ചാരക്കേസിന്റെ കാണാചരടുകള്‍…
1994ല്‍ രാജ്യത്തെ പ്രത്യേകിച്ച് കേരളത്തെ പിടിച്ചുകുലുക്കിയ ഐഎസ്ആര്‍ഒ ചാരക്കേസിന്റെ കാണാചരടുകള്‍ അന്വേഷിച്ചു പോയാല്‍ തെളിയുന്നത് ചാരകഥകളേക്കാള്‍ ഞെട്ടിക്കുന്ന സംഭവപരമ്പരകളാണ്… അതില്‍, മനപൂര്‍വ്വം ഫ്രെയിം ചെയ്‌തെടുത്ത ഒരു തിരകഥ കാണാം. ആ തിരകഥയുടെ ആസൂത്രിതമായ നടത്തിപ്പു കാണാം. പീഡിപ്പിക്കപ്പെട്ട നിരപരാധികളുടെ കഥനകഥകള്‍ കാണാം. കള്ളകഥകള്‍ പടച്ചുവിട്ട് ജനവികാരം ഉയര്‍ത്താന്‍ അപസര്‍പ്പക കഥകള്‍ മെനഞ്ഞ നെറികെട്ട മാധ്യമ പ്രവര്‍ത്തനം കാണാം. വീണുകിട്ടിയ അവസരത്തെ മുതലെടുക്കുന്ന മുതലെടുപ്പു രാഷ്ട്രീയത്തിന്റെ നാണംകെട്ട നാള്‍വഴികള്‍ കാണാം. അതിലുപരി സാമ്പത്തിക നേട്ടത്തിനായി രാജ്യത്തെ ഒറ്റികൊടുത്ത് ഇന്നും കാണാമറയത്തിരുന്ന് രാജ്യത്തെ ജനങ്ങളുടെ നേരെ കൊഞ്ഞനം കുത്തുന്നവരെ കാണാം. നിരപരാധികളെ ക്രൂശിച്ചതിന്റെ കുറ്റബോധത്താല്‍ ക്ഷേത്രങ്ങളും ധ്യാനകേന്ദ്രങ്ങളും കയറിയിറങ്ങി ഒരിറ്റു മനശാന്തിക്കായി അലയുന്നവരെ കാണാം.
ഇതെല്ലാം അടക്കം ചെയ്ത ആ ചാരകഥയുടെ കബറിടത്തെ മൂടിയിരിക്കുന്ന കച്ച വലിച്ചുമാറ്റിയിരിക്കുകയാണ് സുപ്രീം കോടതിയുടെ വിധി. സുപ്രീം കോടതി അന്വേഷണത്തിന് നിയമിച്ച ജയിന്‍ കമ്മീഷന്റെ നിഷ്പക്ഷമായൊരു റിപ്പോര്‍ട്ട് പുറത്തു വരുന്നതോടെ തെളിയുവാന്‍ പോകുന്നത് രാജ്യം നാളിതുവരെ കാണുകയോ കേള്‍ക്കുകയോ ചെയ്യാത്ത കുതന്ത്രങ്ങളുടെ കഥകളായിരിക്കും. പൊതു താല്‍പര്യ ഹര്‍ജികളുടേയും മറ്റും പേരില്‍ കോടതി നടപടികളുടെ ഒരു പ്രളയമായിരിക്കും ഉണ്ടാകുവാന്‍ പോകുന്നത്. എന്നുവച്ചാല്‍ ഐഎസ്ആര്‍ഒ ചാരക്കേസില്‍ ഇന്നുവരെ കണ്ടതിനെ കവച്ചുവക്കുന്ന നടപടികള്‍. ഇത് മുന്‍കൂട്ടി കണ്ടിട്ടാണ് പരിണിതപ്രജ്ഞനായ നമ്പി നാരായണന്‍ ‘എനിക്ക് പ്രായമായി കോടിതി നടപടികള്‍ക്ക് ഇനി ഞാനില്ല ആര്‍ക്കുവേണമെങ്കിലും ഏറ്റെടുത്ത് മുന്നോട്ടു പോകാം’ എന്നു പറഞ്ഞത്.
