ബിഷപ്പ് ഫ്രാങ്കോയുടെ അറസ്റ്റിനുള്ള സാധ്യത വിരളം…?

Print Friendly, PDF & Email

ചോദ്യം ചെയ്യുവാനായി ഒമ്പതാം തീയതി കേരളത്തില്‍ എത്തണമെന്ന് കേരള പോലീസ് ബിഷപ്പ് ഫ്രാങ്കോയോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അദ്ദേഹത്തെ അന്ന് അറസ്റ്റ് ചെയ്യുവാനുള്ള സാധ്യത തുലോം വിരളമാണെന്ന് സൂചന. ഫ്രാങ്കോയെ അന്നേദിവസം അറസ്റ്റ് ചെയ്യുകയില്ല എന്ന വ്യക്തമായ ഉറപ്പ് കേരള പോലീസ് ഫ്രാങ്കോയിക്ക് നല്‍കിയതിനാലാണ് ഫ്രാങ്കോ ചോദ്യം ചെയ്യലിനു ഹാജരാകുവാന്‍ കേരളത്തിലേക്ക് പുറപ്പെടുവാന്‍ തയ്യാറെടുക്കുന്നത്.

കേരള ആഭ്യന്തരവകുപ്പിന്റെ ഉന്നത നേതൃത്വം ഫ്രാങ്കോയുടെ അറസ്റ്റിന് ഒരു തരത്തിലും അനുകൂലമല്ലാത്ത സാഹചര്യത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ഫ്രാങ്കോയുടെ അറസ്റ്റിന് വിമുഖതകാണിക്കുന്നത്. ഫ്രാങ്കോയുടെ അറസ്റ്റ് ഉണ്ടാവില്ല എന്ന് കേരള ആഭ്യന്തരവകുപ്പില്‍ നിന്ന് കൃത്യമായ ഉറപ്പ് സഭക്ക് ലഭിച്ചിട്ടുണ്ടെന്ന വിവരമാണ് പുറത്തു വരുന്നത്. അതിനാലാണ് ബിഷപ്പ് കേരളത്തിനു പുറത്തു പോകുന്ന സാഹചര്യങ്ങളിലെ സാധാരണ നടപടിക്രമമായ ഭരണചുമതല താത്കാലികമായി കൈമാറി കേരളത്തിലേക്കു വരുകയും ചോദ്യം ചെയ്യലിനു തയ്യാറാവുകയും ചെയ്യുന്നത്. താന്‍ നിരപരാധിയാണെന്നും അത് പോലീസിനെ ബോധിപ്പിക്കുവാന്‍ തനിക്ക് കഴിഞ്ഞു അതിനാലാണ് പോലീസ് തന്നെ അറസ്റ്റ് ചെയ്യാന്‍ തയ്യാറാകാത്തതെന്നും അവകാശപ്പെട്ടുകൊണ്ട് പൂര്‍വ്വാധികം ശക്തിയോടെ ജലന്തറിലെ രാജകുമാരനായി വാഴാം എന്ന കണക്കുകൂട്ടലിലാണ് ഫ്രാങ്കോ.

