സങ്കടങ്ങള്‍ക്കു വിട. ഫീനിക്‌സ് പക്ഷിയായി നീനു.

Print Friendly, PDF & Email

കെവിന്റെ ജീവനറ്റ ശരീരംകണ്ട്, കെവിന്റെ അച്ഛനെ കെട്ടിപ്പിടിച്ച് അലറിക്കരഞ്ഞു തളര്‍ന്ന പെണ്‍കുട്ടി ഒരു ഫീനിക്‌സ് പക്ഷിയായി, നഷ്ടങ്ങളുടെ ചാമ്പലില്‍നിന്ന് പറന്നുയരുന്ന കാഴചക്കാണ് കേരളം ഇന്നലെ സാക്ഷ്യം വഹിച്ചത്.

പ്രണയിച്ചതിന്റെ പേരില്‍ തന്റെ മാതാപിതാക്കളും സഹോദരനും ചേര്‍ന്ന് മരണം വിധിച്ച കെവിന്‍ കൊല്ലപ്പെട്ടതിന്റെ 17ാം ദിവസമായിരുന്നു ഇന്നലെ. രാവിലെ  തന്നെ എണീറ്റ് പ്രാര്‍ത്ഥിച്ചു, പിന്നെ കെവിന്റെ ചിത്രത്തിനു മുന്നില്‍ ഇത്തിരി നേരം. കെവിന്റെ ചേച്ചി കൊടുത്ത ഡ്രസ്സ് ധരിച്ചു കഴിഞ്ഞപ്പോഴേക്കും അമ്മ മേരി പൊതിച്ചോറുമായെത്തി. അതു വാങ്ങുമ്പോഴും എന്തിനെന്നറിയാതെ ഒന്നു വിതുമ്പി. അച്ഛന്റെ ബൈക്കിനു പിന്നില്‍ കയറി ആദ്യമായി പുറംലോകത്തേക്ക്..

കെവിന്റെ മരണം കഴിഞ്ഞ ശേഷം ആദ്യമായാണ് നീനു പുറം ലോകത്തേക്കു ഇറങ്ങുന്നത്. ഗാന്ധി നഗര്‍ പോലീസ് സ്‌റ്റേഷനിലോട്ടായിരുന്നു. എസ്പിയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു അത്. പിന്നീട് കോളജിലേക്ക്. നീനു എത്തുന്നത് ക്ലാസിലെ കൂട്ടുകാരികള്‍ കാത്തിരിക്കുകയാണെന്ന് അറിയിച്ചിരുന്നു. അവരുടെ വിളികളാണ് അവളെ വീണ്ടും കാമ്പസ്സിലേക്ക് നയിച്ചതും..

ജോസഫ് നീനൂവുമായി നേരെപോയി പ്രിന്‍സിപ്പലിനെ കണ്ടു. എല്ലാവരും നിറഞ്ഞ മനസ്സോടെ നീനുവിനെ സ്വീകരിച്ചു. പഠനം തുടരാന്‍ എന്തു സഹായവും വാഗ്ദാനം ചെയ്തു. ഒപ്പമുണ്ടെന്ന ധൈര്യപ്പെടുത്തല്‍..പിന്നെ കൂട്ടുകാരികള്‍ക്കു നടുവിലേക്ക് തികഞ്ഞ ആത്മവിശ്വാസത്തോടെ അവള്‍ നടന്നുചെന്നു.

മുറിവുകള്‍ മറക്കാന്‍ എല്ലാവരും പറയുമ്പോഴും ഓര്‍മകളില്‍ അവള്‍ പിടഞ്ഞു. ജോസഫും മേരിയും കെവിന്റെ സഹോദരി കൃപയും അവള്‍ക്കു താങ്ങായി. പഠിക്കാനും ജീവിതത്തെ നേരിടാനും അവരാണ് കരുത്തു പകര്‍ന്നത്. ഇനി സിവില്‍ സര്‍വീസ് കോച്ചിംഗ് പുനരാരംഭിക്കണം.

അവള്‍ പഠിക്കട്ടെ അതിനായി ഞങ്ങള്‍ക്ക് ആവുന്നത് ചെയ്തു കൊടുമെന്ന് ജോസഫിന്റെ ഉറച്ച വാക്കുകള്‍. കെവിന്റെ കുടുംബത്തിന് സ്ഥലം വാങ്ങാന്‍ ആറ് ലക്ഷം രൂപയും വീട് വയ്ക്കുന്നതിന് നാല് ലക്ഷം രൂപയും സര്‍ക്കാര്‍ പ്രഖ്യാപിച്ചതും കുടുംബത്തിന് ആശ്വാസമായി.നീനുവിന്റെ തുടര്‍ പഠനത്തിന് ധനസഹായം നല്‍കാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.

 • 6
 •  
 •  
 •  
 •  
 •  
 •  
  6
  Shares