ലാബുകളിലെ എല്ലാ രോഗകാരികളേയും നശിപ്പിക്കണമെന്ന് ഡബ്ല്യുഎച്ച്ഒ യുക്രൈനിനോട്
റഷ്യ യുക്രൈനില്‍ അധിനിവേശം തുടരുന്ന സാഹചര്യത്തില്‍ മറ്റൊരു മാഹാമാരിക്കു കാരണമാകന്ന ഒരു സാഹചര്യവും രാജ്യത്ത് ഉണ്ടാകരുതെന്നും അതിനാല്‍ അവരുടെ ലാബുകളിലെ എല്ലാ രോഗകാരികളേയും നശിപ്പിക്കണമെന്നും ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഉക്രെയ്നിനോട് ആവശ്യപ്പെട്ടു. കോവിഡ് -19 മഹാമാരി ലോകത്തെതന്നെ തകര്‍ത്ത ഈ സാഹചര്യത്തില്‍ മറ്റൊരു രോഗകാരിയുടെ ചോർച്ച ലോകത്തിന് താങ്ങാന്‍ കഴിയില്ലന്ന് ചൂണ്ടിക്കാട്ടിയാണ് യുക്രൈനിലെ ലാബുകളില്‍ സൂക്ഷിച്ചിരിക്കുന്ന രോഗകാരികളായ അണുക്കളെ പൂര്‍ണ്ണമായും നശിപ്പിക്കണമെന്ന് വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ യുക്രൈനിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
മനുഷ്യരിലും മൃഗങ്ങളിലും സസ്യങ്ങളിലും രോഗത്തിനും മരണത്തിനും കാരണമാകാൻ മനഃപൂർവം ഉൽപ്പാദിപ്പിക്കപ്പെടുകയും പുറത്തുവിടുകയും ചെയ്യുന്ന വൈറസുകൾ, ബാക്ടീരിയകൾ, ഫംഗസുകൾ അല്ലെങ്കിൽ മറ്റ് വിഷവസ്തുക്കൾ പോലുള്ള സൂക്ഷ്മാണുക്കളാണ് ജൈവ ആയുധങ്ങൾ എന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ലാബുകളില്‍ നിന്ന് അപ്രതീക്ഷിതമായി പുറത്തു ചാടുന്ന ഇത്തരം രോഗാണുക്കള്‍ ലോകത്ത് മഹാമാരിക്കു തന്നെ കാരണമാകാറുണ്ട്. ചൈനയിലെ വുഹാനിലെ ലാബില്‍ നിന്ന് പുറത്തു ചാടിയ വൈറസുകളാണ് ലോകത്തെ കീഴടക്കിയ കോവിഡ് – 19 മഹാമാരിക്ക് കാരണമയതെന്ന് ലോകത്തെ വലിയൊരു ജനവിഭാഗം ഇപ്പോഴും വിശ്വസിക്കുന്നു.
പരീക്ഷണ ഗവേഷണങ്ങള്‍ക്കായി ഇത്തരം രോഗാണുക്കളെ ലോകത്തെ പല രാജ്യങ്ങളും അവരുടെ ലാബുകളില്‍ സൂക്ഷിക്കാറുണ്ട്. ആന്ത്രാക്സ് പോലുള്ള സൂക്ഷ്മാണുക്കൾ, മബോട്ടുലിനം ടോക്സിൻ, പ്ലേഗ്, വൈറസുകൾ, ബാക്ടീരിയകള്‍ മാരകമായ ഫംഗസുകള്‍ തുടങ്ങിയ രോഗകാരികളാണ് അവയില്‍ പലതും. ചിലപ്പോഴെങ്കിലും ഇത്തരം രോഗാണുക്കളെ യുദ്ധങ്ങളില്‍ ബയോ വെപ്പണുകളായും ഉപയോഗപ്പെടുത്തപ്പെടുന്നു. യുക്രൈന്‍ യുഎസ്എസ്ആര്‍ന്‍റെ ഭാഗമായിരുന്ന ശീതയുദ്ധകാലത്ത് ഇത്തരം നിരവധി ലാബുകള്‍ യുക്രൈനില്‍ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. യുദ്ധത്തില്‍ ഇത്തരം ലാബുകള്‍ ആക്രമിക്കപ്പെടുകയോ തകര്‍ക്കപ്പെടുകയോ ചെയ്താല്‍ രോഗകാരികളായ അണുക്കള്‍ പുറത്തെത്തുകയും മറ്റൊരു മഹാമാരിക്ക് കാരണമാകുമെന്നും ലോകം ഭയപ്പെടുന്നു. കൂടാതെ ബയോ ടെററിസം ആക്രമണങ്ങൾ ഒരു പകർച്ചവ്യാധിക്ക് കാരണമായേക്കാമെന്നതിനാൽ ആണ് ലോകാരോഗ്യ സംഘടന ഇപ്പോള്‍ യുക്രൈനിന് ജാഗ്രതാ നിർദ്ദേശം നല്‍കിയിരിക്കുന്നത്.
യുക്രൈനില്‍ റഷ്യ അക്രമണം കടുപ്പിച്ചതോടെ ജൈവ യുദ്ധത്തിന്റെ അല്ലെങ്കിൽ രാസായുധങ്ങളുടെ ഉപയോഗത്തിന്റെ ഭീഷണി ലോകത്ത് ഇന്ന് യഥാർത്ഥമാണ്. ഉക്രെയ്‌നും യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയും രാസായുധങ്ങൾ കൈവശം വച്ചിരിക്കുന്നുവെന്ന് റഷ്യ ആരോപിച്ചതോടെയാണ് ലോകത്ത് മറ്റൊരു ജൈവായുധ ഭീക്ഷണി സജീവമായത്. റഷ്യയുടെ ആരോപണം വൈറ്റ് ഹൗസ് കുറ്റാരോപണം തള്ളിക്കളഞ്ഞ് പകരം, റഷ്യക്ക് തന്നെ ഈ ആയുധങ്ങൾ ഉപയോഗിക്കാമെന്നും ഉക്രെയ്‌നിന്മേൽ കുറ്റം ചുമത്താമെന്നും യുഎസ് മുന്നറിയിപ്പ് നൽകി. യുദ്ധമേഖലയില്‍ ഇരുപക്ഷത്തും നടക്കുന്ന അപകടകരമായ കുതന്ത്രങ്ങൾ കണക്കിലെടുക്കുമ്പോൾ ലോകം ഉത്കണ്ഠയിലാണ്. സിറിയൻ യുദ്ധത്തിലും മറ്റും നാഡി ഏജന്റുകൾ പോലുള്ള ബയോകെമിക്കൽ ആയുധങ്ങൾ ഉപയോഗിച്ചതിന്റെ ട്രാക്ക് റെക്കോർഡ് റഷ്യക്കുണ്ട് എന്നത് ലോകത്തിന്‍റെ ഭയം ഇരട്ടിയാക്കുന്നു.