മെതാന്മാരുടെ പേരില്‍ നടപടിയെടുക്കുവാന്‍ തങ്ങള്‍ക്ക് അധികാരമില്ലന്നും സിവില്‍ നിയമത്തില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലന്നും പോലീസ് നടപടി ഉണ്ടായാല്‍ സഭാനടപടികളുണ്ടാകുമെന്നും കത്തോലിക്ക ബിഷപ്പ് കോണ്‍ഫ്രന്‍സിന്റെ പ്രസ്താവനയും ഫ്രാങ്കോയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായിട്ടുണ്ടായതാണെന്ന് കരുതപ്പെടുന്നു. വത്തിക്കാന്റെ ഇടപെടല്‍ ഉണ്ടാകുമെന്ന പ്രചാരണം നടത്തി സമരം തണിപ്പിക്കുവാനുള്ള നീക്കമാണ് സഭാനേതൃത്വം നടത്തിവരുന്നത്. ഒരു പരാതി ലഭിച്ചാല്‍ വ്യക്തമായ അന്വേഷണം നടത്തുന്ന വത്തിക്കാന്‍ ഇതുവരെ പരാതിക്കാരിയുടെ പക്കല്‍ നിന്ന് യാതൊരുവിധ വിശദീകരണവും ചോദിച്ചിട്ടില്ല എന്നത് വത്തിക്കാന്റെ പരിഗണനയില്‍ ഈ വിഷയം ഇതുവരെയും എത്തിയിട്ടുണ്ടോ എന്ന സംശയമാണ് ഉയര്‍ത്തുന്നത്.
അതേ സമയം തന്നെ ഫ്രങ്കോയെ പോറല്‍ പോലും ഏല്‍പ്പിക്കാതെ രക്ഷപ്പെടുത്തുവാനുള്ള വൃത്തികെട്ട നീക്കം സഭാ നേതൃത്വം ശക്തമാക്കിയിരിക്കുകയാണ്. അതിനായി കൊച്ചി കേന്ദ്രമായി ഒരു വാര്‍റൂം തന്നെ സഭാ നേതൃത്വം തുറന്നതായിട്ടാണ് അറിയുന്നത്. ഡല്‍ഹിയും ബാംഗ്ലൂരുമടക്കമുള്ള നഗരങ്ങളിലും ഫ്രങ്കോയെ രക്ഷിക്കുവാനുള്ള ഉപചാപങ്ങള്‍ ശക്തമായി നടന്നുവരുന്നു.

കോട്ടയം ജില്ലയില്‍ സുനാമി ഉണ്ടായെന്ന പേരില്‍ വിദേശങ്ങളില്‍ പണപ്പിരിവു നടത്തിയ ഒരു മെത്രാനാണ് കേരളത്തില്‍ ഫ്രാങ്കോയെ രക്ഷിച്ചെടുക്കുവാനുള്ള ഉപചാപങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. അദ്ദേഹത്തിന്റെ വിശ്വസ്തനും ചാണക്യ ബുദ്ധിയുള്ള ബെംഗളൂരുവിലെ മലയാളിയായ ഒരു കോണ്‍ഗ്രസ് നേതാവിന്റെ നേതൃത്വത്തില്‍ നടത്തിയ ശ്രമങ്ങളുടെ ഫലമായി ഡല്‍ഹിയില്‍ നിന്നുണ്ടായ ശക്തമായ നിര്‍ദ്ദേശത്തിനെ തുടര്‍ന്നാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വായ് മൂടപ്പെട്ടിരിക്കുന്നത്. സഭ എന്നൊക്കെ പ്രതിസന്ധിയിലകപ്പെട്ടിട്ടുണ്ടോ അന്നെല്ലാം പ്രതിസന്ധി പരിഹാരത്തിനായി മുന്നിട്ടിറങ്ങുന്ന സഭാ നേതൃത്വത്തോട് അടുത്ത ബന്ധം പുലര്‍ത്തുന്ന ഈ രാഷ്ട്രീയ നേതാവിന്റെ നേതൃത്വത്തിലായിരുന്നു കര്‍ദ്ദിനാള്‍ ആലഞ്ചേരി നടത്തിയ ഭൂമിയിടപാട് പ്രശ്‌നം നിശബ്ദമാക്കുവാന്‍ കരുക്കള്‍ നീക്കിയിരുന്നത്. ഫ്രാങ്കോയെ സംരക്ഷിക്കുവാനായി ശക്തമായ കരുനീക്കങ്ങളുമായി അദ്ദേഹവും ഇപ്പോള്‍ സജീവമായി രംഗത്തുണ്ട്.

ബിജെപി കേന്ദ്രനേതൃത്വവുമായും ഫ്രാങ്കോക്ക് ശക്തമായ ബന്ധമാണുള്ളത്. കേന്ദ്ര സംസ്ഥാന ഗവര്‍മ്മെന്റുകളും കേന്ദ്രത്തിലേയും കേരളത്തിലേയും ഭരണ പ്രതിപക്ഷ കക്ഷികളും ഫ്രാങ്കോയെ രക്ഷിക്കുവാനുള്ള നിലപാട് ശക്തമായി എടുക്കുമ്പോള്‍ ഫ്രാങ്കോയെ അറസ്റ്റ് ചെയ്യുവാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തയ്യാറാവില്ല എന്ന ആത്മ വിശ്വാസത്തിലാണ് ഫ്രാങ്കോയും അനുചരന്മാരും.

 • 9
 •  
 •  
 •  
 •  
 •  
 •  
  9
  Shares