വിശ്വാസ വോട്ട് നേടിയാലും തുടരുക രാഷ്ട്രീയ നാടകങ്ങള്‍ തന്നെ…!
നാലാം വട്ടവും കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ യദ്യൂരപ്പ തിങ്കളാഴ്ചതന്നെ വിശ്വാസവോട്ടെടുപ്പ് നടത്തും എന്നു പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും രാഷ്ട്രീയ നാടകങ്ങള്‍ അഭുങ്കുരം തുടരുവാന്‍ തന്നെയാണ് സാധ്യത. നിലവിലെ സാഹചര്യത്തില്‍ യദ്യൂരപ്പക്ക് വിശ്വാസവോട്ട് നേടുവാന്‍ വിഷമമില്ല. 224 അംഗ നിയമസഭയിൽ 105 അംഗങ്ങൾ മാത്രമേ ബിജെപിക്ക് ഇപ്പോഴുള്ളൂ. മൂന്നുപേരെ അയോഗ്യരാക്കിയതോടെ സഭയിലെ അംഗസംഖ്യ 221 ആയികുറഞ്ഞു. അതായത് കേവലഭൂരിപക്ഷത്തിന് 111 അംഗങ്ങള്‍ വേണമെന്നര്‍ത്ഥം. വിതരുടെ രാജി സ്വീകരിക്കപ്പെട്ടാലോ, 16 പേരും അയോഗ്യരാക്കപ്പെട്ടാലോ, ബിജെപിയുടെ പിന്തുണ 105 + ഒരു വിമതൻ എന്നിങ്ങനെയാകും. അതോടെ കേവല ഭൂരിപക്ഷത്തിന് വേണ്ട അംഗസംഖ്യ 104 ആയി കുറയും.
ഈ സാഹചര്യത്തില്‍ ബിജെപിക്ക് ആവശ്യമായതില്‍ ഒരാളുടെ പിന്തുണ കൂടുതലുണ്ട്. കോൺഗ്രസിന്‍റെ എണ്ണം വെറും 65 ആകും. ജെഡിഎസ് 34 മാത്രം. അങ്ങനെ ആകെ മൊത്തം 99. ഈ ബലത്തിലാണ് തിങ്കളാഴ്ചതന്നെ യെദിയൂരപ്പ വിശ്വാസവോട്ടെടുപ്പിനു തയ്യാറാകുന്നത്. വിശ്വാസവോട്ടെടുപ്പ് നേടിയാല്‍ പിന്നെ ആറുമാസത്തേക്ക് ഒന്നും ഭയപ്പെടാതെ ഭരണം മുന്നോട്ടു കൊണ്ടുപോകാം. എന്നാല്‍ അവസാന നിമിഷം വരെ പരമാവധി വിമതരെ അനുനയിപ്പിക്കുവാനുള്ള തീവ്ര ശ്രമത്തിലാണ് കോണ്‍-ദള്‍ നേതൃത്വം. പൂനയിലെ നക്ഷത്രഹോട്ടലില്‍ പാര്‍പ്പിച്ചിരിക്കുന്നു വിമതഎംഎല്‍എ മാര്‍ വിശ്വാസ വോട്ടെടുപ്പു കഴിഞ്ഞ് ചൊവ്വാഴ്ചയേ ബെംഗളൂരുവില്‍ തിരിച്ചെത്തുകയുള്ളൂ.വിശ്വാസവോട്ട് നേടിയാലും യദ്യൂരപ്പയുടെ തലവേദന തീരുന്നില്ല.
ഇപ്പോള്‍ യദ്യൂരപ്പമാത്രമേ സത്യപ്രതിജ്ഞ ചെയ്തിട്ടുള്ളു വെങ്കിലും വിമത ശല്യം കൂടാതെ മന്ത്രിസഭ പുനസംഘടിപ്പിക്കണം. ചുരുങ്ങിയത് 50 എംഎല്‍എ മാരെങ്കിലുംമന്ത്രിക്കുപ്പായം തുന്നികാത്തിരിപ്പുണ്ട്. കൂടാതെ വിമത എംഎല്‍എ മാരില്‍ പലരേയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. ഇവരെ എല്ലാം അനുനയിപ്പിക്കുക യദ്യൂരപ്പക്കുമുന്പില്‍ കീറാമുട്ടി തന്നെയായിരിക്കും.
