വീട്ടുജോലി ചെയ്യിപ്പിച്ചതിനു പരാതി പറഞ്ഞ പോലീസ് ഡ്രൈവറെ എഡിജിപിയുടെ മകള്‍ മര്‍ദ്ദിച്ച സംഭവം: കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി
വീട്ടുജോലി ചെയ്യിപ്പിച്ചപ്പോള്‍ പരാതി പറഞ്ഞതിന് എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ സ്‌നിഗ്ദ പൊലീസ് ഡ്രൈവറായ ഗവാസ്‌കറെ മര്‍ദ്ദിച്ച സംഭവത്തെ അതീവഗുരുതരമായി കാണുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിന്റെ വിശദാംശം ആരായാന്‍ ദക്ഷിണ മേഖലാ എഡിജിപി അനില്‍കാന്തിനെ മുഖ്യമന്ത്രി വിളിച്ചുവരുത്തിയിരുന്നു. പോലീസ് ഡ്രൈവര്‍ ഗവാസ്‌കറുടെ ഭാര്യ രേഷ്മ മുഖ്യമന്ത്രിയെ കണ്ട് പരാതി കൊടുത്തിരുന്നു.
ഉന്നത പൊലിസ് ഉദ്യോഗസ്ഥരുടെ വീട്ടില്‍ ജോലിക്കുള്ള പൊലിസുകാരുടെ വിവരങ്ങള്‍ ഹാജരാക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹറയ്ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. എഡിജിപിയുടെ വീട്ടില്‍ അടിമപ്പണിയാണെന്ന എഡിജിപിയുടെ വീട്ടില്‍ അടിമപ്പണിയാണെന്ന ഡ്രൈവറുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് നടപടി.എത്ര ഉന്നതനായാലും കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കേസിന്റെ അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന് നല്‍കിയിരിക്കുകയാണ്. ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ എസിപി പ്രതാപനാണ് അന്വേഷണ ചുമതല.
എഡിജിപി സുധേഷ് കുമാര്‍ ജീവനക്കാരെക്കൊണ്ട് വീട്ടുവേല ചെയ്യിപ്പിക്കുന്നുവെന്നായിരുന്നു ഗവാസ്‌കറുടെ പരാതി. വീട്ടില്‍ ഡൂട്ടിയുള്ള പോലീസുകാരെ കൊണ്ട് മീന്‍മേടിപ്പിക്കല്‍ ചെരിപ്പ് വൃത്തിയാക്കല്‍, തുടങ്ങിയ പണികളും ചെയ്യിക്കുമെന്നും അദ്ദേഹം പറഞ്ഞു. നായയെ കുളിപ്പിക്കാന്‍ വരെ നിര്‍ബന്ധിപ്പിക്കും. ഇതിന് തയാറാകത്തവരെ ഭാര്യയും മകളും ചേര്‍ന്ന് ചീത്തവിളിക്കും. മകളുടെ മുന്നില്‍ വെച്ച് ചിരിച്ചെന്ന് ആരോപിച്ച് തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നും ഡ്രൈവര്‍ പറഞ്ഞു. ഇതിനിടെ എഡിജിപിയുടെ പട്ടിക്കായി മീന്‍ വറുക്കാന്‍ പോലീസ് ക്യാംപിലെത്തിയ പോലീസുകാരനെ മറ്റുള്ളവര്‍ തടഞ്ഞതോടെ എഡിജിപിയുടെ വീട്ടില്‍ ദാസ്യപണി ചെയ്യിക്കുന്നുവെന്നതിനു തെളിവും പുറത്തായി. പോലീസുകാരെ വിട്ട് പട്ടിക്ക് മീന്‍ വാങ്ങിക്കുന്നത് പതിവാണന്ന് എഡിജിപിയുടെ വീട്ടില്‍ ഡ്യൂട്ടിക്കുണ്ടായിരുന്ന മറ്റു പോലീസുകാരും സമ്മതിച്ചു. പരാതി പിന്‍വലിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ സമര്‍ദം ചെലുത്തിയെന്നും തന്റെ നിരപരാധിത്വം കോടതിയില്‍ തെളിയിക്കുമെന്നും ഗവാസ്‌കര്‍ പറഞ്ഞു.
എഡിജിപിയുടെയും കുടുംബത്തിന്റെയും പീഡനത്തിനെതിരെ പൊലീസ് അസോസിയേഷന്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു. ദാസ്യപ്പണി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പരാതി നല്‍കിയത്. ഡ്രൈവറെ മര്‍ദിച്ച കേസില്‍ സത്യസന്ധമായ അന്വേഷണം നടത്തണമെന്നും ഡ്രൈവര്‍ ഗവാസകറുടെ ഭാഗത്താണ് സത്യമെന്നും അസോസിയേഷന്‍ പറഞ്ഞിരുന്നു.
ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന എഡിജിപിയുടെ മകളുടെ പരാതിയും അന്വേഷിക്കും. എഡിജിപിയുടെ മകളുടെയും പരാതിയില്‍ അസഭ്യം പറയല്‍ സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഗവാസ്‌കറുടെ പേരില്‍ കേസെടുത്തരിക്കുന്നത്.