1994 നവംമ്പര്‍ 30നാണ് നമ്പി നാരായണനെ ചാരക്കേസന്വേഷണത്തിന്റെ തലവനായിരുന്ന സിബിമാത്യൂസിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്യുന്നത്. ആ അറസ്റ്റ് പോലീസ് ഫ്രെയിം ചെയ്‌തെടുത്ത ഒരു തിരകഥയുടെ ബാക്കിപത്രമായിരുന്നുവെന്ന് സുപ്രീം കോടതി കണ്ടെത്തിയ സ്ഥിതിക്ക് ഇന്നുവരെ സത്യസന്ധനായ പോലീസ് ഉദ്യോഗസ്ഥന്‍ എന്ന് പേരുകേട്ട സിബിമാത്യൂസ് സംശയത്തിന്റെ നിഴലില്‍ എത്തുകയാണ്. കരുണാകര സര്‍ക്കാരിനെ പുറത്താക്കുവാനായി കരുണാകര വിരുദ്ധ ഗ്രൂപ്പ് സൃഷ്ടിച്ചെടുത്ത നാടകമായിരുന്നു ചാരക്കേസ് എന്ന വാദവും അടിസ്ഥാന രഹിതമാണ്. അതിലുമപ്പുറത്തേക്കാണ് ചാരകേസിന്റെ കാണാചരടുകള്‍ നീണ്ടു കിടക്കുന്നത്.
ഇന്ത്യന്‍ ക്രയോജനിക് വിദ്യയുടെ ഉപജ്ഞാതാവായിരുന്നു നമ്പിനാരായണന്‍. ഒരു പക്ഷെ ഐഎസ്ആര്‍ഒയുടെ തലപ്പത്തെത്താന്‍ യോഗ്യതയുള്ള ശാസ്ത്രജ്ഞന്‍. വന്‍ ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തെത്തിക്കണമെങ്കില്‍ ക്രയോജനിക് റോക്കറ്റ് സാങ്കേതിക വിദ്യ ഇന്ത്യ സ്വന്തമാക്കിയേ പറ്റൂ എന്ന് തിരിച്ചറിഞ്ഞ ശാസ്ത്രജ്ഞന്‍. അതിനുള്ള ഗവേഷണങ്ങള്‍ വിജയപ്രാപ്തിയിലെത്തിക്കുവാന്‍ ഗവേഷണങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു നമ്പിനാരായണന്റെ നേതൃത്വത്തിലുള്ള ഐഎസ്ആര്‍ഒയിലെ ഗവേഷകര്‍. ഇതിനിടയിലാണ് അശനിപാതം പോലെ ചാരക്കേസ് പൊട്ടിപുറപ്പെട്ടത്.
1991 ജനുവരി 18നായിരുന്നു ക്രയോജനിക് സാങ്കേതിക വിദ്യ ഇന്ത്യക്ക് കൈമാറുവാനുള്ള കരാറില്‍ ഐഎസ്ആര്‍ഒ റഷ്യന്‍ സ്‌പേയിസ് ഏജന്‍സിയായ ഗ്ലാവ്‌കോസ്‌മോസുമായി കരാറില്‍ ഒപ്പിടുന്നത്. 350 കോടി ഡോളറിന് ക്രയോജനിക് സാങ്കേതികവിദ്യയുടെ സേവനം മറ്റ് രാജ്യങ്ങള്‍ക്ക് വിറ്റ് പണമുണ്ടാക്കുവാനായി അമേരിക്കയുടെ നാസ തയ്യാറെടുക്കുന്ന സമയമായിരുന്നു അത്. ഇന്ത്യക്ക് ക്രയോജനിക് റോക്കറ്റിന്റെ സാങ്കേതിക വിദ്യ കൈമാറുന്നതില്‍ അമേരിക്കക്ക് ശക്തമായ ഏതിര്‍പ്പായിരുന്നു ഉണ്ടായിരുന്നത്. ഇന്ത്യയെപോലുള്ള ഒരു രാജ്യം ക്രയോജനിക് സാങ്കേതിക വിദ്യ സ്വന്തമാക്കുക എന്നത് ചിന്തിക്കുവാന്‍ പോലും ആകുന്നതിനപ്പുറമായിരുന്നു അമേരിക്കക്ക്.
