനമാകും ഈ കേസിലെ സുപ്രീംകോടതി വിധിയും നിരീക്ഷണങ്ങളും. കര്‍ണ്ണാടകത്തില്‍ അരങ്ങേറികൊണ്ടിരിക്കുന്ന ഈ രാഷ്ട്രീയ നാടകങ്ങള്‍ രാജ്യത്തെ രാഷ്ട്രീയ ചരിത്രത്തില്‍ ദൂരവ്യപകമായ ഫലങ്ങളായിരിക്കും ഉളവാക്കുക.