ഇതോടൊപ്പം രാജിച്ച വിമതഎംഎല്‍എ മാരുടെ മണ്ഡലത്തിലേക്ക് ആറുമാസത്തിനകം തിരഞ്ഞെടുപ്പു നടത്തി ഏറ്റവും ചുരുങ്ങിയത് 9 സീറ്റെങ്കിലും നേടിയെങ്കില്‍ മാത്രമേ ഭരണം നിലനിര്‍ത്താന്‍ കഴിയൂ. നിലവിലെ എംഎല്‍എ മാര്‍ക്കു പകരം മറ്റൊരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി വിജയിപ്പിച്ചെടുക്കുക എന്നത് ബിജെപിക്ക് ക്ഷിപ്രസാധ്യമല്ല. ബിജെപിയുടെ എണ്ണത്തേക്കാൾ കൂടിയ സീറ്റുകൾ കോൺഗ്രസ് – ജെഡിഎസ് സഖ്യത്തിന് കിട്ടിയാൽ യെദിയൂരപ്പയ്ക്ക് അത് വീണ്ടും വെല്ലുവിളിയാകും.
സ്പീക്കർ കെ ആർ രമേഷ് കുമാറിന്‍റെ നിലപാടുകളാണ് യദ്യൂരപ്പക്ക് ഇപ്പോള്‍ തലവേദന സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. സ്പീക്കര്‍ തങ്ങളെ അയോഗ്യരാക്കുന്നതിനു മുന്പുതന്നെ ഭരണം ഉറപ്പിക്കുവാന്‍ വിമത എംഎല്‍എ മാര്‍ സമ്മര്‍ദ്ദം ശക്തമാക്കിയിരിക്കുകയാണ്. അതിനാല്‍ സ്പീക്കര്‍ക്കെതിരെ ബിജെപി അവിശ്വാസ പ്രമേയം കൊണ്ടുവന്നേക്കും. സ്പീക്കറെ പുറത്താക്കുവാന്‍ യെദ്യൂരപ്പ സർക്കാർ വിശ്വാസ വോട്ട് തേടുന്ന തിങ്കളാഴ്ച തന്നെ പ്രമേയം അവതരിപ്പിക്കാനാണ് സാധ്യത. സ്പീക്കറെ മാറ്റി ബാക്കിയുള്ള വിമത എംഎൽഎമാർക്കെതിരെയുള്ള അയോഗ്യത നടപടി ഒഴിവാക്കുകയാണ് ലക്ഷ്യം. അതും വിജയിക്കണമെന്നില്ല. സ്പീക്കര്‍ സ്വയം രാജിവച്ചൊഴിയുവാന്‍ തയ്യാറാകുന്നില്ല എങ്കില്‍ 15 ദിവസത്തെ നോട്ടീസുകൊടുത്ത് ഇംപീച്ച് ചെയ്യുക മാത്രമേ യദ്യൂരപ്പയുടെ മുന്പില്‍ വഴിയുള്ളു.
ഇത് മുന്നിൽ കണ്ട് 14 വിമതരുടെ രാജിയിലും അയോഗ്യതയിലും രമേഷ് കുമാർ ഉടന്‍ തന്നെ തീരുമാനം പ്രഖ്യാപിച്ചേക്കും. രണ്ട് കോൺഗ്രസ് എംഎൽഎമാരെയും കെപിജെപി അംഗത്തെയും അദ്ദേഹം നേരത്തെ അയോഗ്യരാക്കിയിരുന്നു. ഇതിനെതിരെ മൂവരും സുപീം കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതെല്ലാം വിലയിരുത്തിയാല്‍ കർണാടകയിലെ രാഷ്ട്രീയ അനിശ്ചിതത്വം തുടരുവാനാണ് സാധ്യത.