രാഹുലിന് പകരക്കാരിയായി പ്രിയങ്ക വയനാട്ടിലേക്ക്…
റായിബറേലയിലും വയട്ടിലും മതസരിച്ചു വിജയിച്ച രാഹുല്‍ ഗാന്ധി റായ്ബറേലി മണ്ഡലം നിലനിര്‍ത്താന്‍ തീരുമാനിച്ചെങ്കിലും വയനാടിനെ കൈവിടില്ല. താന്‍ ഒഴിയുന്ന വയനാട് മണ്ഡലത്തില്‍ സഹോദരി പ്രിയങ്ക ഗാന്ധി മത്സരിപ്പിച്ച് രണ്ട് മണ്ഡലങ്ങളിലെയും വോട്ടർമാരെ തൃപ്തിപ്പെടുത്തുകയാണ് ഗാന്ധി കുടുംബം. വയനാട്ടിലെ മുഴുവൻ ജനങ്ങളും സ്നേഹം നൽകിയെന്ന് രാഹുൽ ഗാന്ധി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സഹോദരന്‍റെ അസാന്നിധ്യം അറിയിക്കാതെ താന്‍ വയനാടിന് കാവലാകുമെന്ന് പ്രിയങ്ക ഗാന്ധിയും പറഞ്ഞു. രാഹുല്‍ ഗാന്ധി റായ്ബറേലിക്ക് പോകുമ്പോള്‍ വയനാടിനെ ഗാന്ധി കുടുംബം ഉപേക്ഷിച്ചുവെന്ന് ആക്ഷേപങ്ങള്‍ക്ക് തടയിടുകയാണ് പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കാനുള്ള തീരുമാനത്തിലൂടെ ഗാന്ധികുടുംബം.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ റായ്ബറേലി സീറ്റ് രാഹുൽ നിലനിര്‍ത്താനായിരുന്നു ഇന്ന് ചേര്‍ന്ന കോൺഗ്രസിൻ്റെ ഉന്നതതല നേതൃയോഗം തീരുമാനിച്ചു. വൈകീട്ട് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു തീരുമാനം. രാഹുല്‍ ഗാന്ധി ഏത് മണ്ഡലം നിലനിര്‍ത്തുമെന്നതിലെ അവസാന വട്ട ചര്‍ച്ചകള്‍ക്ക് വേണ്ടിയാണ് യോഗം ചേര്‍ന്നത്. രണ്ട് മണിക്കൂറോളം നീണ്ട യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട ഖര്‍ഗെ, രാഹുല്‍ ഗാന്ധി വയനാട് വിട്ട് റായ്ബറേലിയില്‍ തുടരും എന്ന് അറിയിച്ചു. ഇരട്ടി മധുരമുള്ള മറ്റൊരു തീരുമാനമുണ്ടെന്നറിയിച്ച് പ്രിയങ്ക ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വയനാട് ഒഴിയാനുള്ള തീരുമാനം കടുത്തതായിരുന്നുവെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. രണ്ടിടത്തെയും വോട്ടര്‍മാര്‍ക്ക് സ്വീകാര്യമായ തീരുമാനം വരുമെന്ന് താന്‍ മുന്‍പ് പറഞ്ഞ കാര്യം ഓര്‍മ്മപ്പെടുത്തിയ രാഹുല്‍ ഗാന്ധി, പ്രിയങ്കക്കൊപ്പം വയനാട്ടില്‍ താനുമുണ്ടായിരിക്കുമെന്നും വയനാടിന് ഇനി 2 എംപിമാരുണ്ടാകുമെന്നും പറഞ്ഞു. ഇതാദ്യമായാണ് പ്രിയങ്ക ഗാന്ധി ഒരു തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. കര്‍ണാടകവുമായും തമിള്‍നാടുമായും അതിര്‍ത്തി പങ്കിടുന്ന വയനാടിനെ തന്‍റെ കന്നി അങ്കത്തിനായി പ്രിയങ്ക ഗാന്ധി തിരഞ്ഞെടുത്തതിലൂടെ വയനാട് വീണ്ടും ദേശീയശ്രദ്ധ ആകര്‍ഷിക്കുകയാണ്.
ഗാന്ധി കുടുംബത്തില്‍ നിന്ന് പ്രിയങ്ക കൂടി പാര്‍ലമെന്‍റിലെത്തുന്നതിലൂടെ പ്രതിപക്ഷ നിരയും ഇന്‍ഡ്യ മുന്നണിയും കൂടുതല്‍ ശക്തമാകും. സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ചുമതലയുമായി തന്‍റെ സാന്നിധ്യമറിയിച്ച പ്രിയങ്ക ഗാന്ധി, 2019ലാണ് സജീവ രാഷ്ട്രീയത്തില്‍ എത്തുന്നത്. കിഴക്കന്‍ ഉത്തര്‍ പ്രദേശിന്‍റെ ചുമതല ആദ്യം വഹിച്ച പ്രിയങ്ക പിന്നീട് ഉത്തര്‍ പ്രദേശിന്‍റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി. മലപ്പുറം ജില്ലയിലെ മൂന്ന് നിയമസഭാ മണ്ഡലവും കോഴിക്കോട് ജില്ലയിലെ ഒരു മണ്ഡലവും വയനാട് ജില്ലയിലെ മൂന്ന് മണ്ഡലവും ഉള്‍പ്പെടുന്ന വയനാട് ലോക്‌സഭാ മണ്ഡലം രൂപം കൊണ്ടതു മുതല്‍ കോണ്‍ഗ്രസ്സിന്‍റെ കുത്തക സീറ്റായിരുന്നു.