INDIANEWS MAIN

രാജ്യത്തെ തൊഴിലില്ലായ്മ കഴിഞ്ഞ 45 വർഷത്തെ ഏറ്റവും വലിയ നിരക്കില്‍

രാജ്യത്ത് ഒരു വര്‍ഷം ഒരു കോടി തൊഴിലവസരം സൃഷ്ടിക്കുമെന്നും അഞ്ചു വര്‍ഷം കൊണ്ട് രാജ്യത്തെ തൊഴിലവസരം ഇരട്ടിയാക്കുമെന്നും വാഗ്നാനം ചെയതുകൊണ്ട് ഭരണത്തിലേറിയ മോദി സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കാന്‍ രണ്ടു മാസം മാത്രം അവശേഷിക്കെ രാജ്യത്തെ തൊഴിലില്ലായ്മ കഴിഞ്ഞ 45 വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവും കൂടിയ നിരക്കിലെത്തിയിരിക്കുന്നതായി ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷന്‍റെ റിപ്പോർട്ട്. രൂക്ഷമായ തൊഴില്ലായ്മയാണ് നിലനിൽക്കുന്നതെന്ന് കണക്കുസഹിതം കമ്മീഷൻ കഴിഞ്ഞ മാസം തയ്യാറാക്കിയ റിപ്പോർട്ട് പ്രസിദ്ധീകരിക്കാതെ കേന്ദ്രസർക്കാർ പൂഴ്ത്തിവച്ചിരിക്കുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ച് കമ്മീഷനിലെ ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍ ചെയര്‍മാനടക്കം രണ്ടംഗങ്ങൾ രാജി വച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്.

6.1 ശതമാനമാണ് ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷൻ റിപ്പോർട്ടനുസരിച്ച് തൊഴിലില്ലായ്മാ നിരക്ക്. കഴിഞ്ഞ 45 വർഷവും ഇത്രയും രൂക്ഷമായ തൊഴില്ലായ്മാ നിരക്ക് രാജ്യത്തുണ്ടായിട്ടില്ല. 2016 നവംബറിൽ നരേന്ദ്രമോദി സർക്കാർ നോട്ട് നിരോധനം നടപ്പാക്കിയ ശേഷം തൊഴിൽ മേഖലയെക്കുറിച്ച് ഒരു സർക്കാർ ഏജൻസി ആദ്യമായാണ് പഠനം നടത്തുന്നത്. ആ റിപ്പോർട്ടാണ് കേന്ദ്രസർക്കാർ പൂഴ്ത്തിവച്ചിരിക്കുന്നത്. ഇതുവരെയും റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ കേന്ദ്രധനമന്ത്രാലയം തയ്യാറായിട്ടില്ല.

മുൻ വർഷങ്ങളെ അപേക്ഷിച്ച് യുവാക്കൾക്കിടയിലുള്ള തൊഴിലില്ലായ്മാനിരക്ക് വളരെ ഉയർന്ന നിരക്കിലാണെന്നാണ് പഠനം പറയുന്നത്. ഗ്രാമീണമേഖലയിലുള്ള യുവാക്കളുടെ (പ്രായം 15-29) തൊഴിലില്ലായ്മ 17.4 ശതമാനമായാണ് ഉയർന്നിരിക്കുന്നത്. 2011-12-ൽ ഇത് അഞ്ച് ശതമാനം മാത്രമായിരുന്നു. ഗ്രാമീണമേഖലയിലുള്ള സ്ത്രീകൾക്കിടയിലുള്ള തൊഴിലില്ലായ്മ (പ്രായം 15-29) 13.6 ശതമാനമായി ഉയർന്നു. 2011-12 കാലയളവിൽ ഇത് 4.8 ശതമാനം മാത്രമായിരുന്നു.

നഗരമേഖലകളിലാകട്ടെ കണക്ക് ഭീകരമാണ്. യുവാക്കളുടെ തൊഴിലില്ലായ്മാ നിരക്ക് 18.7 ശതമാനമാണ്. സ്ത്രീകളുടേത് 27.2 ശതമാനവും. മികച്ച വിദ്യാഭ്യാസമുണ്ടായിട്ടും തൊഴിലില്ലാത്ത യുവാക്കൾ 2004-05 കാലം വച്ചു നോക്കിയാൽ 2016-17-ൽ വളരെക്കൂടുതലാണ്. ഗ്രാമീണമേഖലയിലെ വിദ്യാഭ്യാസമുള്ള 17.3 ശതമാനം സ്ത്രീകൾക്കും തൊഴിലില്ല. 2004-05-ൽ ഇത് 9.7 ശതമാനമായിരുന്നു. ഗ്രാമീണമേഖലയിലെ വിദ്യാഭ്യാസമുള്ള 10.5 ശതമാനം പുരുഷൻമാർക്കും തൊഴിലില്ല. 2004-05 കാലത്ത് ഇത് 3.5 മാത്രമായിരുന്നു.

ഇതിന് മുമ്പ് രണ്ടാം യുപിഎ സർക്കാരിന്‍റെ അവാസാന ഘട്ടത്തിലായിരുന്നു ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷൻ അവസാനമായി തൊഴിലില്ലായ്മയുടെ ദേശീയ അടിസ്ഥാനത്തിലുള്ള കണക്കെടുത്തത്. അന്ന് 2.2% ആയിരുന്നു തൊഴിലില്ലായ്മയുടെ ദേശീയ നിരക്ക്. അതാണ് നാലുവര്‍ഷത്തിനു ശേഷം മോദി ഗവര്‍മ്മെന്‍റിന്‍റെ അവസാന ഘട്ടമായപ്പോഴേക്കും 6.1 ശതമാനമായി കുത്തനെ വര്‍ദ്ധിച്ച് കഴിഞ്ഞ 45 വര്‍ഷത്തെ ഏറ്റവുമുയർന്ന നിരക്കിലേക്ക് വളര്‍ന്നത്. 1972–73 കാലഘട്ടത്തിനു ശേഷം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മാ നിരക്കാണ് നോട്ടു നിരോധനത്തെ തുടര്‍ന്ന് രാജ്യത്തുണ്ടായത്. രാജ്യം മറ്റൊരു തിരഞ്ഞെടുപ്പിനെ നേരിടുന്ന സാഹചര്യത്തില്‍ ബിജെപിക്ക് ഇത് തലവേദന സൃഷ്ടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

0