വടകരയില്‍ കെ.മുരളീധരന്‍
വടകര സീറ്റിനെ ചൊല്ലിയുള്ള തർക്കത്തിന് വിരാമം. കെ കെ. മുരളീധരനെ സ്ഥാനാര്‍ത്ഥിയാക്കി കൊണ്ട് പി. ജയരാജനെതിരെ ശക്തമായ മത്സരത്തിനാണ് കോണ്‍ഗ്രസ് തയ്യാറെടുക്കുന്നത്. ഇതോടെ കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ മത്സരാമയി വടകര മാറിക്കഴിഞ്ഞു.
ആദ്യമേ തോറ്റു എന്ന വികാരത്തോടെ ദുർബലരായ സ്ഥാനാർഥികളെ നിർത്താൻ ആലോചിച്ച നേതൃത്വത്തിനെതിരെ ഉണ്ടായ ശക്തമായ പൊതുജനവികാരത്തിനു മുന്പില്‍ കോണ്‍ഗ്രസ് നേതൃത്വം മുട്ടുമടക്കുവാന്‍ നിര്‍ബ്ബന്ധിതമാവുകയായിരുന്നു.കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്‍റെ ശക്തമായ ഇടപെടലാണ് കെ. മുരളീധരനില്‍ എത്തിനിന്നത്. സീറ്റിനെ ചൊല്ലിയുള്ള തർക്കത്തിന്‍റെ പേരിൽ സംസ്ഥാന കോൺഗ്രസിലെ എ – ഐ ഗ്രൂപ്പുകൾ തുറന്ന പോര് തുടങ്ങിയ സാഹചര്യത്തിലാണ് ഹൈക്കമാന്‍റ് ഇടപെട്ട് അന്തിമ തീരുമാനം എടുത്തത്.
കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ യുഡിഎഫ് സ്ഥാനാര്‍ഥികളും മികച്ച സ്ഥാനാര്‍ഥി വേണമെന്ന് ആവശ്യപ്പെട്ടതോടെ നേതൃത്വം സമ്മര്‍ദത്തിലായി. ലീഗും ആര്‍എംപിയും മികച്ച സ്ഥാനാര്‍ഥി എന്ന ആവശ്യം ഉന്നയിച്ചു. മുല്ലപ്പള്ളിയുടെ പേരില്‍ തുടങ്ങി വിദ്യ ബാലകൃഷ്ണന്‍, ബിന്ദു കൃഷ്ണ, വി.എം സുധീരന്‍, അഡ്വ പ്രവീണ്‍കുമാര്‍ എന്നിവരിലൂടെ അവസാനം കെ.മുരളീധരനില്‍ ചര്‍ച്ച എത്തിച്ചേരുകയായിരുന്നു.