ഐഎസ്ആര്‍ഒയുടെ ക്രയജനിക് ടെക്‌നോളജി ഡയറക്ടറായ നമ്പിനാരായണനും ഗ്ലാവ്‌കോസ്‌മോസിന്റെ ക്രയോജനിക് മേധാവിയായിരുന്ന പ്രൊ.ദുനൈവും തമ്മില്‍ ഒപ്പുവെച്ച കരാറിനെപറ്റിയറിഞ്ഞ അമേരിക്ക കരാര്‍ റദ്ദാക്കുന്നതിനായി റഷ്യയുടേമേല്‍ സമ്മര്‍ദ്ദം ചെലുത്തി. അമേരിക്കയെ ഭയന്ന റഷ്യ കരാര്‍ റദ്ദാക്കുവാന്‍ സമ്മതിക്കുവാന്‍ നിര്‍ബ്ബന്ധിതമായി. എന്നാല്‍ ഇന്ദിരാഗാന്ധിയുടെ കാലം മുതല്‍ ഇന്ത്യയുമായി സൈനിക വ്യാപാരകരാര്‍ ഉണ്ടായിരുന്ന റഷ്യആകട്ടെ ഇന്ത്യയുമായി ഒപ്പിട്ട ക്രയോജനിക് സാങ്കേതിക വിദ്യ കൈമാറ്റ കരാര്‍ റദ്ദാക്കുന്നതിനുമുമ്പുതന്നെ അതിന്റെ ഹാര്‍ഡ് വെയറുകള്‍ രഹസ്യമായി ഇന്ത്യക്ക് കൈമാറുവാന്‍ തയ്യാറായി. 1992 മെയില്‍ സാങ്കേതിക വിദ്യ കൈമാറ്റം റദ്ദാക്കുന്നതിനു മുമ്പുതന്നെ അതിന്റെ ബ്ലൂ പ്രിന്റ് നമുക്ക് ലഭിച്ചു കഴിഞ്ഞിരുന്നു.
ഇത് തിരിച്ചറിഞ്ഞ അമേരിക്കന്‍ ചാരസംഘടനയായ സിഐഎ ആയിരിക്കാം ഒരു പക്ഷെ എഎസ്ആര്‍ഒ ചാരക്കേസ് ഫ്രെയിം ചെയ്‌തെടുത്തത്. അതില്‍ നമ്മുടെ ഇന്റലിജന്‍സ് ബ്യൂറോയും സിബിഐയും കേരള പോലീസും അറിഞ്ഞോ അറിയാതെയോ വീണു പോയി എന്നത് വസ്തുതയാണ്. 1994 ഒക്‌ടോബറില്‍ ചാരക്കേസ് കത്തിപടരുവാന്‍ തുടങ്ങിയപ്പോള്‍ ശൈശവദശയിലായിരുന്ന ഇന്ത്യയുടെ ക്രയോജനിക് സാങ്കേതിക വിദ്യയിലുള്ള ഐഎസ്ആര്‍ഒയുടെ ഗവേഷണങ്ങള്‍ പൂര്‍ണ്ണമായും നിലച്ചു എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. പിന്നീട് 12 വര്‍ഷങ്ങള്‍ക്കു ശേഷം 2006ലാണ് ക്രയോജനിക് സാങ്കേതിക വിദ്യയില്‍ ആദ്യ പരീക്ഷണം നടത്തുവാന്‍ ഇന്ത്യക്കു കഴിഞ്ഞത്. ക്രയോജനിക് സാങ്കേതിക വിദ്യ പൂര്‍ണ്ണമായും ഇന്ത്യക്ക് സ്വന്തമാക്കുവാന്‍ പിന്നീട് ഒരു ദശകത്തിലേറെകാലം കാത്തിരിക്കേണ്ടി വന്നു എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. 2017 ജനുവരി 26ന് ജിഎസ്എല്‍വിയുടെ വിക്ഷേപണത്തോടെയാണ് ക്രയോജനിക് സാങ്കേതിക വിദ്യ പൂര്‍ണ്ണമായും നാം സ്വന്തമാക്കിയത്.
ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ മേഖലയുടെ വളര്‍ച്ചയെ രണ്ട് പതിറ്റാണ്ട് പിന്നോട്ടടിച്ച ഐഎസ്ആര്‍ഒ ചാരക്കേസില്‍ ചരടുവലിച്ചത് ആരെല്ലാമാണെന്നും അത് ആരുടെ ബുദ്ധിയില്‍ വിരഞ്ഞ തന്ത്രമായിരുന്നുവെന്നും കണ്ടെത്തണ്ട ഭാരിച്ച ചുമതലയാണ് ജയിന്‍ കമ്മീഷന് ഏറ്റെടുക്കുവാനുള്ളത്. അതോടൊപ്പം; ഇവിടെ കാര്യങ്ങള്‍ നീക്കിയ കരങ്ങളെ കണ്ടെത്തുവാനും കമ്മീഷനാകണം. ഇവിടെയാണ് സിബി മാത്യൂസ്, ഡിജിപി മധുസൂതനന്‍, രമണ്‍ ശ്രീ വാസ്തവ അടക്കമുള്ള മുന്‍ പോലീസ് മേധാവികളുടെ ഉറക്കം നഷ്ടപ്പെടുവാന്‍ പോകുന്നത്. താന്‍പോലും അറിയാതെ കാണാമറയത്തുള്ള നിയന്താക്കളുടെ കൈകളിലെ ചരടാവുകയായിരുന്നോ? അതോ അറിഞ്ഞുകൊണ്ട് ഗൂഢാലോചനയില്‍ ഭാഗബാക്കാവുകയായിരുന്നോ? അവസരം മൊതലാക്കുവാന്‍ ശ്രമിച്ച കോണ്‍ഗ്രസ്സിലെ ഗ്രൂപ്പുകളിയില്‍ അവര്‍ പങ്കുചേരുകയായിരുന്നോ? കണ്ടെത്തേണ്ടത് അന്വേഷണത്തിലാണ്.
പക്ഷെ, ഒരു കാര്യം സത്യമാണ്. കാലം പിന്നിട്ടപ്പോള്‍ കുറ്റബോധം പലരേയും അലട്ടികൊണ്ടേയിരിക്കുന്നു. അന്നത്തെ പോലീസിലെ ഒരു ഉന്നതന്‍ ധ്യാനകേന്ദ്രങ്ങളില്‍ ബൈബിള്‍ പ്രാസംഗികനായി പോയി ആത്മശാന്തി കണ്ടെത്തുകയാണ്. പക്ഷെ, ഇവിടേയും നിരവധി ആരോപണങ്ങളാണ് അദ്ദേഹത്തെ പറ്റി ഉയരുന്നത്. ആരാണെങ്കിലും കുറ്റവാളികളെ കണ്ടെത്തണം… ഓരോരുത്തരുടേയും പങ്ക് വെളിപ്പെടണം. അതിനായി പ്രഗത്ഭനായ ജസ്റ്റീസായിരുന്ന ജയിന്‍ കമ്മീഷനില്‍ വിശ്വാസമര്‍പ്പിച്ച് കാത്തിരിക്കുകയാണ് ഭാരതജനത.